ടെഹ്‌റാന്‍ : ഇറാനും സഖ്യകക്ഷികളും ഇസ്രയേലിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനി. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി വെള്ളിയാഴ്‌ച നമസ്‌കാരത്തില്‍ പങ്കെടുത്തത്. ഇസ്രയേലിനെതിരെ തന്‍റെ രാജ്യവും സഖ്യവും പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ആ പോരാട്ടം ഏറെ നീണ്ടു നില്‍ക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നടക്കുന്ന രക്തസാക്ഷിത്വം കൊണ്ടൊന്നും ഇത് അവസാനിക്കില്ല. വിജയം കൈവരിച്ചേ പോരാട്ടം അവസാനിപ്പിക്കൂ എന്നും അദ്ദേഹം പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കി. ഫാഴ്‌സി സംസാരിക്കുന്ന ജനക്കൂട്ടത്തിനോട് അറബിയിലായിരുന്നു അദ്ദേഹത്തിന്‍റെ സംസാരം. നസ്‌റുള്ളയടക്കമുള്ള ഉന്നത ഹിസ്‌ബുള്ള നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് ഇസ്രയേലിന് മേല്‍ ഇറാന്‍ മിസൈലാക്രമണം നടത്തുന്നത്. ഇസ്രയേലിനെതിരെ രണ്ടാം വട്ടം ആക്രമണം ആരംഭിച്ച ശേഷം ആദ്യമായാണ് അയത്തൊള്ള അലി ഖമേനി വെള്ളിയാഴ്‌ച നമസ്‌കാരത്തിലും തുടര്‍ന്നുള്ള പ്രസംഗത്തിലും സംബന്ധിച്ചത്.
നസ്‌റുള്ളയ്ക്ക് ആദരം
ഹമാസിനെയോ ഹിസ്‌ബുള്ളയെയോ ഒരുതരത്തിലും മറികടക്കാനോ ജയിക്കാനോ ഇസ്രയേലിന് കഴിയില്ല. സയിദ് ഹസന്‍ നസ്‌റുള്ള ഇപ്പോള്‍ നമുക്കൊപ്പം ഇപ്പോഴില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ആത്മാവും അദ്ദേഹം കാട്ടിത്തന്ന വഴികളും നമുക്കൊപ്പമുണ്ടാകും. സയനിസ്റ്റ് ശത്രുവിനെതിരെ ഉയര്‍ന്ന് നിന്ന പതാകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വം ഈ സ്വാധീനം കൂടുതല്‍ വര്‍ദ്ധിപ്പിക്കും. നാം നമ്മുടെ വിശ്വസം മുറുകെ പിടിക്കുന്നതിനൊപ്പം ശത്രുവിനെതിരെ ശക്തമായി നിലകൊള്ളുകയും വേണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം എന്ന മുദ്രാവാക്യം മുഴക്കി പിന്തുണ അറിയിച്ചു.
Martyr Nasrallah’s most important message during his lifetime to the people of Lebanon was to not despair over the loss of prominent figures such as Imam Musa Sadr, Sayyid Abbas Mousavi; to increase your efforts; to stand up to the aggressive enemy; and to defeat them.
— Khamenei.ir (@khamenei_ir) October 4, 2024
നേരത്തെ അദ്ദേഹം എക്‌സിലെ കുറിപ്പിലും നസ്‌റള്ളയ്ക്ക് ആദരം അര്‍പ്പിച്ചിരുന്നു. തന്‍റെ സഹോദരനെ ആദരിക്കേണ്ടത് അത്യാവശ്യമാണെന്ന് താന്‍ കരുതുന്നു. എന്‍റെ പ്രിയപ്പെട്ടവന്‍, തനിക്ക് ഏറെ അഭിമാനം പകര്‍ന്നവന്‍, ഇസ്ലാമിക ലോകമെല്ലാം അംഗീകരിച്ചിരുന്നവന്‍, ലെബനന്‍റെ വജ്ര ശോഭ എന്നിങ്ങനെ ആയിരുന്നു നസ്‌റുള്ളയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇമാം മുസ സദര്‍, സയ്യിദ് അബ്ബാസ് മൗസവി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ തങ്ങള്‍ക്ക് നഷ്‌ടമായപ്പോഴും ലെബനന്‍ ജനത പോരാട്ടത്തില്‍ നിന്ന് പിന്നാക്കം പോകരുതെന്ന സന്ദേശമാണ് അദ്ദേഹം ജീവിതത്തിലുടനീളം നമുക്ക് നല്‍കിയത്. നമ്മുടെ പോരാട്ടം തുടരണം. അക്രമകാരിയായ ശത്രുവിനെതിരെ കരുത്തോടെ നില കൊള്ളുകയും അവരെ പരാജയപ്പെടുത്തുകയും വേണം എന്നാണ് അദ്ദേഹം നമ്മെ പഠിപ്പിച്ചത്. ഇതാണ് ലെബനനിലെ ജനങ്ങളില്‍ നിന്ന് നമ്മുടെ രക്തസാക്ഷിയായ സയ്യീദ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
I believe it’s necessary to honor my brother, my dear one, who was a source of pride for me, an admired personage in the Islamic world & the articulate voice of the nations in the region, the shining jewel of Lebanon, Sayyid Hassan #Nasrallah, during this Friday Prayer in Tehran.
