ദുബായ്: ഇബ്രാഹിം റൈസിയുടെ അകാല വിയോഗം ഇറാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കനല്‍പാതകള്‍ പിന്നിട്ട് ഇറാന്‍റെ പരമോന്നത പദവിയിലെത്തിയ ഇബ്രാഹിം റൈസി പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള ഖമേനിയുടെ പിന്‍ഗാമിയായാണ് ഇറാനില്‍ അറിയപ്പെട്ടിരുന്നത്. അറുപത്തിമൂന്നാം വയസില്‍ റൈസി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ ഇറാന്‍ മറ്റൊരു രാഷ്‌ട്രീയ പ്രതിസന്ധി നേരിടുകയാണ്.
അറിയപ്പെടുന്ന ഇസ്രയേല്‍ വിരുദ്ധ നിലപാടുകാരനായിരുന്ന ഇബ്രാഹിം റൈസി രാജ്യാന്തര തലത്തില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിട്ടുള്ള ഇറാനിയന്‍ നേതാക്കളിലൊരാളാണ്. മത പുരോഹിതനില്‍ നിന്ന് ഭരണാധികാരിയായത് കൊണ്ടു തന്നെ കടുത്ത മത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ കണിശക്കാരനായിരുന്നു റൈസി.
ഹിജാബ് ധരിക്കാത്തതിന് മത പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും പിന്നീട് കസ്‌റ്റഡിയില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുകയും ചെയ്‌ത മഹ്സ അമിനി സംഭവം 2022-ല്‍ റൈസിയുടെ ഭരണ നേതൃത്വത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
22-കാരിയായ മഹ്സ അമിനിയുടെ മരണത്തിന് ഇടയാക്കിയത് ശാരീരിക പീഡനമാണെന്ന് ഐക്യരാഷ്‌ട്ര സഭ അന്വേഷണ സംഘം കണ്ടെത്തിയതും റൈസിക്ക് തിരിച്ചടിയായി. തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നിര്‍ദാക്ഷിണ്യം വെടിയുതിര്‍ത്തു. 500 പേര്‍ മരിച്ചു വീണു. 22000 പേരെ തടവിലാക്കി. ഹിജാബുകള്‍ കീറിയെറിഞ്ഞ് സ്‌ത്രീകളടക്കം തെരുവില്‍ പ്രതിഷേധിച്ചു. മാസങ്ങളോളം നീണ്ട ആഭ്യന്തര പ്രക്ഷോഭങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയെങ്കിലും രാജ്യാന്തര തലത്തില്‍ ഇത് ഇറാന്‍റെ പ്രതിഛായ മോശമാക്കി. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇറാന് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.
2023-ല്‍ ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ ഇബ്രാഹിം റൈസിയുടെ തീരുമാനങ്ങള്‍ ലോക രാഷ്‌ട്രങ്ങളെ ഞെട്ടിച്ചിരുന്നു. ഇറാനിയന്‍ ഭീകരര്‍ ഇസ്രയേലിനെ ലക്ഷ്യം വെക്കുന്നതില്‍ പുതുമയില്ലെങ്കിലും ഏപ്രില്‍ മാസത്തില്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് ഇറാന്‍ ശക്തമായ ആക്രമണത്തിന് മുതിര്‍ന്നു. ടെല്‍ അവീവിന് നേരെ നൂറുകണക്കിന് ക്രൂയിസ് മിസൈലുകളും ബാലിസ്‌റ്റിക് മിസൈലുകളും ഡ്രോണുകളും പറന്നു.
അമേരിക്കന്‍ പ്രസിഡണ്ടുമാരായ ഡൊണാള്‍ഡ് ട്രംപുമായും ജോ ബൈഡനുമായും നല്ല ബന്ധമായിരുന്നില്ല ഇബ്രാഹിം റൈസിക്ക്. 2019-ല്‍ ട്രംപ് ഇബ്രാഹിം റൈസിക്ക് വിലക്ക് ഏര്‍പ്പെടുത്തി. 2022-ല്‍ ജോ ബൈഡന്‍ സാമ്പത്തിക ഉപരോധം കടുപ്പിക്കുകയും ചെയ്‌തു. ഉക്രെയ്ന്‍ യുദ്ധ വേളയില്‍ റഷ്യയ്‌ക്കൊപ്പം നിന്ന് വ്ലാഡിമര്‍ പുടിന് വെടിക്കോപ്പുകളും മറ്റു സഹായങ്ങളും നല്‍കിയ നേതാവായിരുന്നു റൈസി. ഇന്ത്യയുമായും പ്രധാനമന്ത്രി മോദിയുമായും നല്ല ബന്ധം പുലര്‍ത്തിയ ഇറാനിയന്‍ നേതാവായിരുന്നു റൈസി.
ഇബ്രാഹിം റൈസി
- 1960 ഡിസംബര്‍ 14 - ജനനം
- വിദ്യാര്‍ത്ഥിയായിരിക്കെ ആയത്തൊള്ള ഖൊമേനി നയിച്ച ഇസ്‌ലാമിക വിപ്ലവത്തില്‍ ആകൃഷ്‌ടനായി
- 1985- ടെഹ്റാന്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍
- 1988- പ്രതിപക്ഷ സംഘടനയായ എംഇകെ നേതാക്കള്‍ക്ക് വധ ശിക്ഷ വധിച്ച സ്പെഷ്യല്‍ കമ്മീഷന്‍ അംഗം. (രാഷ്‌ട്രീയത്തടവുകാരായ പീപ്പിള്‍സ് മുജാഹിദ്ദീന്‍ ഓഫ് ഇറാന്‍ നേതാക്കളടക്കം 5000 ത്തിലേറെപ്പേര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്ന് ആംനെസ്‌റ്റി ഇന്‍റര്‍നാഷണല്‍)
- 2014- ടെഹ്റാന്‍ പ്രോസിക്യൂട്ടര്‍
- 2016- 2019 ആസ്‌താന്‍ ഇ കുദ്‌സ് റിസവി മേധാവി
- 2017- ഇറാനിയന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. ഹസന്‍ റൗഹാനിയോട് പരാജയപ്പെടുന്നു. 16 ദശലക്ഷം വോട്ട് നേടി.
- 2021- വീണ്ടും പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. 62 ശതമാനം വോട്ട് നേടി അധികാരത്തില്‍. (28.9 ദശലക്ഷം വോട്ട്).
റൈസിക്ക് ഭീഷണിയാകാനിടയുള്ള എതിര്‍ സ്ഥാനാര്‍ത്ഥികളെ ഖൊമേനിയുടെ നേതൃത്വത്തില്‍ അയോഗ്യരാക്കിയ ശേഷമായിരുന്നു തെരഞ്ഞെടുപ്പ്.