തിംഫു: ഭൂട്ടാന്‍റെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ 'ഓര്‍ഡര്‍ ഓഫ് ദ ഡര്‍ക്ക് ഗ്യാല്‍പോ' ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. ആദ്യമായാണ് മറ്റൊരു രാജ്യത്തലവന് ഈ പുരസ്‌കാരം ഭൂട്ടാന്‍ സമ്മാനിക്കുന്നത് . ഇന്ത്യാ-ഭൂട്ടാന്‍ ബന്ധം മെച്ചപ്പെടുത്താന്‍ നല്‍കിയ സംഭാവനകളും ഭൂട്ടാന്‍ ജനതയ്ക്കും രാജ്യത്തിനും നല്‍കിയ സേവനങ്ങളും മാനിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത് (PM Modi Bestowed Order Of The Druk Gyalpo').
തനിക്ക് ലഭിച്ച ഈ പുരസ്‌കാരം 140 കോടി ഇന്ത്യന്‍ ജനതയ്ക്ക് സമര്‍പ്പിക്കുന്നതായി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മോദി എക്‌സില്‍ കുറിച്ചു. ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ നംഗ്യേല്‍ വാങ്ചുക് ആണ് പുരസ്‌കാരം സമ്മാനിച്ചത്. 2021 ഡിസംബര്‍ പതിനേഴിന് ഭൂട്ടാന്‍റെ 114 -ാമത് ദേശീയ ദിനാഘോഷ വേളയിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി ഇന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ഇത് മൂന്നാം തവണയാണ് മോദി ഭൂട്ടാന്‍ സന്ദര്‍ശിക്കുന്നത്.
ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് ഭൂട്ടാന്‍ ഈ പുരസ്‌കാരം നല്‍കുന്നത്. 2020 ല്‍ അമേരിക്കന്‍ സേനയുടെ 'ലീജിയന്‍ ഓഫ് മെറിറ്റ്' പ്രധാനമന്ത്രി ഏറ്റുവാങ്ങിയിരുന്നു. 2019ല്‍ റഷ്യ തങ്ങളുടെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ 'ദ ഓര്‍ഡര്‍ ഓഫ് സെന്‍റ് ആന്‍ഡ്രൂസ്' പുരസ്‌കാരം നല്‍കി മോദിയെ ആദരിച്ചിരുന്നു.
Also Read: മോദി നുണകളുടെ തമ്പുരാന്‍; ജനവിശ്വാസ് യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഭൂട്ടാന്‍റെ പുരസ്‌കാരം ഏറ്റുവാങ്ങിയ മോദി തനിക്ക് ആ രാജ്യത്തെ ജനത നല്‍കിയ ഗംഭീര സ്വീകരണത്തിന് നന്ദി അറിയിച്ചു. ഇന്ത്യ-ഭൂട്ടാന്‍ ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അയല്‍പ്പക്കമാദ്യം (Neighbourhood First) നയത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മോദി ഭൂട്ടാനിലെത്തിയത്.