ചിക്കാഗോ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവെൻഷനിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ട്രംപിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്. ട്രംപിന്‍റെ ഭരണകാലത്തെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു കമലയുടെ പ്രസംഗം. ട്രംപ് ഗൗരവകരമല്ലാത്ത ആളാണ്, എന്നാൽ ട്രംപിന്‍റെ കാലത്ത് അതീവ ഗൗരവകരമായ കാര്യങ്ങളാണ് അരങ്ങേറിയതെന്ന് കമല പറഞ്ഞു.
തന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥിത്വം ഔദ്യോഗികമായി അംഗീകരിച്ച് സംസാരിക്കുകയായിരുന്നു കമല ഹാരിസ്. വ്യത്യാസങ്ങൾക്കപ്പുറത്തേക്ക് വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് എല്ലാ അമേരിക്കക്കാരുടെയുംപ്രസിഡന്‍റ് ആയിരിക്കും താനെന്ന് കമല ഹാരിസ് ഉറപ്പ് നൽകി. പലസ്‌തീനിലെ വംശഹത്യക്കെതിരെയും സ്ത്രീകളുടെ ഗര്‍ഭച്ഛിദ്രവകാശത്തിന് വേണ്ടിയും കടുത്ത നിലപാട് സ്വീകരിക്കുമെന്നും കമല വ്യക്തമാക്കി.
അതേസമയം കുടിയേറ്റ വിഷയങ്ങളിലേക്കാണ് ട്രംപ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രംപും കമലയും തമ്മിലുള്ള സംവാദം സെപ്റ്റംബർ 10ന് നടക്കാനിരിക്കുകയാണ്. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഈ സംവാദങ്ങൾ ഏറെ നിർണായകമാകാറുണ്ട്.
കമല വന്ന വഴി: നിലവിലെ പ്രസിഡന്‍റ് ജോ ബൈഡൻ ആയിരുന്നു ഡെമോക്രാറ്റിക് പാർട്ടിയുടെ ഇത്തവണത്തെ പ്രസിഡന്‍റ് സ്ഥാനാർഥി. പക്ഷെ റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപുമായുള്ള സംവാദങ്ങളിൽ ബൈഡന്‍റെ ദയനീയമായ പരാജയങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നിപ്പുണ്ടാക്കി. ബൈഡന്‍റെ പ്രായാധിക്യവും ഓർമ്മക്കുറവുമായിരുന്നു പ്രധാന വെല്ലുവിളികൾ. ജൂൺ 27ന് ഇരുവരും തമ്മിൽ നടന്ന 90 മിനിറ്റ് സംവാദത്തില്‍ അടിപതറിയതോടെയാണ് ബൈഡന് പിന്മാറേണ്ടിവന്നത്.
ബൈഡൻ തന്നെയാണ് പുതിയ സ്ഥാനാർഥിയായി കമലയെ നിർദേശിച്ചതും. ഈ നിർദേശം അംഗീകരിക്കപ്പെടുകയായിരുന്നു. ഡെമോക്രാറ്റുകള്‍ ഒരുമിച്ചു നിന്ന് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തണമെന്നും ബൈഡന്‍ ആഹ്വാനം ചെയ്‌തു. അസ്വാരസ്യങ്ങൾ പരിഹരിച്ച് പാർട്ടിയെ ഒന്നിച്ച് നിർത്തുന്നതിൽ കമലയുടെ സ്ഥാനാർഥിത്വം വിജയം കണ്ടു. കമലയുടെ സ്ഥാനാർഥിത്വത്തിലൂടെ ചരിത്രത്തിലെ തന്നെ വലിയ ഫണ്ട് ശേഖരണം നടത്താൻ ഡെമോക്രാറ്റിക് പാർട്ടിക്കായി. സർവേകളിൽ ട്രംപിൻ്റെ ലീഡ് പിടിച്ച് കെട്ടിയ കമലക്ക് തെരഞ്ഞെടുപ്പിലും ഈ മുന്നേറ്റം നിലനിർത്താനാവുമോ എന്നാണ് ഇപ്പോൾ അമേരിക്കൻ ജനത ഉറ്റുനോക്കുന്നത്.
കമല ചരിത്രത്തിലേക്കോ? വന്‍ ജനപിന്തുണയാണ് കമലയുടെ സ്ഥാനാർഥിത്വത്തിന് ലഭിക്കുന്നത്. ഒരു പ്രധാന പൊളിറ്റിക്കൽ പാർട്ടിയുടെ ഔദ്യോഗിക വനിത പ്രസിഡന്‍റ് സ്ഥാനാർഥിയാകുന്ന രണ്ടാമത്തെ ആളാണ് കമല. വിജയിക്കുകയാണെങ്കിൽ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ വനിത പ്രസിഡന്‍റ് ആയി കമല മാറും. വിജയിക്കുകയാണെങ്കിൽ കറുത്ത വർഗക്കാരിൽ നിന്നുള്ള രണ്ടാമത്തെ പ്രസിഡന്‍റും കമലയായിരിക്കും.
Also Read:അമേരിക്കന്‍ പ്രസിഡന്‍റാകുന്ന ആദ്യ ഇന്ത്യന്‍ വംശജയാകുമോ കമല ഹാരിസ്?; അറിയാം കമലയെ കുറിച്ച്