വിയന്ന (ഓസ്ട്രിയ): നിരപരാധികളെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ ചർച്ചയ്‌ക്കും നയതന്ത്രത്തിനുമാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുക്രെയ്‌നിൽ നടക്കുന്ന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് നേരത്തെ താൻ പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യ-ഓസ്ട്രിയ സംയുക്ത പ്രസ്‌താവനയിൽ മോദി പറഞ്ഞു. ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായുളള പ്രതിനിധിതല ചർച്ചകൾക്കു ശേഷമായിരുന്നു മോദിയുടെ പരാമർശം.
'യുദ്ധരംഗത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ അതിൻ്റെ ഭാഗമല്ലാത്ത നിരപരാധികളെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇന്ത്യയും ഓസ്ട്രിയയും ചർച്ചകൾക്കും നയതന്ത്രത്തിനുമാണ് ഊന്നൽ നൽകുന്നത്. അതിനാൽ ഏത് തരത്തിലുളള പിന്തുണ നൽകാനും ഞങ്ങൾ തയ്യാറാണ്'. പ്രധാനമന്ത്രി പറഞ്ഞു.
ഓസ്ട്രിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടി ഓസ്ട്രിയൻ ചാൻസലർ നെഹാമർ പറഞ്ഞതിങ്ങനെ. 'ഇന്ത്യയും ഓസ്ട്രിയയും തമ്മിൽ വളരെ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ഈ ബന്ധം 1950-കളിൽ ആരംഭിച്ചതാണ്. 1955-ൽ ഇന്ത്യ ഓസ്ട്രിയയെ സഹായിച്ചു. ഇന്ത്യയെയും ഓസ്ട്രിയയെയും ഒന്നിപ്പിക്കുന്നത് ഭൗമരാഷ്‌ട്രീയ സാഹചര്യത്തിൻ്റെ വികാസത്തിന്മേലാണ്'. അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായി നടത്തിയ ചർച്ചകളെക്കുറിച്ച് നെഹാമർ വിശദീകരിച്ചു.'കഴിഞ്ഞ രാത്രിയും ഇന്ന് രാവിലെയും യുക്രെയ്നിനെതിരായ റഷ്യൻ ആക്രമണ യുദ്ധത്തെക്കുറിച്ചാണ് ഞങ്ങൾ ചർച്ച നടത്തിയത്. ഓസ്ട്രിയയുടെ ഫെഡറൽ ചാൻസലർ എന്ന നിലയിൽ ഇന്ത്യയുടെ വിലയിരുത്തൽ അറിയുകയും യൂറോപ്യൻ ആശങ്കകളെക്കുറിച്ച് ഇന്ത്യയെ പരിചയപ്പെടുത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമായിട്ടുളള കാര്യമാണ്. കൂടാതെ പശ്ചിമേഷ്യ സംഘർഷം ഒരു പ്രധാന വിഷയമായിരുന്നു. സംഘർഷത്തിനിടെ കുട്ടികൾ കൊല്ലപ്പെടുന്ന വിഷയം റഷ്യയുടെ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി ചർച്ചയിൽ അവതരിപ്പിച്ചു'. അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് പുടിൻ