ജറുസലേം: തെക്കൻ ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഹിസ്ബുള്ളയെ ലക്ഷ്യമാക്കിയുള്ള ആക്രമണമാണ് തങ്ങൾ നടത്തുന്നതെന്നും സൈന്യം വ്യക്തമാക്കി. ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തിയതായും സൈന്യം അറിയിച്ചു. ഇതോടെ ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് എത്തി.
കരസേനയ്ക്ക് പിന്തുണയായി പ്രദേശത്ത് വ്യോമസേനയും പീരങ്കി യൂണിറ്റുകളും കൃത്യമായി ആക്രമണം നടത്തുന്നുണ്ടെന്നും ഇസ്രായേല്‍ പറഞ്ഞു. ആക്രമണം എത്രനാള്‍ നീണ്ടുപോകും എന്ന് ഇസ്രായേല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും, ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന യുദ്ധമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനായി ഇസ്രായേല്‍ സൈന്യം മാസങ്ങളായി പരിശീലനവും തയ്യാറെടുപ്പും നടത്തിവരികയായിരുന്നു.
അമേരിക്കയുടെ അറിവോടെ: പീരങ്കികൾ ഹിസ്‌ബുളള അടിച്ചുതകര്‍ത്തതിന് പിന്നാലെ തിങ്കളാഴ്‌ച വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ വലിയ രീതിയിലുളള ആക്രമണങ്ങള്‍ നടത്തിയിരുന്നു. ബെയ്‌റൂട്ടിലുടനീളം വ്യോമാക്രമണം നടത്തി. മൂന്ന് കെട്ടിടങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുമാറാന്‍ ഇത്തരവിട്ടതിന് ശേഷമായിരുന്നു ആക്രമണം. ലെബനന്‍റെ അതിർത്തിക്കടുത്ത് താമസിക്കുന്ന ഇസ്രായേലികള്‍ക്ക് സുരക്ഷിതമായ വീടുകളിലേക്ക് മടങ്ങാന്‍ കഴിയുന്നതുവരെ ഹിസ്‌ബുളളയെ ആക്രമിക്കുന്നത് തുടരുമെന്ന് ഇസ്രായേൽ അറിയിച്ചു.അതേസമയം ഈ ആക്രമണങ്ങളെ കുറിച്ച് ഇസ്രായേൽ നേരത്തെ തന്നെ യുഎസിനെ അറിയിച്ചതായി അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
2006ലെ ഒരു മാസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ഇസ്രായേലും ലേബനനും ഇതുവരെ നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല. ഗാസയിൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഇസ്രായേലും ഹിസ്ബുള്ളയും ഏതാണ്ട് എല്ലാ ദിവസവും വെടിവയ്‌പ്പ് നടത്തിയിരുന്നു. ഇത് നിരവധി പേരുടെ പാലായനത്തിനും കാരണമായി. ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ രാജ്യത്ത് 1000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാലിലൊന്ന് സ്‌ത്രീകളും കുട്ടികളുമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള: ഗാസയിൽ വെടിനിർത്തൽ ഉണ്ടാകുന്നത് വരെ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം തുടരുമെന്ന് ഹിസ്ബുള്ളയും അറിയിച്ചു. ഹസൻ നസ്‌റല്ല അടക്കമുളള നേതാക്കളെ നഷ്‌ടമായെങ്കിലും ഇസ്രായേലിനെതിരെയുളള പോരാട്ടം തുടരുമെന്ന് ഹിസ്‌ബുളള വ്യക്തമാക്കിയിരുന്നു.
ഇസ്രായേൽ കരയുദ്ധം നടത്തുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ സജ്ജരാണെന്ന് ഹിസ്‌ബുളളയുടെ ആക്‌ടിങ് ലീഡർ നയിം കാസെം ടെലിവിഷനിലൂടെ പറഞ്ഞു. കഴിഞ്ഞ ആഴ്‌ചകളിൽ കൊല്ലപ്പെട്ട കമാൻഡർമാരെ ഇതിനകം മാറ്റിസ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അധിനിവേശത്തിന് തൊട്ടുമുമ്പ് ലെബനീസ് അതിർത്തിക്ക് സമീപമുള്ള മൂന്ന് വടക്കൻ കമ്മ്യൂണിറ്റികളെയും സൈന്യം 'അടച്ച സൈനിക മേഖലകളായി' പ്രഖ്യാപിച്ചു.
ഈയടുത്ത ദിവസങ്ങളിൽ ഇസ്രായേല്‍ തങ്ങളുടെ അതിർത്തിയിൽ സൈന്യത്തെ ശക്തിപ്പെടുത്തിയിരുന്നു. ഉത്തരവിട്ടാൽ ലെബനനിലേക്ക് പോകാൻ തയ്യാറാണെന്ന് ഇസ്രായേല്‍ കമാൻഡർമാർ പറഞ്ഞു. പ്രദേശത്തുടനീളം സൈന്യം ചെക്ക്‌പോസ്‌റ്റുകളും ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ഇസ്രായേലിലെ താമസക്കാരനായ ക്രിസ് കോയിൽ പറഞ്ഞു.