ഇറാനിൽ നിന്ന് വധഭീഷണിയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതായി മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു ട്രംപിന്‍റെ വെളിപ്പെടുത്തല്‍. മുൻ പ്രസിഡന്‍റിനെ ആക്രമിക്കുക എന്നാല്‍ സ്വയം കുഴിതോണ്ടുന്ന പരിപാടി ആണെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി. ഇതാദ്യമായല്ല ലോകമറിയുന്ന നേതാക്കള്‍ക്ക് നേരെ വധഭീഷണി ഉയരുന്നതും ശ്രമങ്ങള്‍ നടക്കുന്നതും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അത്തരം ചില സംഭവങ്ങളിതാ...
- വോളോഡിമിർ സെലെൻസ്‌കി: 2024 മെയ് മാസത്തിൽ യുക്രേനിയന്‍ പ്രസിഡന്‍റ് വോലോഡിമിർ സെലെൻസ്‌കിയെയും മറ്റ് ഉന്നത യുക്രേനിയൻ ഉദ്യോഗസ്ഥരെയും വധിക്കാനുള്ള റഷ്യൻ ഗൂഢാലോചന പരാജയപ്പെടുത്തിയതായി യുക്രേനിയൻ സുരക്ഷ സര്‍വീസ് (എസ്‌ബിയു) പറഞ്ഞു. 2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചത് മുതൽ സെലെൻസ്‌കിയെ വധിക്കാനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ട്.
- വ്‌ളാദാമിർ പുടിൻ: തനിക്ക് നേരെ ഉണ്ടായ അഞ്ചോളം വധശ്രമങ്ങളെ അതിജീവിച്ചതായി റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദാമിർ പുടിൻ വെളിപ്പെടുത്തിയിരുന്നു. 2017-ൽ ആയിരുന്നു പുടിന്‍റെ വെളിപ്പെടുത്തല്‍.
- കിം ജോങ് ഉൻ: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ വധിക്കാൻ സിഐഎയും ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗവും ശ്രമിച്ചെന്ന് ഉത്തരകൊറിയയുടെ സുരക്ഷ മന്ത്രാലയം ആരോപിച്ചിരുന്നു. 2017 മാർച്ചിലായിരുന്നു സംഭവം.
- സദ്ദാം ഹുസൈൻ: 2003 മാർച്ച് 20 ന് അതിരാവിലെ ഒരു ക്രൂയിസ് മിസൈൽ ആക്രമണത്തിലൂടെ സദ്ദാം ഹുസൈനെ വധിക്കാന്‍ യുഎസ് ശ്രമിച്ചിരുന്നു. ഇറാഖിലേക്കുള്ള യുഎസ് - ബ്രിട്ടീഷ് അധിനിവേശത്തിന്‍റെ ആദ്യ ഘട്ടമാണ് ഈ ആക്രമണം എന്നായിരുന്നു സംഭവത്തില്‍ അന്നത്തെ പ്രസിഡന്‍റ് ജോർജ്ജ് ബുഷ് പ്രതികരിച്ചകത്.
- സ്ലോബോഡൻ മിലോസെവിച്ച്: 1999 ലെ നാറ്റോ ബോംബിങ് കാമ്പെയ്‌നിനിടെ സെര്‍ബിയന്‍ പ്രസിഡന്‍റ് സ്ലോബോഡൻ മിലോസെവിച്ചിനെ യുഎസ് ലക്ഷ്യം വെച്ചിരുന്നു. അദ്ദേഹത്തിന്‍റെ വില്ലയ്ക്ക് നേരെ മൂന്ന് ലേസർ ബോംബുകളാണ് അന്ന് പതിച്ചത്. തലനാരിഴയ്‌ക്കാണ് അന്ന് മിലോസെവിച്ച് രക്ഷപ്പെടുന്നത്.