— Khamenei.ir (@khamenei_ir) October 4, 2024
അമേരിക്ക പേപ്പട്ടി, ഇസ്രയേല്‍ രക്ത രക്ഷസ്
അമേരിക്ക പേപ്പട്ടിയാണെന്നും ഇസ്രയേല്‍ രക്തരക്ഷസെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇറാന്‍ ഇസ്രയേലിനെതിരെ പരിമിതമായ ആക്രമണങ്ങളെ നടത്തിയിട്ടുള്ളൂ. ശത്രുവിന്‍റെ ലക്ഷ്യം മുസ്ലീം രാഷ്‌ട്രങ്ങള്‍ തിരിച്ചറിയണം. മുസ്ലീം രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. നമ്മുടെ ശത്രു സ്വീകരിച്ച നയങ്ങള്‍ ഭിന്നിപ്പിന്‍റെയും രാജ്യദ്രോഹത്തിന്‍റെയും വിത്തുകള്‍ പാകുക എന്നതാണ്. എല്ലാ മുസ്ലീങ്ങള്‍ക്കിടയിലും വിള്ളല്‍ വീഴ്‌ത്തുകയാണ് അവരുടെ ലക്ഷ്യം. സ്വേച്ഛാധിപത്യത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അത്യന്തിക അവകാശം ഓരോ രാജ്യത്തിനും ഓരോ ജനങ്ങള്‍ക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരെ കൊന്ന് തള്ളുന്നതിന്‍റെ ഫലം ഇസ്രയേല്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
ടെഹറ്‌നിലെ പള്ളിയിലാണ് ഖമേനിയുടെ പ്രാര്‍ത്ഥനയെന്ന് നേരത്തെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് അറിയിച്ചിരുന്നു. പ്രാദേശിക സമയം രാവിലെ 10.30ന് നസ്‌റല്ലെയുടെ അനുസ്‌മരണത്തിന് ശേഷമായിരുന്നു പ്രാര്‍ത്ഥന. 2020 ജനുവരിയിലാണ് അദ്ദേഹം അവസാനമായി വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. ഇറാന്‍റെ അര്‍ദ്ധ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്‍റെ ഒന്നാം വാര്‍ഷികത്തിന് മൂന്ന് ദിവസം മുമ്പാണ് ഖുമൈനി പൊതുചടങ്ങില്‍ സംസാരിച്ചത് എന്നതും ശ്രദ്ധേയമാണ്. വ്യോമാക്രമണത്തില്‍ നസ്‌റല്ലയ്ക്കൊപ്പം റവല്യൂഷണറി ഗാര്‍ഡിലെ ജനറല്‍ അബ്ബാസ് നില്‍ഫൊറൂഷന്‍റെ മരണവും ഇറാന് കനത്ത ആഘാതമാണ് സൃഷ്‌ടിച്ചത്.
യുദ്ധക്കെടുതിയുടെ കണക്കുകള്‍ ഇങ്ങനെ
ആക്രമണങ്ങളെ തുടര്‍ന്ന് അറുപതിനായിരം ഇസ്രയേലികള്‍ക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരെ തിരികെ കൊണ്ടുവരാനാണ് തങ്ങളുടെ ശ്രമമെന്ന് ഇസ്രയേല്‍ പറയുന്നു. സെപ്റ്റംബര്‍ 23ന് ശേഷം ഹിസ്‌ബുള്ളയുടെ ശക്തി കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലെബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്ത് നിന്ന് ആയിരങ്ങള്‍ സ്വന്തം വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്‌തു.
