റാമല്ല (വെസ്റ്റ് ബാങ്ക്): മധ്യ ഗാസ മുനമ്പിൽ പലസ്‌തീനികള്‍ അഭയം പ്രാപിച്ച സ്‌കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ മെഡിക്കൽ ഉദ്യോഗസ്ഥർ അറിയിച്ചു. നുസൈറത്ത് അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേർക്ക് പരിക്കേറ്റതായും അവ്ദ ആശുപത്രി അധികൃതര്‍ അറിയിച്ചു. അഭയാര്‍ഥി ക്യാമ്പുകള്‍ ആക്രമിക്കരുതെന്ന അന്താരാഷ്‌ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇസ്രയേല്‍ ആക്രമണം.
അഭയാര്‍ഥി ക്യാമ്പില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നും പലസ്‌തീൻ മെഡിക്കൽ ഉദ്യോഗസ്ഥർ പറഞ്ഞു. 11 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. സാധാരണക്കാര്‍ക്കിടയില്‍ ഹമാസ് സംഘം ഒളിച്ചിരിക്കുന്നുവെന്നും, ഹമാസിനെയാണ് ലക്ഷ്യമിടുന്നതെന്നും ആരോപിച്ചാണ് അഭയാര്‍ഥി ക്യാമ്പുകളായ സ്‌കൂളുകളില്‍ അടക്കം ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗാസ ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് ഇസ്രയേലിന്‍റെ ആക്രമണത്തിൽ 43,000 ത്തോളം പലസ്‌തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഹമാസിന്‍റെ 17,000 ത്തോളം പേരെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ 90% പേരെയും യുദ്ധത്തെ തുടര്‍ന്ന് മാറ്റിപ്പാർപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾ ക്യാമ്പുകളിൽ കഴിയുകയാണ്. ഈ ക്യാമ്പുകള്‍ക്കെതിരെയാണ് ഇപ്പോള്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തുന്നത്.
ഗാസ കൊടും പട്ടിണിയില്‍:
ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമമാണ് ഗാസയില്‍ നേരിടുന്നത്. ഗാസയിൽ ഭൂരിഭാഗം പേരും പട്ടിണിയിലാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. മനുഷ്യത്വരഹിതമാണ് ഈ സാഹചര്യമെന്നും ഗാസയിൽ അടിയന്തര മാനുഷിക സഹായം എത്തിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. ഗുരുതര പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾക്കുൾപ്പെടെ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്രയും വേഗം ലഭ്യമാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം, അമേരിക്ക, ഈജിപ്‌ത്, ഖത്തർ എന്നിവയുടെ മധ്യസ്ഥതയിൽ മാസങ്ങൾ നീണ്ട വെടിനിർത്തൽ ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അഭിപ്രായപ്പെട്ടത്. നിലവില്‍ യുദ്ധം ലെബനനിലേക്കും വ്യാപിച്ചു. ഹിസ്ബുള്ളയുമായുള്ള ഇസ്രയേല്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
അല്‍ജസീറ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹമാസുമായി ബന്ധമെന്ന് ഇസ്രയേല്‍
ഗാസയിലെ യുദ്ധം റിപ്പോർട്ട് ചെയ്യുന്ന ആറ് അൽ ജസീറ മാധ്യമപ്രവർത്തകര്‍ക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം അൽ ജസീറ തള്ളി. ഗാസയിൽ നിന്ന് കണ്ടെത്തിയതായി കരുതപ്പെടുന്ന രേഖകളുടെയും മറ്റ് രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് അല്‍ജസീറ മാധ്യമപ്രവർത്തകർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചത്. 4 പേര്‍ ഹമാസുമായി ബന്ധമുള്ളവരാണെന്നും രണ്ടുപേര്‍ പലസ്‌തീൻ ഇസ്ലാമിക് ജിഹാദുമായി ബന്ധപ്പെട്ടവരാണെന്നും ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നു.