വാഷിങ്‌ടണ്‍ : ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ആളുകള്‍ കുടിയേറി പാര്‍ത്തതോടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയായി മാറിയ ദേശങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. 1492ല്‍ ക്രിസ്റ്റഫര്‍ കൊളംബസിന്‍റെ യാത്ര പിന്‍പറ്റി യൂറോപ്യന്‍മാര്‍ എത്തുന്നതുവരെ വേട്ടയാടി ജീവിച്ചിരുന്ന ഒരു ജനതയായിരുന്നു അമേരിക്കയിലുണ്ടായിരുന്നത്, അവരാകട്ടെ പാലിയോ ഇന്ത്യന്‍സ് എന്നറിപ്പെട്ടു. യൂറോപ്യന്‍ കോളനിവത്‌കരണം വന്നതോടെ അമേരിക്ക അടിമുടി മാറുകയായിരുന്നു.
കോളനി വാഴ്‌ച അമേരിക്കന്‍ ഐക്യനാടുകളില്‍ ചൂഷണം പതിവാക്കിയതോടെ പ്രതിഷേധാഗ്‌നി പല ദിക്കുകളില്‍ നിന്നും ഉയര്‍ന്നു. ചെറുതും വലുതുമായ നിരവധി ചെറുത്തു നില്‍പ്പുകള്‍ അമേരിക്കന്‍ വിപ്ലവത്തിന് അടിത്തറ പാകി. ചരിത്രം അവിടെ നിന്നു വീണ്ടും ഒരുപാട് മുന്നോട്ട് സഞ്ചരിച്ചു.
1788ല്‍ അമേരിക്കയ്‌ക്ക് പുതിയ ഭരണഘടന ഉണ്ടായി. അതേവര്‍ഷം തന്നെ ആദ്യ പ്രസിഡന്‍ഷ്യന്‍ തെരഞ്ഞെടുപ്പ് നടന്നതോടെ അമേരിക്ക മറ്റൊരു ചരിത്രത്തിന് തുടക്കം കുറിക്കുകയായിരുന്നു. അമേരിക്കയില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇല്ലാതിരുന്ന കാലത്ത് ജോര്‍ജ് വാഷിങ്‌ടണ്‍ അമേരിക്കയുടെ ആദ്യ പ്രസിഡന്‍റായി. രണ്ട് തവണ ജോര്‍ജ് വാഷിങ്‌ടണ്‍ പ്രസിഡന്‍റ് ആ സ്ഥാനം അലങ്കരിച്ചു.
എന്നാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് രണ്ടാമനായി എത്തിയ ജോണ്‍ ആദംസ് പക്ഷേ ഫെഡറലിസ്റ്റ് പാര്‍ടി നേതാവായിരുന്നു. പിന്നീടങ്ങോട്ട് രാഷ്‌ട്രീയ പാര്‍ട്ടിയുടെ മുഖമില്ലാതെ മറ്റൊരു പ്രസിഡന്‍റും അമേരിക്കന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. നൂറ്റാണ്ടുകള്‍ക്ക് ശേഷം അമേരിക്ക മറ്റൊരു പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കാര്യങ്ങള്‍ അല്‍പം സസ്‌പെന്‍സാണ്.
റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍ മാറിമാറി ഭരിച്ച അമേരിക്കയുടെ താത്‌പര്യത്തിന് ചെറുതായൊരു ഇളക്കം തട്ടിയെന്നാണ് നിലവില്‍ വ്യക്തമാകുന്ന ചിത്രം. രാഷ്‌ട്രീയ നേതാക്കള്‍ക്ക് പകരം അമേരിക്കന്‍ ജനത ബദലുകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. ജോണ്‍ എഫ് കെന്നഡിയുടെ പിന്‍മുറക്കാരന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ സ്വതന്ത്രനായി മത്സര രംഗത്തേക്ക് വരുമ്പോള്‍ പ്രതീക്ഷകള്‍ക്ക് നാമ്പുമുളയ്‌ക്കുന്നുണ്ട്.