നിരവധി ഹിസ്‌ബുള്ള പോരാളികളെ ഇസ്രയേല്‍ ഇതിനകം തന്നെ വധിച്ച് കഴിഞ്ഞു. ഒരു ഇറാനിയന്‍ ജനറലും ഹിസ്‌ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ളയും കൊല്ലപ്പെട്ടു. പതിറ്റാണ്ടുകള്‍ക്കിടെ ഇവര്‍ക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്‌ടങ്ങളാണിത്.
അതേസമയം ആളുകള്‍ വലിയ ഭീതിയിലാണ്. യുദ്ധം നീണ്ടു പോയേക്കാം, കുഞ്ഞുങ്ങളെ ഓര്‍ത്ത് വലിയ ഭീതിയുണ്ടെന്നാണ് പലയാനം ചെയ്യപ്പെട്ട 35കാരിയായ നഴ്‌സ് ഫാത്തിമ സലാഹ് ബെയ്റൂട്ടില്‍ പറഞ്ഞത്. ഇസ്രയേലിനെ ആക്രമിക്കുന്നവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവാവ് ഗല്ലാന്ത് മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ തിരിച്ചടിച്ചാല്‍ തങ്ങള്‍ ശക്തമായി പോരാട്ടം തുടരുമെന്നാണ് ഇറാന്‍റെ നിലപാട്.
ഇറാന്‍ തൊടുത്ത 200 ഓളം മിസൈലുകള്‍ ഇസ്രയേല്‍ നിര്‍വീര്യമാക്കി. എങ്കിലും ആക്രമണങ്ങള്‍ ഇസ്രയേലിന് മേല്‍ ആശങ്ക വിരിച്ചിട്ടുണ്ട്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും ഇവര്‍ ഭയക്കുന്നു. വെസ്റ്റ്ബാങ്കില്‍ ഒരു പലസ്‌തീനിയന്‍ കൊല്ലപ്പെട്ടു. ഒരു റോക്കറ്റ് പോലും ഒരാളുടെയും ജീവന്‍ എടുത്തില്ല എന്നത് അത്ഭുതകരമാണെന്ന് റോണി എലി യാ എന്ന 37കാരന്‍ പ്രതികരിച്ചു. ഇസ്രയേല്‍ പൗരനായ ഇയാള്‍ യുക്രെയ്‌നിലെ ഉമാനില്‍ തീര്‍ത്ഥാടനത്തിലാണ്.
ഇറാന്‍റെ എണ്ണക്കിണറുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രണം നടത്താനുള്ള സാധ്യത പരിശോധിച്ച് വരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോബൈഡന്‍ പറഞ്ഞു.
അതിര്‍ത്തി അടച്ചു
ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് സിറിയയിലേക്കുള്ള രാജ്യാന്തര പാത തകര്‍ന്നതായി ലെബനന്‍ പറഞ്ഞു. ഹിസ്‌ബുള്ള ഇതുവഴിയാണ് ആയുധം കടത്തുന്നതെന്ന് ഇസ്രയേല്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പാത തകര്‍ത്തത്.
310,000 പേര്‍ ഇസ്രയേലില്‍ നിന്ന് കുറച്ച് കൂടി സുരക്ഷിതമായ സിറിയയില്‍ അഭയം തേടി. ഇവരിലേറെയും സിറിയക്കാര്‍ തന്നെയാണ്. ഹിസ്‌ബുള്ള കേന്ദ്രങ്ങളില്‍ രാത്രി മുഴുവന്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സേന അവകാശപ്പെട്ടു. മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ഭൂഗര്‍ഭ ആയുധ ശേഖരം തകര്‍ത്തെന്നും ഇവര്‍ വ്യക്തമാക്കി. ലെബനനില്‍ നിന്ന് സിറിയ വഴി മാത്രമേ പുറത്തേക്ക് പോകാനാകൂ. എന്നാല്‍ പാത തകര്‍ന്നതോടെ നിരവധി പേര്‍ കുടുങ്ങിയിരിക്കുകയാണ്.
ഇതിനിടെ ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘാചി ബെയ്‌റൂട്ടില്‍ ലെബനന്‍ അധികൃതരുമായി ചര്‍ച്ചയ്ക്കെത്തിയതായി ലെബനന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷണല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.
ദക്ഷിണ മേഖലയിലെ ഹിസ്‌ബുള്ള കേന്ദ്രത്തിന് നേരെ രാത്രി മുഴുവന്‍ നീണ്ട ആക്രമണത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ സന്ദര്‍ശനം.