ജെറുസലേം: ഇറാന്‍റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞദിവസം ഇസ്രയേല്‍ നടത്തിയത്. വ്യോമാക്രമണങ്ങളുടെ പരമ്പര തന്നെയാണ് ഇസ്രയേല്‍ അഴിച്ച് വിട്ടത്. ഇതോടെ എങ്ങനെയാകും ഇറാന്‍ തിരിച്ചടിക്കുക എന്ന ആശങ്കയാണ് ലോകമെമ്പാടുനിന്നും ഉയരുന്നത്. ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കാര്യങ്ങൾ നോക്കാം.
- 1. നിരവധിയിടങ്ങള്‍ ആക്രമിക്കപ്പെട്ടു
കഴിഞ്ഞ രാത്രിയില്‍ ഇസ്രയേല്‍ ഇറാനിലെ നിരവധിയിടങ്ങളില്‍ ആക്രമണം അഴിച്ച് വിട്ടു. രാജ്യത്തിന്‍റെ ഉള്ളിലേക്ക് കയറി സ്ഥിതിചെയ്യുന്ന തലസ്ഥാനമായ ടെഹ്‌റാനിലും പൊട്ടിത്തെറികളുണ്ടായി. എന്നാല്‍ വളരെ ചെറിയ നിയന്ത്രിത ആക്രമണങ്ങളാണ് തങ്ങള്‍ നടത്തിയതെന്നാണ് ഇസ്രയേലിന്‍റെ പ്രതികരണം. ഇറാന്‍റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും, വ്യോമ സംവിധാനങ്ങള്‍ക്കും, മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്കും നേരെയാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ വിശദീകരിക്കുന്നു. പരിമിതമായ നാശനഷ്‌ടങ്ങളേ തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളൂവെന്ന് ഇറാനും പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം നാശനഷ്‌ടങ്ങളുടെ വ്യാപ്‌തി പൂര്‍ണമായും ലഭ്യമായിട്ടില്ല. രണ്ട് രാജ്യങ്ങളും ഇതേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ല. ഇലാം, ഖുസെസ്‌താന്‍, ടെഹ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ സൈനികത്താവളങ്ങളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ പറയുന്നു. അതേസമയം ഇറാന്‍റെ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തെന്ന ആത്മവിശ്വാസത്തിലാണ് ഇസ്രയേല്‍. ഇസ്രയേലിന് ഇറാനെ ആക്രമിക്കാന്‍ വിശാലമായ ആകാശ സ്വാതന്ത്ര്യം ഉണ്ടെന്നാണ് സൈനിക വക്താവ് റിയര്‍ അഡ്‌മിറല്‍ ഡാനിയേല്‍ ഹഗാരി പറയുന്നത്.
- 2. എന്തൊക്കെ തകര്‍ത്തില്ലെന്നതും പ്രധാനം
ഇറാനിലെ എല്ലാ കേന്ദ്രങ്ങളെയും ഇസ്രയേല്‍ ലക്ഷ്യമിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഒപെക് അംഗമായ ഇറാന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്ക് യാതൊരു പോറലും ഏറ്റിട്ടില്ല. അവരുടെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടില്ല.
ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിനെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്ന് ഈ മാസം ആദ്യം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇസ്രയേല്‍ എണ്ണ-ആണവ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന നിബന്ധന പാലിച്ചെന്ന ആശ്വാസത്തിലാണ് അമേരിക്കന്‍ അധികൃതര്‍.
- 3. ആക്രമണം അവസാനിപ്പിച്ചു
അസ്‌തമയത്തിന് മുമ്പു തന്നെ ആക്രമണം അവസാനിപ്പിച്ചുവെന്നാണ് ഇസ്രയേലിന്‍റെ വാദം. തങ്ങളുടെ പ്രത്യാക്രമണം അവസാനിച്ചു. ലക്ഷ്യം കൈവരിച്ചതോടെയാണ് നടപടികൾ അവസാനിപ്പിച്ചതെന്നും ഹഗാരി പറഞ്ഞു.
വ്യോമാക്രമണത്തെ തുടര്‍ന്ന് തടസപ്പെട്ട വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതായി ഇറാന്‍റെ വ്യോമയാന വിഭാഗം അറിയിച്ചു. ടെഹ്റാനില്‍ കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. തെരുവുകള്‍ ശാന്തമാണ്. പാചകവാതക കേന്ദ്രങ്ങളില്‍ ആളുകളുടെ നീണ്ട നിര കാണാം.
ഭാവിയിലെ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. തങ്ങള്‍ നിശബ്‌ദരായിരിക്കില്ലെന്നും ഇസ്രയേല്‍ സൂചിപ്പിക്കുന്നു. ഇറാന് കൂടുതല്‍ ആഘാതം ഏല്‍പ്പിക്കാത്ത വിധം മറുപടി നല്‍കുക തന്നെ ചെയ്യുമെന്ന സൂചനയാണിതെന്ന് ടെല്‍ അവീവ് ആസ്ഥാനമായ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സെക്യുരിറ്റി സ്‌റ്റഡീസിലെ ഗവേഷകന്‍ യോവേല്‍ ഗുസാന്‍സ്‌കി പറയുന്നു.