വാക്‌സിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന റോബര്‍ട്ട് കെന്നഡി ജൂനിയറിന്‍റെ സ്ഥാനാര്‍ഥിത്വം അമേരിക്കയില്‍ ഓളം സൃഷ്‌ടിച്ചു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ വിജയ സാധ്യതയെ കുറിച്ച് രാഷ്‌ട്രീയ നിരീക്ഷകര്‍ പങ്കുവയ്‌ക്കുന്നത് മങ്ങിയ പ്രതീക്ഷയാണ്.
ആരാണ് റോബര്‍ട്ട് കെന്നഡി ജൂനിയര്‍ : അമേരിക്കയുടെ 35-ാമത്തെ പ്രസിഡന്‍റ് ജോണ്‍ എഫ് കെന്നഡിയുടെ മരുമകനും സെനറ്റര്‍ റോബര്‍ട്ട് എഫ് കെന്നഡിയുടെ മകനുമാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള സെനറ്ററായിരുന്ന റോബര്‍ട്ട് കെന്നഡി ജൂനിയര്‍. ശക്തമായ രാഷ്‌ട്രീയ പാരമ്പര്യമുള്ള കുടുംബം, റോബര്‍ട്ട് കെന്നഡി ജൂനിയര്‍ രാഷ്‌ട്രീയത്തില്‍ ചുവട് വച്ചത് ഡെമോക്രാറ്റായിട്ടാണ്. ഇടയ്‌ക്കുവച്ച് അദ്ദേഹം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് അകന്നു തുടങ്ങി.
പരമ്പരാഗത മൂല്യങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നുപോകുന്നു എന്നും അതിനാല്‍ താന്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയായിരുന്നു എന്നും 2010ല്‍ റോബര്‍ട്ട് കെന്നഡി ജൂനിയര്‍ വെളിപ്പെടുത്തിയിരുന്നു. അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ റോബര്‍ട്ട് കെന്നഡി ജൂനിയര്‍ 2023 ഒക്‌ടോബര്‍ 9ന് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.
പ്രചരണ പരിപാടികളില്‍ ജനസാഗരം : പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ അധികം എത്തിനോക്കാത്ത ഹവായ്, വ്യോമിങ്, വെസ്റ്റ് വിര്‍ജീനിയ തുടങ്ങിയ മേഖലകളില്‍ സജീവമാണ് റോബര്‍ട്ട് കെന്നഡി ജൂനിയര്‍. ഫീനിക്‌സിലും ലാസ് വേഗസിലും നടന്ന പരിപാടികളില്‍ റോബര്‍ട്ട് കെന്നഡി ജൂനിയര്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ ജനങ്ങള്‍ എത്തി ഇടം പിടിച്ചിരുന്നു. പോഡ്‌കാസ്റ്റുകളിലും യൂട്യൂബ് ചാനലുകളിലും അദ്ദേഹം നല്‍കിയ അഭിമുഖങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുവഴി നിരവധി ആളുകളാണ് റോബര്‍ട്ട് കെന്നഡി ജൂനിയറിന്‍റെ ആരാധകരായി മാറിയത്.
നൊവാഡയില്‍ വളരെ വ്യത്യസ്‌തമായ രീതിയിയലാണ് പ്രചാരണ പരിപാടി നടന്നത്. സംഗീതം പ്ലേ ചെയ്‌തും ചുവരുകളില്‍ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചും ആണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതിനെല്ലാം പുറമെ വളരെ ശാന്തമായ ശബ്‌ദത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് റോബര്‍ട്ട് കെന്നഡി ജൂനിയറും.