- മുഅമ്മർ ഗദാഫി: 1986-ൽ ബെർലിനിൽ ലിബിയൻ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ ലിബിയന്‍ പ്രസിഡന്‍റ് മുഅമ്മർ ഗദ്ദാഫിയെ വധിക്കാന്‍ യുഎസ് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഗദ്ദാഫിയുടെ വസതിയിലടക്കം യുഎസ് ജെറ്റുകളും ബോംബുകളും വര്‍ഷിച്ചു. അന്നത്തെ ആക്രമണത്തില്‍ ഗദ്ദാഫിയുടെ ദത്തുപുത്രിയായ കുഞ്ഞ് കൊല്ലപ്പെട്ടു.
- ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് സുകാർണോ: ശീതയുദ്ധകാലത്ത് സുക്കാർണോയെ വധിക്കാൻ സിഐഎ പദ്ധതിയിട്ടിരുന്നതായി 1975-ലെ ഒരു രഹസ്യ രേഖ പറയുന്നു. സുകാർണോയെ വധിക്കാനുള്ള ശ്രമത്തിന്‍റെ സാധ്യതയെക്കുറിച്ച് സിഐഎയ്ക്കുള്ളിൽ ചർച്ച നടന്നിട്ടുണ്ടെന്ന് അന്ന് സിഐഎ പ്ലാൻസ് ഡെപ്യൂട്ടി ഡയറക്‌ടറായിരുന്ന റിച്ചാർഡ് ബിസെൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 1970-ലെ സുകാര്‍ണോയുടെ മരണവുമായി സിഐഎയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് റിച്ചാർഡ് ബിസെൽ ഉറപ്പിച്ചു പറയുന്നു. വീട്ടുതടങ്കലിലിരിക്കെ ആരോഗ്യ സ്ഥിതി വഷളായതിനെത്തുടര്‍ന്നാണ് സുകാർണോ മരിക്കുന്നത്.
- പ്രിൻസ് നൊറോഡോം സിഹാനൂക്ക്: 1960 കളുടെ തുടക്കത്തിൽ കമ്പോടിയന്‍ ഭരണാധികാരിയായിരുന്ന പ്രിൻസ് നൊറോഡോം സിഹാനൂക്കിനെ വധിക്കാന്‍ സിഐഎ നിരവധി പദ്ധതികൾ തയ്യാറാക്കിയതായി അന്നത്തെ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സൺ അവകാശപ്പെട്ടു. 1970-ല്‍ ഒരു അട്ടിമറിയിലൂടെയാണ് അദ്ദേഹം സ്ഥാനഭ്രഷ്‌ടനാക്കപ്പെടുന്നത്.
- സാൽവഡോർ അലൻഡെ: ചിലെയുടെ പുതിയ ഇടത് പക്ഷ പ്രസിഡന്‍റിന്‍റെ വധം സിഐഎ നടത്തിയതാണെന്നത് നിഷേധിക്കാനാകില്ലെന്ന് 1970-ൽ പ്രസിഡന്‍റ് നിക്‌സൺ വ്യക്തമാക്കിയിരുന്നു. 1973-ലെ അട്ടിമറിയിലാണ് അലൻഡെ കൊല്ലപ്പെട്ടത്.
- Ngô Đình Diệm, ദക്ഷിണ വിയറ്റ്നം പ്രസിഡന്‍റ്: 1963 നവംബർ 2-ന്, ദക്ഷിണ വിയറ്റ്നാം പ്രസിഡന്‍റായ Ngô Đình Diệm-നെ സിഐഎയുടെ പിന്തുണയോടുകൂടിയ ഒരു അട്ടിമറിയിൽ അറസ്‌റ്റ് ചെയ്യുകയും വധിക്കുകയും ചെയ്‌തു. ജനറൽ വോമിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു അട്ടിമറി.
- റാഫേൽ ട്രുജില്ലോ: ഐസൻഹോവറിന്‍റെയും കെന്നഡിയുടെയും ഭരണകൂടങ്ങൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ഏകാധിപതി റാഫേൽ ട്രുജില്ലോയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു. 1961-ൽ ഒരു കൂട്ടം വിമതർ റാഫേൽ ട്രുജില്ലോയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
- കോംഗോ പ്രസിഡന്‍റ് പാട്രിസ് ലുമുംബ: കോംഗോയുടെ പ്രഥമ പ്രധാനമന്ത്രി പാട്രിസ് ലുമുംബയെ വധിക്കാൻ 1960-ൽ ഐസൻഹോവർ ഉത്തരവിട്ടിരുന്നു. ഇതിനായി സിഐഎ മേധാവി അലൻ ഡള്ളസ്, ഒരു സിഐഎ ശാസ്‌ത്രജ്ഞനെ മാരകമായ വൈറസുമായി കോംഗോയിലേക്ക് അയക്കുകയായിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ലുമുംബയെ പുറത്താക്കി. പിന്നീട് സിഐഎയുടെ സഹായത്തോടെ ലുമുംബയെ പിടികൂടുകയും വിമത സേന വധിക്കുകയുമായിരുന്നു.
- ഫിദൽ കാസ്‌ട്രോ: 1960-നും 1965-നും ഇടയിൽ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ സിഐഎ നിരവധി ഗൂഢാലോചനകൾ നടത്തിയിരുന്നു. മാരക പ്രഹര ശേഷിയുള്ള റൈഫിളുകള്‍ മുതല്‍ വിഷ ഗുളിക, വിഷം പുരട്ടിയ പേന, മാരകമായ ബാക്‌ടീരിയൽ പൊടികൾ തുടങ്ങി നിരവധി പദ്ധതികളാണ് അന്ന് ആസൂത്രണം ചെയ്യപ്പെട്ടതെന്ന് ചർച്ച് റിപ്പോർട്ട് പറയുന്നു. കാസ്‌ട്രോയ്‌ക്കെതിരെ എട്ട് വധശ്രമങ്ങൾ നടന്നത്തിയതായാണ് യുഎസ് പറയുന്നത്. എന്നാല്‍ ഫിദല്‍ കാസ്‌ട്രോയ്ക്ക് നേരെ നൂറോളം വധശ്രമങ്ങള്‍ നടന്നതായാണ് ക്യൂബയുടെ വെളിപ്പെടുത്തല്‍.
1970-കളിലെ യുഎസ് സെനറ്റ് അന്വേഷണം സിഐഎയുടെ ആസൂത്രിത കൊലപാതകത്തിന്‍റെ വ്യാപ്‌തി തുറന്നുകാട്ടിയിരുന്നു. റിപ്പോര്‍ട്ട്, അത്തരം കൊലപാതകങ്ങളിൽ നിന്ന് പിന്മാറാൻ സിഐഎയെ നിർബന്ധിതരായി. അന്വേഷണത്തെ തുടർന്ന് 1976-ൽ അന്നത്തെ പ്രസിഡന്‍റ് ജെറാൾഡ് ഫോർഡ്, യുണൈറ്റഡ് സ്‌റ്റേറ്റ്സ് സർക്കാരിലെ ഒരു ജീവനക്കാരനും രാഷ്‌ട്രീയ കൊലപാതകത്തിൽ ഏർപ്പെടുകയോ ഗൂഢാലോചന നടത്തുകയോ ചെയ്യരുതെന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. എങ്കിലും അമേരിക്ക ഇത്തരം കൊലപാതകങ്ങള്‍ അവസാനിപ്പിച്ചിരുന്നില്ല. കൊലപാതകം എന്ന പദം മാറ്റി 'ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങൾ' (ടാര്‍ഗറ്റഡ് കില്ലിങ്സ്) എന്ന പേര് മാറ്റം മാത്രമാണ് ആകെയുണ്ടായ മാറ്റം. മറ്റ് രാജ്യങ്ങളുടെ പ്രസിഡന്‍റുമാരെ ലക്ഷ്യംവെച്ചുള്ള വ്യോമാക്രമണങ്ങള്‍, തീവ്രവാദി നേതാക്കൾക്കെതിരെയുള്ള ഡ്രോൺ ആക്രമണം തുടങ്ങി അമേരിക്കയുടെ കൊലപാതങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
യുഎസ് നടത്തിയ ചില കുപ്രസിദ്ധ കൊലപാതകങ്ങൾ
- ഒസാമ ബിൻ ലാദന്‍ വധം: ഇസ്‌ലാമിസ്‌റ്റ് തീവ്രവാദി സംഘടനയായ അൽ-ഖ്വയ്ദയുടെ സ്ഥാപകനും ആദ്യ നേതാവുമായ ഒസാമ ബിൻ ലാദനെ പാകിസ്ഥാൻ നഗരമായ അബോട്ടാബാദിലെ അയാളുടെ കോമ്പൗണ്ടിൽ വെച്ചാണ് യുണൈറ്റഡ് സ്‌റ്റേറ്റ്സ് നേവി സീൽസിന്‍റെ സീൽ ടീം സിക്‌സ് വെടിവെച്ചു കൊല്ലുന്നത്. 2011 മേയിലായിരുന്നു സംഭവം.