- 4 . തിരിച്ചടിക്കരുതെന്ന് ആഹ്വാനം
ആക്രമണങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്നാണ് അമേരിക്കുയെട പക്ഷം. ഇസ്രയേലും ഇറാനും തമ്മില്‍ നേരിട്ട് ആക്രമണത്തിലേക്ക് എത്തരുതെന്നും അമേരിക്ക ആഗ്രഹിക്കുന്നു. ഇറാന്‍ തിരിച്ചടിക്കരുതെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ര്‍ സ്ട്രാമറും പ്രാദേശിക സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നു. ഇരുരാജ്യങ്ങളും സംയമനം പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
അതേസമയം അറബ് മേഖലയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കുറച്ച് കടുത്തതാണ്. ഇറാന്‍റെ പ്രധാന അറബ് എതിരാളിയായ സൗദി അറേബ്യ ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും സൗദി അറേബ്യ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ മേഖലയെ വലിയ യുദ്ധത്തിലേക്ക് തള്ളി വിടാനുള്ള ശ്രമമാണിതെന്ന് തുര്‍ക്കി ആരോപിച്ചു. ഇസ്രയേല്‍ തുടങ്ങി വച്ച ഭീകരതയ്ക്ക് അവസാനമുണ്ടാക്കണം. ഇത് ചരിത്രപരമായ കടമയാണെന്നും തുര്‍ക്കി ചൂണ്ടിക്കാട്ടുന്നു.
സിറിയയും ഇറാഖുമാണ് സംഭവത്തെ അപലപിച്ച് രംഗത്ത് എത്തിയിട്ടുള്ള മറ്റ് രണ്ട് രാജ്യങ്ങള്‍. ഹമാസ് 2023 ഒക്‌ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് സമാനമാണിതെന്നും അവര്‍ ആരോപിക്കുന്നു. അന്ന് ഹമാസ് 1200 പേരെ കൊലപ്പെടുത്തുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്‌തിരുന്നു. ഇവരിലേറെയും സാധാരണക്കാരായിരുന്നു.
ഇതിനുള്ള ഇസ്രയേലിന്‍റെ തിരിച്ചടിയില്‍ ഇതുവരെ 42,000 പലസ്‌തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഈ മരണങ്ങളില്‍ പകുതിയിലേറെയും സ്‌ത്രീകളും കുട്ടികളുമാണ്.
- 5. ഇറാന്‍റെ പ്രതികരണം സുപ്രധാനം
രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് ഈ വ്യോമാക്രമണങ്ങളെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് പ്രതികരിച്ചത്. ഏപ്രിലിലും ഈ മാസം ആദ്യവും ഇറാന്‍ മിസൈലുകളും ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളും നടത്തിയതിന്‍റെ പ്രതികാരമാണിതെന്നാണ് ഇസ്രയേലിന്‍റെ ഭാഷ്യം. ലക്ഷ്യത്തിലെത്തും മുമ്പ് ഇവയെല്ലാം പ്രതിരോധിക്കാനായെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു.
ഇറാന് വേണമെങ്കില്‍ തിരിച്ചടിക്കാം. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. കാരണം ഇറാന്‍റെ പ്രതിരോധ വ്യവസ്ഥ ഏറെ ദുര്‍ബലമാണ്. ഗാസയിലെ ഹമാസ്, ലെബനനിലെ ഹിസ്‌ബുള്ള തുടങ്ങിയ സംഘടനകള്‍ക്ക് കരുത്ത് പകരാന്‍ മാത്രമേ ഇത്തരം സംഘര്‍ഷങ്ങള്‍ ഉപകരിക്കൂ.
Also Read:
- 'ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത വില നൽകേണ്ടിവരും'; സ്ഥിതിഗതികൾ വഷളാക്കാൻ താത്പര്യമില്ലെന്ന് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി
- 'ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത വില നൽകേണ്ടിവരും'; സ്ഥിതിഗതികൾ വഷളാക്കാൻ താത്പര്യമില്ലെന്ന് ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി
- ഗാസയില്‍ വീണ്ടും ചോരക്കളം തീര്‍ത്ത് ഇസ്രയേല്‍; 87 പേര്‍ കൊല്ലപ്പെട്ടു, ആകെ മരണം 42,600 കടന്നു, 100 മിസൈലുകള്‍ തൊടുത്ത് ഹിസ്‌ബുള്ളയുടെ തിരിച്ചടി
- ഇസ്രയേല്‍ വിരുദ്ധത സുരക്ഷ ഭീഷണി ഉയര്‍ത്തുന്നു; ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് കനത്ത ജാഗ്രത
- അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി സ്‌കൂളിലേക്ക് ഇസ്രയേല്‍ ആക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു, അല്‍ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹമാസുമായി ബന്ധമെന്ന് ആരോപണം!