റോബര്‍ട്ട് കെന്നഡി ജൂനിയര്‍, സ്വയം രൂപപ്പെടുത്തിയെടുത്ത 'ബ്രാന്‍ഡ്' : മധ്യവര്‍ഗത്തിന് വേണ്ടി പോരാടിയതിന്‍റെ അനുഭവത്തിലാണ് റോബര്‍ട്ട് കെന്നഡി ജൂനിയര്‍ അങ്കത്തിന് ഇറങ്ങുന്നത്. മൊന്‍സാന്‍റോ, ഡ്യൂപോണ്ട് തുടങ്ങിയ കോര്‍പറേറ്റ് ഭീമന്‍മാര്‍ക്കെതിരെ നടത്തിയ പോരാട്ടങ്ങള്‍... മറ്റ് സ്ഥാനാര്‍ഥികളില്‍ നിന്ന് വ്യത്യസ്‌തമായി പറയാന്‍ നിരവധിയുണ്ട് റോബര്‍ട്ട് കെന്നഡി ജൂനിയറിന്. 'തനിക്ക് രാജ്യം നന്നാക്കാന്‍ കഴിയും' എന്ന ആത്‌മവിശ്വാസം പങ്കുവയ്‌ക്കുകയാണ് അദ്ദേഹം. എല്ലാത്തിലും ഉപരിയായി 'പൊതുജനങ്ങളോട് തനിക്കൊരിക്കലും മാപ്പ് പറയേണ്ടി വന്നിട്ടില്ല' എന്ന ഓര്‍മ്മപ്പെടുത്തലും.
വിജയം വരിക്കുമോ കെന്നഡി : സ്വതന്ത്രരോ മൂന്നാം കക്ഷിയോ ആയ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളെ നിരസിച്ച ചരിത്രമാണ് ജോര്‍ജ് വാഷിങ്‌ടണിന് ശേഷം അമേരിക്കയ്‌ക്ക് ഉള്ളത്. യഥാര്‍ഥത്തില്‍ പാര്‍ട്ടി പിന്തുണയില്ലാതെ വിജയിച്ച ആദ്യത്തേയും അവസാനത്തേയും പ്രസിഡന്‍റാണ് വാഷിങ്‌ടണ്‍. മൂന്നാംകക്ഷിയുടെ കാര്യത്തില്‍ ആണെങ്കില്‍ അവസാന പ്രസിഡന്‍റ് എബ്രഹാം ലിങ്കണും.
റിപ്പബ്ലിക്കന്‍ അല്ലെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികളെ പിന്തുണയ്‌ക്കുന്നതാണ് അമേരിക്കയുടെ രീതി. അങ്ങനെയുള്ളപ്പോള്‍ കെന്നഡിയുടെ വിജയ സാധ്യത അത്ര തെളിച്ചമുള്ളതല്ല.
മത്സരിക്കുന്നത് തന്നെ വെല്ലുവിളി : വിജയിക്കുക എന്നതില്‍ ഉപരി, കെന്നഡിയെ പോലെ ഒരാള്‍ സ്വതന്ത്രനായി മത്സരിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. വിജയിക്കാന്‍ കെന്നഡിയ്‌ക്ക് ഒരുപാട് ദൂരം ഓടേണ്ടി വരുമെന്നത് വാസ്‌തവം. അമേരിക്കയിലെ നിയമങ്ങള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്‌തമാണ്. പല സംസ്ഥാനങ്ങളിലും റോബര്‍ട്ട് കെന്നഡി ജൂനിയറിന്‍റെ പ്രചാരണത്തിനും മറ്റുമായി കെന്നഡി അനുകൂല സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ചിലരാകട്ടെ കെന്നഡിയെ വിജയിപ്പിക്കുന്നതിനായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ച് അദ്ദേഹത്തെ അതിന്‍റെ നോമിനിയായി പ്രഖ്യാപിക്കുക വരെ ചെയ്‌തിട്ടുണ്ട്. യൂട്ടയിലെ കെന്നഡിയുടെ ബാലറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അരിസോണ, ജോര്‍ജിയ, നൊവാഡ എന്നിവിടങ്ങളില്‍ അംഗീകാരം നേടാന്‍ ഉള്ള പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം.