അപുലിയ (ഇറ്റലി) : ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്‌ച നടത്തി. ഇറ്റലിയിൽ വെച്ച് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിനെ കണ്ടതിൽ സന്തോഷമുണ്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. നേരത്തെ, ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായും കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ കാണാൻ സാധിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. കൂടിക്കാഴ്‌ചയിൽ അദ്ദേഹവുമായി ആഗോളവിഷയങ്ങളിൽ ചർച്ചകൾ നടത്തുവാനും സാധിച്ചുവെന്നും ആഗോള നന്മയ്ക്കായി ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ പോസ്‌റ്റ് ചെയ്‌തിരുന്നു.
ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ അപുലിയ മേഖലയിലാണ് G7 ഉച്ചകോടി നടക്കുന്നത്. അവിടെ ഇന്ത്യയെ 'ഔട്ട്‌റീച്ച് കൺട്രി' ആയാണ് ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയെ കൂടാതെ ഏഴ് അംഗരാജ്യങ്ങളായ യുഎസ്, യുകെ, കാനഡ, ജർമ്മനി, ഇറ്റലി, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും ഉച്ചകോടിയില്‍ പങ്കാളിത്തമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുകെ പ്രധാനമന്ത്രി ഋഷി സുനക്, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ എന്നിവരുൾപ്പെടെയുള്ള ആഗോള നേതാക്കളെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സ്വീകരിച്ചു. ഗ്രൂപ്പ് ഓഫ് സെവൻ്റെ (ജി7) 50-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണി പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ജി 7 ഉച്ചകോടിയിൽ ഇന്ത്യയുടെ പതിനൊന്നാമത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ അഞ്ചാമത്തെയും പങ്കാളിത്തമാണിത്.
G7 ഉച്ചകോടി ഔട്ട്‌റീച്ച് സെഷനുകളിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച ഇറ്റലി, യൂറോപ്യൻ യൂണിയനിലെ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. നിലവിൽ ഇവരുടെ ഉഭയകക്ഷി വ്യാപാരം 15 ബില്യൺ ഡോളറാണ്. ഇരു രാജ്യങ്ങളും തമ്മിൽ അടുത്തതും സൗഹൃദപരവുമായ ബന്ധമുണ്ട്. കഴിഞ്ഞ വർഷം നയതന്ത്ര ബന്ധത്തിൻ്റെ 75 -ാം വർഷം ഇവർ ആഘോഷിച്ചു. ജനുവരി ഒന്നിനാണ്, ഇറ്റലി ഏഴാം തവണയും ജി 7 പ്രസിഡൻസി ഏറ്റെടുത്തത്.