- അൻവർ അൽ-അവ്‌ലാകി: ഇസ്‌ലാമിസ്‌റ്റ് ഭീകര സംഘടനയായ അൽ-ഖ്വയ്ദയുടെ പ്രധാന സംഘാടകനായിരുന്ന അൻവർ അൽ-അവ്‌ലാകി 2011 സെപ്‌തംബറിൽ കൊല്ലപ്പെട്ടു. ഡ്രോൺ ആക്രമണത്തിലൂടെയാണ് അമേരിക്ക അവ്‌ലാക്കിയെ വധിക്കുന്നത്. സിഐഎയുടെ ടാര്‍ഗറ്റ് കില്ലിങ്ങിന് അംഗീകാരം ലഭിക്കുന്ന ആദ്യത്തെ യുഎസ് പൗരനായിരുന്നു അവ്‌ലാകി. കാബൂളിലെ ഷേർപൂരില്‍ ഡ്രോണാക്രമണം നടത്തിയാണ് യുഎസ് സവാഹിരിയെ വധിക്കുന്നത്.
- അല്‍ സവാഹിരി: അല്‍ ഖ്വയ്‌ദ നേതാവ് അല്‍ സവാഹിരിയെ 2022 ജൂലൈ 31 ആണ് സിഐഎ കൊലപ്പെടുത്തുന്നത്. ഡ്രോൺ ആക്രമണത്തിലായിരുന്നു കൊലപാതകം.
- ഖാസിം സുലൈമാനി: 2020 ജനുവരി 3 ന് ആണ് ഇറാനിയന്‍ മേജര്‍ ജനറലായ ഖാസിം സുലൈമാനിയെ സിഐഎ വധിക്കുന്നത്. ബാഗ്ദാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം നടത്തിയാണ് യുഎസ് കൊലപാതകം നടത്തിയത്.
ഇറാനിയൻ കൊലപാതക പദ്ധതികൾ
2023 വരെ ഇറാൻ കുറഞ്ഞത് 20 എതിരാളികളെയെങ്കിലും വിദേശത്ത് വധിക്കുകയും നൂറുകണക്കിന് വിദേശ സൈനിക, നയതന്ത്ര, സാംസ്‌കാരിക കേന്ദ്രങ്ങളിൽ ബോംബാക്രമണങ്ങള്‍ നടത്തിയതായും ഇറാൻ പ്രൈമർ വെബ്‌സൈറ്റ് പറയുന്നു.
ഇത് അമേരിക്കക്കാരെയും യൂറോപ്യന്മാരെയും ലാറ്റിൻ അമേരിക്കക്കാരെയും ഇസ്രായേലികളെയും അറബികളെയും കൂടാതെ വിദേശത്ത് കഴിയുന്ന ഇറാനിയൻ പ്രതിപക്ഷ അംഗങ്ങളെ ലക്ഷ്യമിട്ട് വരെ ഇറാന്‍ ആക്രമണം നടത്തിയതായി യുഎസ്, യുഎൻ, ഇസ്രായേലി, മറ്റ് സർക്കാർ റിപ്പോർട്ടുകൾ പറയുന്നു.
