ഇസ്‌ലാമാബാദ് : പാകിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ മുന്നേറ്റവുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ). നിലവില്‍ 154 സീറ്റുകളിലാണ് പിടിഐ മുന്നിട്ട് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തി മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പിഎംഎല്‍എന്‍ (പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്)നെ ഏറെ പിന്നിലാക്കി കൊണ്ടാണ് പിടിഐയുടെ മുന്നേറ്റം. സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള കേസുമായി ബന്ധപ്പെട്ട ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം തന്നെയാണിത്.
നിലവിലെ വോട്ടെണ്ണലില്‍ പിടിആഐ മുന്നിട്ട് നില്‍ക്കുമ്പോള്‍ പിപിപിയും (പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി) പിഎംഎൽ- എനും (പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് -നവാസ്) ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്. പിടിഐ 150ലധികം സീറ്റുകളില്‍ മുന്നിലാണെന്ന് പിടിഐയിലെ മുതിര്‍ന്ന നേതാവ് ബാരിസ്റ്റർ ഗോഹർ അലി ഖാനും അവകാശപ്പെടുന്നു.
പിടിഐയ്‌ക്ക് വന്‍ വിജയമാണ് ലഭിക്കുക. ഇതിലൂടെ പാകിസ്ഥാനില്‍ വീണ്ടും പിടിഐ സര്‍ക്കാര്‍ രൂപീകരിക്കാനാകും. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാണ് ഇമ്രാന്‍ ഖാനെന്നും ബാരിസ്റ്റർ ഗോഹര്‍ അലി ഖാന്‍ പറഞ്ഞു. കേസില്‍ അകപ്പെട്ട ഇമ്രാന്‍ ഖാന്‍ നേരത്തെ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് മത്സരത്തിന് യോഗ്യനാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റിന് വിലക്കുണ്ടായി.
ചിഹ്നവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. ഇതോടെ സ്വതന്ത്രരായാണ് ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. കേസില്‍ അകപ്പെട്ട് ഇമ്രാന്‍ ഖാന്‍ ജയിലില്‍ കഴിയുന്നത് കൊണ്ട് തന്നെ നവാസ് ഷെരീഫിന്‍റെ പാര്‍ട്ടിക്ക് മുന്‍തൂക്കമെന്ന നിഗമനങ്ങളെയാണ് പിടിഐയുടെ ലീഡ് നില മാറ്റിമറിക്കുന്നത്. 184 സീറ്റുകളിലെ ഫലം വന്നപ്പോള്‍ തന്നെ പിടിഐ സ്വതന്ത്രര്‍ക്ക് 114 ഇടത്ത് ലീഡുണ്ടായെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
പാക് ദേശീയ അസംബ്ലിയിലെ 336 സീറ്റുകളില്‍ 266 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നാല് പ്രവിശ്യ അസംബ്ലിയിലേക്കുള്ള 749 സീറ്റില്‍ 593 ലോക്കും വോട്ടെടുപ്പ് നടന്നു. 5121 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 12.85 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദായക അവകാശം രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് സമയത്ത് പാകിസ്ഥാനില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ആറര ലക്ഷം സൈനികരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചത്.
തനിക്കെതിരെയുള്ള കേസ് രാഷ്‌ട്രീയ പ്രേരിതം: തനിക്കെതിരെയുള്ള കേസുകളെല്ലാം രാഷ്‌ട്രീയ പ്രേരിതമാണെന്ന് വിവിധ കേസുകളിലായി 10 വര്‍ഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഫെബ്രുവരി 8 ഓടെ തന്‍റെ രാഷ്‌ട്രീയ എതിരാളികള്‍ക്ക് വലിയ തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ഥിച്ച് കൊണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.
ബഹിഷ്‌കരണ വാര്‍ത്ത തള്ളി പിടിഐ: പൊതു തെരഞ്ഞെടുപ്പ് പിടിഐ ബഹിഷ്‌കരിക്കുകയാണെന്ന് വാര്‍ത്തകളും പാര്‍ട്ടി തള്ളി. പിടിഐയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കിട്ടത്. 'തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണ്. ഏതാനും ചില മാധ്യമങ്ങളിലൂടെ പിടിഐ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന വാര്‍ത്തകളും ഓഡിയോ ക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം വ്യാജമാണെന്നും' പിടിഐ പോസ്റ്റില്‍ വ്യക്തമാക്കി.
ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു: പൊതു തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ക്രമസമാധാനം നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായി പാകിസ്ഥാനിലുടനീളം മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്‌കാലികമായി നിര്‍ത്തിവച്ചു. ആഭ്യന്തര മന്ത്രാലയത്തില്‍ ഈ നടപടികള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കടുത്ത അതൃപ്‌തിയും പ്രതിഷേധവും പ്രകടിപ്പിച്ചു. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ആവശ്യപ്പെട്ടു.