കൊളംബസ് : യുഎസിൽ നൈട്രജൻ വാതകം ഉപയോഗിച്ച് ആദ്യ വധശിക്ഷ നടപ്പാക്കി ദിവസങ്ങൾക്കകം ഇതേ രീതി പിന്തുടരാൻ താൽപര്യം പ്രകടിപ്പിച്ച് മറ്റൊരു അമേരിക്കൻ സംസ്ഥാനം കൂടി രംഗത്ത്. കഴിഞ്ഞ വ്യാഴാഴ്‌ച (25-1-2014) അലബാമയിൽ ‘നൈട്രജൻ ഹൈപോക്‌സിയ’ എന്ന വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതിനുപിന്നാലെ മറ്റൊരു സംസ്ഥാനമായ ഒഹായോയും സമാന രീതി പിന്തുടരാൻ സാധ്യത തേടുകയാണെന്നാണ് റിപ്പോർട്ട് (Ohio to Follow Nitrogen Gas Execution).
ഒഹായോയിൽ കുറ്റവാളികളെ മാരക വിഷം കുത്തിവച്ച് കൊല്ലുന്ന രീതിയാണ് പിന്തുടരുന്നത്. 2018 മുതൽ ഇവിടെ ആരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടില്ല. 2020-ൽ ഒഹായോ ഗവർണർ മൈക്ക് ഡിവൈൻ മാരകമായ കുത്തിവയ്പ്പ് ഇനി ഒരു ഒപ്ഷനല്ലെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് റിപ്പബ്ലിക്കൻ സ്‌റ്റേറ്റ് അറ്റോർണിയായ ജനറൽ ഡേവ് യോസ്‌റ്റ് നടത്തിയ വാർത്താസമ്മേളത്തിൽ ഒഹായോയിലെ വധശിക്ഷാ സമ്പ്രദായം പുനഃരാരംഭിക്കാനുള്ള നടപടികൾ ചർച്ച ചെയ്‌തു.
കഴിഞ്ഞയാഴ്‌ച അലബാമയിൽ നടപ്പാക്കിയ നൈട്രജൻ വധശിക്ഷ രീതിക്ക് ഡേവ് യോസ്‌റ്റ് പിന്തുണ അറിയിച്ചിരുന്നു. നൈട്രജൻ സുലഭമായി ലഭ്യമാണ്, നിർമ്മിക്കാൻ എളുപ്പവുമാണ്. മാരകമായ കുത്തിവയ്പ്പിനുള്ള മരുന്നുകളുടെ ലഭ്യതക്കുറവ് ഇതുവഴി ഒഴിവാക്കാൻ കഴിയും എന്നാണ് അലബാമയില്‍ നൈട്രജൻ വാതകമുപയോഗിച്ച് വധശിക്ഷ നടപ്പാക്കിയതിൻ്റെ പിറ്റേന്ന് ഡേവ് യോസ്‌റ്റ് തൻ്റെ എക്‌സിൽ പോസ്‌റ്റ് ചെയ്‌തത്.
കൊലക്കേസ് പ്രതിയായ കെന്നെത്ത് യൂജിൻ സ്‌മിത്ത് എന്ന 58-കാരനെയാണ് അലബാമയില്‍ നൈട്രജൻ വാതകമുപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഇയാളെ പ്രത്യേക മാസ്‌ക് ധരിപ്പിച്ചശേഷം ഇതിലേക്ക് നൈട്രജൻ വാതകം കടത്തിവിട്ട് ശ്വാസംമുട്ടിച്ചാണ് ശിക്ഷ നടപ്പാക്കിയത്. പെട്ടെന്നുള്ള വേദനാരഹിതമായ മരണമാണ് നൈട്രജൻ ഹൈപോക്‌സിയയിൽ സംഭവിക്കുന്നതെന്നാണ് അധികൃതർ അവകാശപ്പെട്ടതെങ്കിലും ഏകദേശം 22 മിനിറ്റോളം മരണവെപ്രാളം അനുഭവിച്ച ശേഷമാണ് സ്‌മിത്ത് മരിച്ചത്.
ഈ പ്രക്രിയ മാനുഷികവും ഫലപ്രദവുമാണെന്ന് അലബാമയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും വിമർശകർ ഇതിനെ ക്രൂരവും പരീക്ഷണാത്മകവുമാണെന്നാണ് വിശേഷിപ്പിച്ചത്. ഈ ശിക്ഷാരീതിക്കെതിരെ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും വൈറ്റ് ഹൗസും രംഗത്തെത്തിയിരുന്നു.
Also Read: നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അലബാമ; സമ്മിശ്ര പ്രതികരണം
നിലവിൽ അലബാമ അടക്കം മൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിലാണ് തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതിയുള്ളത്. ഓക്‌ലഹോമ, മിസിസിപ്പി എന്നിവയാണ് കുറ്റവാളികളെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ. ഒഹായോ അടക്കമുള്ള സംസ്ഥാനങ്ങളും ഭാവിയിൽ ഈ വധശിക്ഷാ സമ്പ്രദായം പിന്തുടരാൻ സാധ്യതയുണ്ട്. താത്കാലികമായി വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവച്ചിരുന്ന ഒഹായോയിൽ 118 പുരുഷന്മാരും ഒരു സ്ത്രീയും അടക്കം 119 പേരാണ് മരണം കാത്ത് ജയിലുകളിൽ കഴിയുന്നത്.