ലാഹോര്‍: ഗുരുനാനാക് ജയന്തിയും ദീപാവലിയും പ്രമാണിച്ച് സിക്ക്-ഹിന്ദു കുടുംബങ്ങള്‍ക്ക് ഉത്സവാനുകൂല്യപ്രഖ്യാപനവുമായി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍. 2,200 കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം. 10,000 പാകിസ്ഥാന്‍ രൂപ (അതായത് മൂവായിരം ഇന്ത്യന്‍ രൂപ) വീതമാണ് ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നത്.
ഗുരുനാനാക്കിന്‍റെ 555മത് പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ധാരാളം വിദേശ തീര്‍ഥാടകര്‍ അടുത്തമാസം രാജ്യത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. അതിനായി പ്രത്യേക ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നമ്മുടെ ഹിന്ദു-സിക്ക് സഹോദരങ്ങള്‍ക്കുള്ള ഉത്സവ കാര്‍ഡുകള്‍ ഉടനടി നല്‍കാന്‍ മുഖ്യമന്ത്രി മറിയം നവാസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി പഞ്ചാബ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പഞ്ചാബ് മന്ത്രിസഭ ഫെസ്റ്റിവല്‍ കാര്‍ഡിന് അനുമതി നല്‍കിക്കഴിഞ്ഞു. ഇക്കൊല്ലമാണ് ഇത്തരമൊരു നടപടി രാജ്യത്ത് തുടങ്ങിയിട്ടുള്ളത്. ഇത് വരും വര്‍ഷങ്ങളിലും തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗുരുനാനാക് ജയന്തി ആഘോഷങ്ങള്‍ക്കെത്തുന്ന തീര്‍ഥാടകര്‍ക്കായി വിസ ഓട്ടോമേഷന്‍ സംവിധാനം ആവിഷ്ക്കരിച്ചതായി ഇവാകി ട്രസ്റ്റ് പ്രോപര്‍ട്ടി ബോര്‍ഡ് അഡീഷണല്‍ സെക്രട്ടറി ഷ്രൈന്‍സ് സെയ്‌ഫുള്ള ഖോഖ്‌ദാര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് മൂവായിരം തീര്‍ഥാടകരെയും മറ്റ് രാജ്യങ്ങളില്‍ നിന്ന് ആയിരം പേരെയുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
സിക്ക് തീര്‍ഥാടകര്‍ക്കായി എല്ലാ സൗകര്യവും ഉറപ്പാക്കുന്നതിനൊപ്പം പ്രത്യേക യാത്രാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ആ സമയത്തെ സുരക്ഷയ്ക്കായി 100 അധിക സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിക്കും. അതിനായി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരികയാണ്.
എല്ലാ ഒരുക്കങ്ങളും സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്. എല്ലാ തീര്‍ഥാടകര്‍ക്കും മികച്ച ആതിഥേയത്വം ഉറപ്പാക്കും. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ നവംബര്‍ പതിനാലിന് വാഗാ അതിര്‍ത്തി വഴി വരുമെന്നാണ് കരുതുന്നത്.
ഗുരുനാനാക് ജയന്തി വിപുലമായി ആഘോഷിക്കുമെന്ന് പഞ്ചാബിലെ ആദ്യ സിക്ക് മന്ത്രി രമേഷ് സിങ് അറോറ നേരത്തെ വ്യക്തമാക്കിയിരുന്നു. തീര്‍ഥാടകര്‍ക്ക് മികച്ച താമസവും ഭക്ഷണവും ഗതാഗത സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ജാമിയ മിലിയയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം; ചേരിതിരിഞ്ഞ് ഏറ്റുമുട്ടി വിദ്യാര്‍ഥികള്‍