ധാക്ക: ഒരു മാസത്തിലേറെയായി ഭരണ വിരുദ്ധ പ്രക്ഷോഭത്തിനു വേദിയായ ബംഗ്ലാദേശില്‍ തിങ്കളാഴ്‌ച ഉണ്ടായത് നാടകീയ നീക്കങ്ങളായിരുന്നു. കലാപം രൂക്ഷമായി തുടരുന്നതിനിടെ പട്ടാള ഭരണം കൈയിലെടുക്കുമെന്ന ഘട്ടം വന്നപ്പോഴാണ് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ധാക്ക വിട്ടത്. ഷെയ്ഖ് ഹസീന രാജ്യം വിട്ടെങ്കിലും അവര്‍ എങ്ങോട്ടു പോയെന്നതിനെക്കുറിച്ച് ആകെ അവ്യക്തതയായിരുന്നു.
പ്രധാനമന്ത്രി പോയത് ഇന്ത്യയിലേക്കാണെന്നും അവര്‍ പശ്ചിമ ബംഗാളില്‍ എത്തിയേക്കുമെന്നും ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ ഷെയ്ഖ് ഹസീന ഫിൻലന്‍ഡിലേക്കാണ് പോകുന്നതെന്നും അഭ്യൂഹം പരന്നു. എന്നാല്‍ എയര്‍ലൈന്‍ ട്രാക്കര്‍ ഫ്ലൈറ്റ് റഡാറില്‍ ബംഗ്ലാദേശ് വ്യോമ സേനയുടെ സി 130 ജെ ഹര്‍കുലീസ് ഹെലികോപ്റ്റര്‍ ഇന്ത്യയിലെത്തിയതായി സിഗ്നലുകള്‍ ലഭിച്ചിരുന്നു.
76 കാരിയായ ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് റഹാനക്കൊപ്പം വ്യോമസേന ഹെലികോപ്റ്ററില്‍ രാജ്യം വിടുകയായിരുന്നു. പ്രധാനമന്ത്രി ധാക്ക വിട്ട് മണിക്കൂറുകള്‍ക്കകം പ്രക്ഷോഭകര്‍ ധാക്ക പാലസില്‍ ഇരച്ചു കയറി. രാജി വെച്ച ശേഷമാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടതെന്ന് പട്ടാള മേധാവി വാഖര്‍ ഉസ് സമാന്‍ രാജ്യത്തെ അറിയിച്ചു. സലിമുള്ള ഖാനും ആസിഫ് നസ്‌റുളും ഇടക്കാല ബംഗ്ലാദേശ് സർക്കാരിനെ നയിക്കും.
ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ രാജ്യത്തെ ആഹ്ലാദ പ്രകടനങ്ങൾ നടന്നിരുന്നു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതി അടിച്ചുതകർത്തു. കൂടാതെ ഹസീനയുടെ പിതാവും മുൻ ബംഗ്ലാദേശ് പ്രസിഡന്‍റുമായ ഷൈഖ് മുജീബുർ റഹ്മാന്‍റെ പ്രതിമയും തകർത്തു. അവാമി ലീഗിന്‍റെ നിരവധി ഓഫിസുകൾ തകർത്തു. ധാക്കയിലെ അവാമി ലീഗിന്‍റെ ധൻമോണ്ടി സെൻട്രൽ ഓഫിസും പ്രതിഷേധക്കാർ തീയിട്ടു. പ്രതിഷേധത്തെ തുടർന്ന് ധാക്ക വിമാനത്താവളം അടച്ചിടും.
പ്രക്ഷോഭകരും വിദ്യാര്‍ഥികളും അക്രമത്തില്‍ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇടക്കാല സര്‍ക്കാര്‍ ഉടന്‍ നിലവില്‍ വരുമെന്നും വാഖര്‍ ഉസ് സമാന്‍ അറിയിച്ചു. സമാധാനം പുനസ്ഥാപിക്കപ്പെടുന്നതോടെ പട്ടാള നിയമങ്ങള്‍ പിന്‍വലിക്കുമെന്നും എല്ലാ മരണങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും പട്ടാള മേധാവി പറഞ്ഞു. ധാക്ക സര്‍വകലാശാലയിലെ നിയമ വിഭാഗം പ്രൊഫസര്‍ ആസിഫ് നസ്റുള്‍ പ്രക്ഷോഭകരുമായി കൂടിയാലോചനകള്‍ ആരംഭിച്ചു.
ക്വോട്ട വിവാദത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ ബംഗ്ലാദേശില്‍ മുന്നൂറിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ അഞ്ചു തവണ പ്രധാനമന്ത്രിയായിട്ടുള്ള ഷെയ്ഖ് ഹസീനയ്ക്ക് രാജിവെക്കാന്‍ പട്ടാളം 45 മിനുട്ട് സമയം അനുവദിച്ചിരുന്നു. ഗാസിയാബാദിനടുത്ത ഹിന്‍ഡോണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ ഇറങ്ങിയ ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യം വിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്ന് സൂചന. ധാക്കയിൽ നിന്നും സൈനിക വിമാനത്തിൽ യാത്ര പുറപ്പെട്ട ഹസീനയും സഹോദരി ഷെയ്ഖ് രഹനയും ഉത്തർപ്രദേശിലെ ഗാസിയാബാദ് വിമാനത്താവളത്തിൽ എത്തി. ബംഗ്ലാദേശിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ 4,096 കിലോമീറ്റർ പരിധിയിൽ വരുന്ന എല്ലാ ബിഎസ്‌എഫ് യൂണിറ്റുകൾക്കും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Also Read: ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേന മേധാവി; കർഫ്യൂ പിൻവലിക്കും