പോർട്ട്-ഓ-പ്രിൻസ് (ഹെയ്‌തി) : കരീബിയന്‍ രാജ്യമായ ഹെയ്‌തിയുടെ തീരത്ത് ബോട്ടിന് തീപിടിച്ച് 40 അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്‍ർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനെ(ഐഒഎം) ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഹെയ്‌തിയില്‍ നിന്ന് തുർക്കിയിലേക്കും കൈക്കോസിലേക്കും 80-ല്‍ അധികം കുടിയേറ്റക്കാരെയും വഹിച്ച് പോവുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
ബുധനാഴ്‌ചയാണ് കപ്പല്‍ ഹെയ്‌തിയിൽ നിന്ന് പുറപ്പെട്ടത്. അപകടത്തില്‍പ്പെട്ട 41 പേരെ ഹെയ്‌തിയുടെ തീരസംരക്ഷണ സേന രക്ഷിച്ചതായും ഐഒഎം അറിയിച്ചു. കുടിയേറ്റത്തിന് മതിയായ സുരക്ഷിതത്വമില്ലാത്തതും നിയമപരമായ പാതകളുടെ അഭാവവുമാണ് ദുരന്തത്തിന് കാരണമായതെന്ന് ഹെയ്‌തിയിലെ ഐഒഎം ചീഫ് ഓഫ് മിഷൻ ഗ്രിഗോയർ ഗുഡ്‌സ്റ്റൈൻ അഭിപ്രായപ്പെട്ടു.
'ഹെയ്‌തിയുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം വേദനാജനകമാണ്. കഴിഞ്ഞ മാസങ്ങളിലുണ്ടായ തീവ്രമായ അക്രമങ്ങൾ ഹെയ്‌തിക്കാരെ കൂടുതൽ നിരാശാജനകമായ നടപടികളിലേക്ക് എത്തിക്കുക മാത്രമാണ് ചെയ്‌തത്.'- ഗ്രിഗോയർ ഗുഡ്‌സ്റ്റൈൻ പറഞ്ഞു.
ഈ വർഷമാദ്യം ഹെയ്‌തിയിൽ ഗുണ്ട സംഘങ്ങള്‍ തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതിഗതികൾ കൂടുതല്‍ വഷളായിരുന്നു. ഹെയ്‌തിയിലെ ആഭ്യന്തര സംഘര്‍ഷം ആള്‍കൂട്ട അക്രമങ്ങളിലേക്കും അതുവഴി ആരോഗ്യ മേഖല അടക്കമുള്ള സംവിധാനങ്ങളുടെ തകര്‍ച്ചയിലേക്കും കൂപ്പുകുത്തിയിരിക്കുകയാണ്.
അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവും ഹെയ്‌തിയില്‍ രൂക്ഷമാണ്. ഇതിനാല്‍ നിരവധി ഹെയ്‌തിക്കാരാണ് രാജ്യത്തിന് പുറത്ത് കടക്കാന്‍ അപകടകരമായ യാത്രകൾ നടത്തുന്നത്. ഹെയ്‌തിയിൽ നിന്ന് ബോട്ട് വഴിയുള്ള കുടിയേറ്റ ശ്രമങ്ങളുടെ എണ്ണം നിലവില്‍ വർധിച്ചതായി ഐഒമ്മിന്‍റെ ഡാറ്റ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഹെയ്‌തില്‍ നിന്ന് എത്തുന്ന കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ അയല്‍ രാജ്യങ്ങളൊന്നും തയാറായിട്ടില്ല. ഈ വർഷം 86,000-ത്തില്‍ അധികം കുടിയേറ്റക്കാരെ അയൽ രാജ്യങ്ങൾ ഹെയ്‌തിയിലേക്ക് തന്നെ നിർബന്ധിതമായി തിരിച്ചയച്ചതായി ഐഒഎം പറയുന്നു. ഐക്യരാഷ്‌ട്ര സുരക്ഷ സമിതിയുടെ പിന്തുണയുള്ള മൾട്ടിനാഷണൽ സെക്യൂരിറ്റി സപ്പോർട്ട് (എംഎസ്എസ്) കെനിയയുടെ നേതൃത്വത്തില്‍ ഹെയ്‌തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ്.
Also Read : ഓപറേഷൻ ഇന്ദ്രാവതി; ഹെയ്‌തിയിൽ നിന്ന് 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി - Operation Indravati