കാഠ്‌മണ്ഡു : ഭരണഘടനാപരമായ രാജവാഴ്‌ച പുനഃസ്ഥാപിക്കണമെന്നും രാജ്യത്തെ ഹിന്ദു രാജ്യമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങള്‍ നേപ്പാളിൽ പ്രതിഷേധത്തില്‍. വലതുപക്ഷ അനുകൂല പാര്‍ട്ടിയായ 'രാഷ്‌ട്രീയ പ്രജാതന്ത്ര പാർട്ടി' (നാഷണലിസ്‌റ്റ് പീപ്പിൾസ് പാർട്ടി) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തത്.
തലസ്ഥാന നഗരമായ കാഠ്‌മണ്ഡുവിൽ നടന്ന പ്രതിഷേധത്തിൽ നിലവിലെ ഗവൺമെന്‍റിനെ റദ്ദാക്കണമെന്ന മുദ്രാവാക്യങ്ങൾ ഉയർത്തി ആളുകൾ മാർച്ച് നടത്തി. മാർച്ചിനെ തുടര്‍ന്ന് കാഠ്‌മണ്ഡുവിലെ പ്രധാന ഗതാഗത മാര്‍ഗം സ്‌തംഭിച്ചു. അധികാരികൾ പ്രദേശത്ത് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഇടയ്ക്കിടെ നടക്കുന്ന പ്രകടനങ്ങളിൽ സംഘർഷങ്ങളും ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്.
രാഷ്‌ട്രീയ പ്രജാതന്ത്ര പാർട്ടി ചെയർമാനും മുൻ ഉപ പ്രധാനമന്ത്രിയുമായ രാജേന്ദ്ര ലിംഗ്‌ഡനാണ് ഉത്തരവ് ലംഘിച്ച് സൈനിക ആസ്ഥാനത്തിന് സമീപമുള്ള ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തേക്ക് പ്രതിഷേധത്തെ നയിച്ചത്. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും ബാരിക്കേഡുകൾ തകര്‍ക്കുകയും ചെയ്‌തു. നിരോധിത മേഖലയിലേക്ക് പ്രവേശിച്ചതിനെ തുടർന്ന് കലാപ വിരുദ്ധ സേന ജലപീരങ്കി പ്രയോഗിച്ചു.
നേപ്പാളി കോൺഗ്രസ് പാർട്ടിയുമായി സഖ്യമുണ്ടാക്കി, മുൻ മാവോയിസ്‌റ്റ് വിമത നേതാവായ പുഷ്‌പ കമാൽ ദഹലാണ് ഇപ്പോൾ നേപ്പാളിന്‍റെ പ്രധാനമന്ത്രി പദത്തിലിരിക്കുന്നത്. 1996 നും 2006 നും ഇടയിൽ 17,000 പേരെ കൊന്നൊടുക്കിയ മാവോയിസ്‌റ്റ് കലാപം അവസാനിപ്പിച്ച്, ഒരു കരാറിന്‍റെ അടിസ്ഥാനത്തിലാണ് 2008-ൽ, 239 വർഷമായി നിലനിന്നിരുന്ന രാജവാഴ്‌ച നിർത്തലാക്കി നേപ്പാളില്‍ ഫെഡറൽ റിപ്പബ്ലിക്ക് സ്ഥാപിച്ചത്.
Also Read : പ്രചണ്ഡ നയിക്കും; മൂന്നാംവട്ടവും വിശ്വാസ വോട്ട് നേടി നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