ലണ്ടൻ: ബക്കിങ്‌ഹാം കൊട്ടാരത്തിന്‍റെ പ്രധാന ഗേറ്റുകളിലേക്ക് കാർ ഇടിച്ചുകയറി. സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്‌ത് സ്കോട്ട്‌ലൻഡ് യാർഡ് ഉദ്യോഗസ്ഥർ. അറസ്റ്റ് ചെയ്‌ത ശേഷം പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച പുലർച്ചെ 2:33 ഓടെയാണ് ബക്കിങ്‌ഹാം കൊട്ടാരത്തിന്‍റെ ഗേറ്റിൽ കാർ ഇടിച്ചതെന്ന് പൊലീസ് വക്താവ് പറഞ്ഞു.
ക്രിമിനൽ നാശനഷ്‌ടം ആരോപിച്ച് സായുധ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് വെച്ച് ഒരാളെ അറസ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും കൂട്ടിചേര്‍ത്തു.
ചാൾസ് മൂന്നാമൻ സംഭവ സമയത്ത് ബക്കിങ്‌ഹാം കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. നുഴഞ്ഞുകയറ്റ സംഭവങ്ങളെ തുടർന്ന് വർഷങ്ങളായി ബക്കിങ്‌ഹാം കൊട്ടാരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
ബക്കിങ്‌ഹാം കൊട്ടാരത്തിന്‍റെ മുറ്റത്തേക്ക് വെടിയുണ്ടകള്‍ എന്ന് സംശയിക്കുന്ന വസ്‌തുക്കൾ വലിച്ചെറിഞ്ഞയാളെ കഴിഞ്ഞ മെയ്യ് മൂന്നിന് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളുടെ കയ്യിൽ നിന്ന് ഒരു ബാഗും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സംഭവം നടന്നയുടനെ തന്നെ ഇയാളെ പൊലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്കോ പൊതുജനങ്ങൾക്കോ പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.