മിസോറി (യുഎസ്) : മിസോറിയിലെ കാൻസസ് സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ബുധനാഴ്‌ച (14-02-2024) ചീഫ്‌സ് സൂപ്പർ ബൗൾ വിജയത്തിന് പിന്നാലെ നടന്ന പരേഡിലാണ് വെടിവയ്പ്പ് നടന്നതെന്ന് അധികൃതർ അറിയിച്ചു (Kansas City shooting).
വെടിവയ്‌പ്പില്‍ പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും, ഒരാൾക്ക് ജീവന് ഭീഷണിയുള്ള പരിക്കുകളുണ്ടെന്നും അധികൃതർ പറഞ്ഞതായി, എബിസി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. യൂണിയൻ സ്‌റ്റേഷന്‍റെ പടിഞ്ഞാറ്, ഗാരേജിന് സമീപം, ചീഫിന്‍റെ ആരാധകർ പോകുമ്പോഴാണ് വെടിവയ്പ്പ് നടന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആയുധധാരികളായ മൂന്നുപേരെ ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തതായി കാൻസസ് സിറ്റി പൊലീസ് ചീഫ് സ്‌റ്റേസി ഗ്രേവ്‌സ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബുധനാഴ്‌ച നടന്ന ആഘോഷത്തിൽ ഏകദേശം പത്തുലക്ഷം പരേഡര്‍മാരും 600 നിയമപാലകരും എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി റിപ്പോർട്ട് പറയുന്നു.
സൂപ്പർ ബൗൾ ചാമ്പ്യന്മാർക്കൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് കാൻസസ് സിറ്റി ചീഫ്‌സ് ആരാധകർ ബുധനാഴ്‌ച കൻസാസ് സിറ്റി ഡൗണ്‍ടൗണ്‍ തെരുവുകളിൽ സന്നിഹിതരായിരുന്നുവെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തിരുന്നു. അഞ്ച് വർഷത്തിനിടെ ടീമിന്‍റെ മൂന്നാമത്തെ എന്‍എഫ്‌എല്‍ ചാമ്പ്യൻഷിപ്പ് ആഘോഷമാണിത്. യൂണിയൻ സ്‌റ്റേഷനു സമീപം സംഘത്തോടൊപ്പമുള്ള പെപ് റാലിക്ക് ശേഷം നിരവധി പേർക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചതിനെ തുടർന്ന് ആഘോഷങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.
'വെടിയൊച്ച മുഴങ്ങിയപ്പോൾ ഞങ്ങൾ ഒരു ലിഫ്റ്റ് ഉള്ളിടത്തേക്ക് പോയി, വാതിലടച്ച് ഏറെ നേരെ ഇരുന്നു' -സംഭവത്തെ കുറിച്ച് വിശദീകരിച്ച് ഒരു സ്‌ത്രീ പറഞ്ഞു. 'എവിടെ നിന്നോ ഒരു നിലവിളി ഉയര്‍ന്നു, പോകുന്നത് സുരക്ഷിതമാണോ എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു, അതിനാൽ ഞങ്ങൾ വാതിലുകൾ തുറക്കാതിരിക്കാൻ ശ്രമിച്ചു. ലിഫ്റ്റ് നീങ്ങുന്നത് അറിഞ്ഞ ഞങ്ങൾ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു, അവിടെ ഒരു ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. എന്‍റെ ജീവിതത്തിലൊരിക്കലും ഒരു ഉദ്യോഗസ്ഥനെ കണ്ടതിൽ ഇത്രയും സന്തോഷം തോന്നിയിട്ടില്ല' -ആ സ്‌ത്രീ കൂട്ടിച്ചേര്‍ത്തു. വെടിവയ്‌പ്പില്‍ തങ്ങൾക്കുണ്ടായ അനുഭവം മാധ്യമങ്ങളോട് പങ്കുവയ്‌ക്കുകയായിരുന്നു അവർ.
വെടിയേറ്റവരുടെ ചികിത്സ സുഗമമാക്കുന്നതിനും, കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും പ്രദേശത്ത് നിന്ന് പുറത്തുകടക്കാനും പാർക്കിങ് ഗാരേജ് ഒഴിവാക്കാനും തങ്ങൾക്ക് ആളുകളെ ആവശ്യമുണ്ട് എന്ന് പൊലീസ് അറിയിച്ചു. യൂണിയൻ സ്‌റ്റേഷനിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും പരിക്കേറ്റവരുടെ പരിചരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥർ പരിശ്രമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കാൻസസ് ഗവർണർ ലോറ കെല്ലി, സിറ്റി പോലീസ് നൽകുന്ന നിർദേശങ്ങളും അപ്‌ഡേറ്റുകളും പാലിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചു. 'ഞാൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. @kcpolice-ൽ നിന്നുള്ള നിർദേശങ്ങളും അപ്‌ഡേറ്റുകളും പാലിക്കാൻ ഞാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു. ദയവായി സുരക്ഷിതരായിരിക്കുക' എന്നും കാൻസസ് ഗവർണർ ലോറ കെല്ലി എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു.
ALSO READ : അമേരിക്കയില്‍ മരിച്ചത് കേരളത്തിനു പ്രിയപ്പെട്ടവര്‍; കണ്ണീരോടെ കിളികൊല്ലൂരും പട്ടത്താനവും