മോസ്കോ (റഷ്യ) : ക്രോക്കസ് സിറ്റി ഹാളില്‍ സംഗീത നിശയ്‌ക്കിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 144 ആയി. മരിച്ചവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ് 551 പേര്‍ ചികിത്സയിലാണ്.
തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ജനിതക പരിശോധനകള്‍ നടക്കുകയാണെന്നും ആക്രമണം നടന്ന ക്രോക്കസ് സിറ്റി ഹാളിലും പരിസരത്തും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അടക്കം പരിശോധന നടത്തുകയാണെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. മാര്‍ച്ച് 22നാണ് മോസ്‌കോ ക്രാസ്നോഗോര്‍സ്‌കില്‍ സ്ഥിതി ചെയ്യുന്ന ക്രോക്കസ് സിറ്റി ഹാളില്‍ ഭീകരാക്രമണം നടന്നത്.
സംഗീത നിശ നടക്കുന്നതിനിടെയിലേക്ക് തോക്കും മറ്റ് ആയുധങ്ങളുമായി കയറിവന്ന അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്‌പ്പിന് പിന്നാലെ ഹാളില്‍ രണ്ട് തവണ സ്‌ഫോടനവും നടന്നു. സ്‌ഫോടനം നടന്നതോടെ ഹാളില്‍ വന്‍ തീപിടിത്തമാണ് ഉണ്ടായത്. ഇതിനിടെ ഹാളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തിക്കിലും തിരക്കിലും പെട്ടാണ് പലരും മരിച്ചത് എന്നാണ് വിവരം.
ആക്രമണത്തിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് രംഗത്തുവന്നിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന നാലുപേരും ഇവരെ സഹായിച്ചതായി സംശയിക്കുന്നവരും ഉള്‍പ്പെടെ 11 പേരാണ് നിലവില്‍ അറസ്റ്റിലായത്. അതിനിടെ ആക്രമണത്തിന് യുക്രെയ്‌ന്‍ ദേശീയവാദികളുമായി ബന്ധമുണ്ടെന്ന് റഷ്യന്‍ അന്വേഷണ സമിതി വെളിപ്പെടുത്തിയിരുന്നു. 2018ന് ശേഷം കഴിഞ്ഞ ഞായറാഴ്‌ച ആണ് റഷ്യയില്‍ രാജ്യവ്യാപക ദുഖാചരണം നടന്നത്.