കുറഞ്ഞത് 88 ആക്രമണങ്ങളോ ഗൂഢാലോചനകളോ ഇത്തരത്തില്‍ ഇറാന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാന്‍റെ മേജര്‍ ജനറൽ ഖാസിം സുലൈമാനിയെ 2020-ൽ വധിച്ചത് മുതല്‍ ഡൊണാള്‍ഡ് ട്രംപും രാജ്യത്തിന്‍റെ ഹിറ്റ് ലിസ്‌റ്റിലുണ്ട്.
വിദേശ രാജ്യങ്ങളിലെ കുപ്രസിദ്ധമായ ഇറാനിയൻ കൊലപാതകം:
2022: പ്രസിഡന്‍റ് ട്രംപിന്‍റെ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജോൺ ബോൾട്ടനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് 2022 ഓഗസ്‌റ്റിൽ റവല്യൂഷണറി ഗാർഡിലെ അംഗമായ ഷഹ്‌റാം പൗര്‍സഫിക്കെതിരെ ജസ്‌റ്റിസ് ഡിപ്പാർട്ട്‌മെന്‍റ് കുറ്റം ചുമത്തി. മുൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, മുൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പർ എന്നിവരെയും ഇറാൻ ലക്ഷ്യമിട്ടതായി റിപ്പോർട്ടുണ്ട്.
2020: ദക്ഷിണാഫ്രിക്കയിലെ യുഎസ് അംബാസഡറും ഡൊണാൾഡ് ട്രംപിന്‍റെ അടുത്ത സുഹൃത്തുമായ ലാന മാർക്‌സിനെ കൊല്ലാൻ ഇറാൻ ഗൂഢാലോചന നടത്തുകയാണെന്ന് 2020 സെപ്റ്റംബറിൽ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്‌തു. ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് നിരവധി ഓപ്ഷനുകൾ പരിഗണിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
2012 ഫെബ്രുവരി 14: തായ്‌ലൻഡിലെ ഇസ്രയേൽ അംബാസഡറായ ഇറ്റ്സാക് ഷോഹാമിനെയും മറ്റ് നയതന്ത്രജ്ഞരെയും തായ്‌ലൻഡിൽ വെച്ച് വധിക്കാന്‍ ഇറാന്‍ ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു
2011സെപ്‌തംബർ 29: അമേരിക്കയിലെ സൗദി അറേബ്യയുടെ അംബാസഡറായ അദെൽ അൽ ജുബൈറിനെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന റസ്റ്റോറന്‍റിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായി. എന്നാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.
1991 ഓഗസ്‌റ്റ് 6: മുൻ ഇറാനിയൻ പ്രധാനമന്ത്രി ഷാപൂർ ബക്തിയാർ, ഫ്രാൻസിലെ സുറെസ്നെസിൽ വെച്ച് ഇറാനിയൻ രഹസ്യാന്വേഷണ ഏജൻ്റുമാരാല്‍ വധിക്കപ്പെട്ടു.
1989 ജൂലൈ 13: കുർദിഷ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇറാന്‍റെ (കെഡിപിഐ) നേതാവ് അബ്ദുൾ റഹ്മാൻ ഗാസെംലോ ഓസ്ട്രിയയിലെ വിയന്നയിൽ കൊല്ലപ്പെട്ടു.
1979 ഡിസംബർ 7: ഇറാന്‍ ഷായുടെ മുൻ മരുമകനും നാവികസേനയിലെ ക്യാപ്റ്റനുമായ ഷഹരിയാർ ഷഫീഖ്, ഫ്രാൻസിലെ വീടിന് പുറത്ത് കൊല്ലപ്പെട്ടു. മുസ്‌ലിം ലിബറേഷൻ ഗ്രൂപ്പിന്‍റെ വെടിയേറ്റാണ് ഷഫീഖ് കൊല്ലപ്പെട്ടത്.
Also Read: എക്‌സ്ക്ലൂസീവ്: 'ഞങ്ങള്‍ക്ക് ഈ യുദ്ധം വേണ്ട, പ്രത്യേകിച്ച് ലെബനന് എതിരെയുള്ളത്'-ഇസ്രയേലി സ്ഥാനപതി