ലിലോങ്‌വെ: മലാവി വൈസ് പ്രസിഡൻ്റ് സൗലോസ് ചിലിമ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സൗലോസ് ചിലിമയും ഭാര്യയുമുൾപ്പടെ 10 പേരാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച സൈനിക വിമാനം ചിക്കങ്കാവ പർവതനിരയിൽ തകർന്നുവീഴുകയായിരുന്നു എന്ന് സർക്കാരിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
സൗലോസ് ചിലിമയുടെ വിയോഗത്തെ തുടർന്ന് മലാവി പ്രസിഡൻ്റ് ലാസറസ് ചക്വേര ചൊവ്വാഴ്‌ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാഷ്‌ട്രപതിയുടെയും ക്യാബിനറ്റിൻ്റെയും ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
മലാവിയുടെ തലസ്ഥാനമായ ലിലോങ്‌വേയിൽ നിന്ന് പറന്നുയർന്ന സൈനിക വിമാനം തിങ്കളാഴ്‌ചയാണ് അപകടത്തിൽപ്പെട്ടത്. മലാവിയുടെ മുൻ അറ്റോർണി ജനറലിൻ്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സൗലോസ് ചിലിമ. ഇതിനിടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു എന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
ലിലോങ്‌വേയിൽ നിന്ന് ഏകദേശം 380 കി.മീ ദൂരെ സ്ഥിതി ചെയ്യുന്ന മസുസു അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യം വച്ച് പറന്ന വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. മസുസു വിമാനത്താവളത്തിൽ വിമാനത്തിന് ഇറങ്ങാൻ സാധിച്ചില്ലെന്ന് എയർ ട്രാഫിക് ഉദ്യോഗസ്ഥർ പറഞ്ഞു. ലിലോങ്‌വേയുടെ വടക്ക്, ദൃശ്യപരത കുറവായതിനാൽ പൈലറ്റിനോട് തലസ്ഥാനത്തേക്ക് പോകാൻ നിര്‍ദേശിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ പിന്നീട് വിമാനത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. യുഎസ് ഉൾപ്പടെ നിരവധി രാജ്യങ്ങൾ തെരച്ചിലിൽ മലാവിക്ക് സാങ്കേതിക പിന്തുണ നൽകിയിരുന്നു.
ALSO READ: ആകാശച്ചുഴി അപകടം; പരിക്കേറ്റവർക്ക് വന്‍ തുക നഷ്‌ടപരിഹാരം വാഗ്‌ദാനം ചെയ്‌ത് സിംഗപ്പൂർ എയർലൈൻസ്