കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി പുഷ്‌പകമല്‍ പ്രചണ്ഡ പാര്‍ലമെന്‍റില്‍ വീണ്ടും വിശ്വാസ വോട്ട് നേടി. സഖ്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം രാഷ്‌ട്രീയ സ്ഥിരതയില്ലായ്‌മ പ്രതിസന്ധിയിലാക്കുന്ന രാജ്യമാണ് നേപ്പാള്‍(Nepal). മുന്‍ ഗറില്ലാ നേതാവായ പ്രചണ്ഡ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്‍റര്‍) നേതാവാണ്. ജനപ്രതിനിധി സഭയിലെ മൂന്നാമത്തെ കക്ഷിയുടെ നേതാവായ പ്രചണ്ഡ275 അംഗ സഭയില്‍ 157 വോട്ടുകള്‍ നേടിയാണ് അവിശ്വാസ പ്രമേയത്തെ അതിജീവിച്ചത്( Pushpa Kamal Dahal Prachanda).
വോട്ടെടുപ്പ് വേളയില്‍ 268 അംഗങ്ങള്‍ പാര്‍ലമെന്‍റില്‍ ഹാജരായിരുന്നു. 110 വോട്ടുകള്‍ ഇദ്ദേഹത്തിനെതിരെ രേഖപ്പെടുത്തി. ഒരംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രചണ്ഡയ്ക്ക് വിശ്വാസം നേടാന്‍ 138 വോട്ടുകള്‍ മാത്രമേ ആവശ്യമായിരുന്നുള്ളൂ. 2022ഡിസംബറില്‍ അധികാരത്തിലേറിയ ശേഷം 69കാരനായ പ്രചണ്ഡ ഇത് മൂന്നാം തവണയാണ് വിശ്വാസ വോട്ട് നേടുന്നത്(vote of confidence).
പ്രധാനമന്ത്രി വിശ്വാസ വോട്ട് നേടിയതായി സ്‌പീക്കര്‍ ദേവ് രാജ് ഘിമിര്‍ പ്രഖ്യാപിച്ചു. സഖ്യകക്ഷികള്‍ കരഘോഷത്തോടെയാണ് സ്‌പീക്കറുടെ പ്രഖ്യാപനം സ്വീകരിച്ചത്.
നേപ്പാള്‍ കോണ്‍ഗ്രസുമായുള്ള ബാന്ധവം അവസാനിപ്പിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍(യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുമായി) കൈകോര്‍ത്തതോടെയാണ് വീണ്ടും വിശ്വാസ വോട്ട് തേടേണ്ടി വന്നത്. ഭരണസഖ്യത്തിന് ഒരു പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാല്‍ വിശ്വാസ വോട്ട് തേടണമെന്നാണ് ഭരണഘടനാ ചട്ടം. ജനപ്രാതിനിധ്യ സഭയിലെ ഏറ്റവും വലിയ കക്ഷിയാണ് നേപ്പാളി കോണ്‍ഗ്രസ്. നിലവില്‍ പ്രചണ്ഡയുടെ പുതിയ രാഷ്‌ട്രീയ സഖ്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്-സിപിഎന്‍യുഎംഎല്‍), മുന്‍പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയാണ് പാര്‍ട്ടി നേതാവ്. ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ വിമര്‍ശകനായാണ് വിലയിരുത്തുന്നത്. മുന്‍ഭരണസഖ്യത്തില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടായതോടെയാണ് പുതിയ സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതെന്നാണ് ഒലി വ്യക്തമാക്കി. പ്രധാനമന്ത്രിയുെട ആഗ്രഹപ്രകാരമാണ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചത്. നേപ്പാളി കോണ്‍ഗ്രസിന്‍റെ പിന്തുണ അസൗകര്യങ്ങള്‍ സൃഷ്‌ടിച്ചപ്പോഴാണ് തങ്ങള്‍ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
2022 ഡിസംബര്‍ 25നാണ് പ്രചണ്ഡ മൂന്നാംതവണയും പ്രധാനമന്ത്രിയായി അധികാരമേറ്റത്. കഴിഞ്ഞ കൊല്ലം ഒലിയുടെ സിപിഎന്‍ യുഎംഎല്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ആദ്യമായി വിശ്വാസവോട്ട് നേടേണ്ടി വന്നത്. പ്രധാനപ്രതിപക്ഷ കക്ഷിയുടെ നേതാവിനെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. 2023 ജനുവരി പത്തിനായിരുന്നു ആദ്യ വിശ്വാസവോട്ട് തേടല്‍. അതില്‍ 268 വോട്ട് നേടാനായി. മൂന്ന് മാസത്തിന് ശേഷം രണ്ടാമതും വിശ്വാസവോട്ട് തേടേണ്ടി വന്നു. നേപ്പാളി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതോടെ ആയിരുന്നു ഇത്. അത്തവണ 172 വോട്ട് നേടാനായി.
2017 തെരഞ്ഞെടുപ്പില്‍ ഒലിയും പ്രചണ്ഡയും തങ്ങളുടെ കക്ഷികളെ ഒന്നിച്ച് നിര്‍ത്തി നിര്‍ണായക ഭൂരിപക്ഷം നേടി. ഒലി പ്രധാനമന്ത്രിയായി. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതോടെ അവരുടെ പങ്കാളിത്തം പാതിവഴിയില്‍ അവസാനിച്ചു.
നേപ്പാളില്‍ രാത്രി ഇരുണ്ട് വെളുക്കുമ്പോള്‍ ഉണ്ടാകുന്ന രാഷ്‌ട്രീയ മാറ്റങ്ങള്‍ പുത്തരിയല്ലെന്നാണ് കാഠ്മണ്ഡു പോസ്റ്റ് തങ്ങളുടെ എഡിറ്റോറിയലില്‍ കുറിച്ചത്. അത് കൊണ്ടാണ് പ്രധാനമന്ത്രി പുഷ്‌പകമല്‍ ദഹല്‍ നേപ്പാളി കോണ്‍ഗ്രസുമായുള്ള ബാന്ധവം ഉപേക്ഷിച്ച് സിപിഎന്‍ യുഎംഎലുമായി കൈകോര്‍ത്തപ്പോള്‍ നേപ്പാള്‍ ജനതയ്ക്ക് അത്ഭുതമൊന്നും തോന്നാതിരുന്നതെന്നും കാഠ്മണ്ഡു പോസ്റ്റ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മൂന്ന് വന്‍ പാര്‍ട്ടികളായ നേപ്പാളി കോണ്‍ഗ്രസ്, സിപിഎന്‍ യുഎംഎല്‍, മാവോയിസ്റ്റ് സെന്‍റര്‍ എന്നിവയാണ് മാറി മാറി രാജ്യം ഭരിക്കുന്നത്. അവരവരുടെ സൗകര്യം അനുസരിച്ച് പങ്കാളികളും സഖ്യങ്ങളും മാറിമാറിയുണ്ടാക്കുന്നു. അധികാരം കയ്യില്‍ വരുമ്പോള്‍ സുഹൃത്തുക്കള്‍ ശത്രുക്കളാകുന്നു തിരിച്ചും. രാഷ്‌ട്രീയ സ്ഥിരത കൈവരിക്കുന്നതോടൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും ശ്രദ്ധ നല്‍കണമെന്ന താക്കീതും കാഠ്‌മണ്ഡു പോസ്റ്റ് നല്‍കുന്നു.