വാഴ്‌സ (പോളണ്ട്) : യുക്രെയ്‌നെ ലക്ഷ്യമാക്കി അയച്ച ഒരു മിസൈല്‍ തങ്ങളുടെ ആകാശത്ത് പ്രവേശിച്ചതോടെ പോളണ്ട് വ്യോമസുരക്ഷ കൂടുതല്‍ ശക്തമാക്കി. മാര്‍ച്ച് 24ന് പുലര്‍ച്ചെ നാലരയോടെയാണ് പോളണ്ടിന്‍റെ വ്യോമാതിര്‍ത്തിയില്‍ റഷ്യയുടെ ദീര്‍ഘദൂര മിസൈല്‍ പ്രവേശിച്ചതെന്ന് പോളണ്ട് സൈനിക മേധാവി എക്‌സില്‍ കുറിച്ചു (Russian cruise missile enters Poland airspace).
ഓസര്‍ഡോഗ്രാമത്തിന് മുകളിലായാണ് റഷ്യയുടെ മിസൈല്‍ എത്തിയത്. 39 സെക്കന്‍റ് ഇത് ആകാശത്ത് തുടര്‍ന്നു. സൈനിക റഡാറിലൂടെ ദൃശ്യമായ മിസൈലിനെ സൈന്യം നിരീക്ഷിച്ചു.
റഷ്യ 20 മിസൈലുകള്‍ വിക്ഷേപിച്ചതായി യുക്രെയ്‌ന്‍ അധികൃതര്‍ പറയുന്നു. പശ്ചിമ യുക്രെയ്‌ന്‍ മേഖലയായ ലിവിനെ ലക്ഷ്യമിട്ടാണ് ഇവ അയച്ചത്. ഇത് പോളണ്ടിന്‍റെ അതിര്‍ത്തിയാണ്. യുക്രെയ്‌ന്‍ തലസ്ഥാനമായ കീവില്‍ നിരവധി പൊട്ടിത്തെറികളുണ്ടായതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിസൈല്‍ പല നിര്‍ണായക നാശങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്ന് ലിവ് മേയര്‍ ആന്‍ഡ്രി സദോവ്‌യി വ്യക്തമാക്കി.
Also Read: കീവിൽ മിസൈൽ ആക്രമണം നടത്തി റഷ്യ ; നിരവധി പേർക്ക് പരിക്ക് - Russia Attack In Kyiv
തങ്ങള്‍ വിമാനങ്ങളടക്കമുള്ളവ സജ്ജമാക്കിയെന്ന് പോളണ്ട് അറിയിച്ചു. പോളണ്ടിന്‍റെ വ്യോമ മേഖല സംരക്ഷിക്കാനാവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പോളണ്ട് സൈന്യം യുക്രെയ്ന്‍ മേഖലയിലെ സാഹചര്യങ്ങള്‍ നിരന്തരം നിരീക്ഷിച്ച് വരികയാണ്. പോളണ്ട് വ്യോമ മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നും റഷ്യ പോളണ്ടിന്‍റെ വ്യോമാതിര്‍ത്തി ലംഘിച്ചിരുന്നു. അജ്ഞാത വസ്‌തു തങ്ങളുടെ ആകാശത്ത് എത്തിയെന്നായിരുന്നു അന്ന് പോളണ്ട് അറിയിച്ചത്. പിന്നീടാണ് ഇത് റഷ്യന്‍ മിസൈലാണെന്ന് സൈന്യം സ്ഥിരീകരിച്ചത്.