ടെഹ്‌റാന്‍ : ഹെലികോപ്‌റ്റര്‍ അപകടത്തില്‍ പെട്ട ഇറാനിയൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയ്‌ക്കായുള്ള തെരച്ചില്‍ തുടരുന്നു. ഇന്നലെയാണ് (മെയ് 19) പ്രസിഡന്‍റ് റൈസിയും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിറും മറ്റ് ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ ഇറാന്‍റെ വടക്കുപടിഞ്ഞാറൻ പർവതപ്രദേശങ്ങളിൽ തകർന്നുവീണത്. ഇബ്രാഹിം റൈസിയുടെയും ഹുസൈൻ ആമിറാബ്‌ദൊല്ലാഹിയാന്‍റെയും ജീവൻ അപകടത്തിലാണെന്നും അവർക്കായി പ്രാർഥിക്കണെമെന്നും ഇറാൻ അഭ്യർഥിച്ചു. ഇവരെ കണ്ടെത്തുന്നതിനായി മൂടൽമഞ്ഞ് മൂടിയ വനത്തിൽ രക്ഷാസേന തെരച്ചിൽ നടത്തുകയാണ്.
സംഭവം ഇറാനെ ഞെട്ടിച്ചിരിക്കുകയാണ്. അപകട സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം ആശങ്കാജനകമാണെന്നും, ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയും മറ്റ് ഉദ്യോഗസ്ഥരും രക്ഷപ്പെട്ടോ എന്ന് വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ യാത്ര ചെയ്യുകയായിരുന്നു റൈസി.
ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ (375 മൈൽ) വടക്കുപടിഞ്ഞാറായി അസർബൈജാൻ അതിർത്തിയിലുള്ള ജോൽഫ എന്ന നഗരത്തിന് സമീപമാണ് അപകടം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പിന്നീട്, മാധ്യമങ്ങൾ കിഴക്ക് ഉസി ഗ്രാമത്തിന് സമീപമാണ് അപകടം നടന്നതെന്ന് സ്ഥാപിച്ചു. ലഭിക്കുന്ന വിശദാംശങ്ങളിൽ വ്യക്തതയില്ല എന്നതും ശ്രദ്ധേയമാണ്.
ഇറാന്‍റെ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിറാബ്‌ദൊല്ലാഹിയാനും, ഇറാന്‍റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണറും, മറ്റ് ഉദ്യോഗസ്ഥരും അംഗരക്ഷകരും റൈസിക്കൊപ്പം യാത്ര ചെയ്‌തതായി സർക്കാരിന്‍റെ വാർത്ത ഏജൻസി (ഐആർഎൻഎ) റിപ്പോർട്ട് ചെയ്‌തു.
ഹെലികോപ്‌റ്ററിൽ ഉണ്ടായിരുന്നത് ഇവര്‍ : ഹെലികോപ്റ്ററിൽ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയും, രാജ്യത്തിന്‍റെ വിദേശകാര്യമന്ത്രി ഹുസൈൻ ആമിറാബ്‌ദൊല്ലാഹിയാനും, ഇറാന്‍റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണറും, മറ്റ് ഉദ്യോഗസ്ഥരും അംഗരക്ഷകരും ഉണ്ടായിരുന്നുവെന്ന് ഐആർഎൻഎ റിപ്പോർട്ട് ചെയ്‌തു. അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്‌ഘാടനം ചെയ്യുന്നതിനായി അസര്‍ബൈജാനിലെത്തി അവിടെ നിന്ന് നിന്ന് മടങ്ങുകയായിരുന്നു റൈസി എന്നും വാർത്ത ഏജൻസി പറഞ്ഞു.
എങ്ങനെയാണ് അപകടത്തിൽപ്പെട്ടത്? : അസർബൈജാന്‍ അതിർത്തിക്കടുത്തുള്ള ഇറാന്‍റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ വാർസഖാൻ, ജോൽഫ നഗരങ്ങൾക്കിടയിലുള്ള ദിസ്‌മർ വനമേഖലയിലാണ് അപകടം നടന്നത്. ഹെലികോപ്റ്റർ തകർന്നു വീണതാണോ അടിയന്തര ലാൻഡിങ് നടത്തിയതാണോ എന്ന കാര്യം വ്യക്തമല്ല. മോശം കാലാവസ്ഥയും മൂടൽമഞ്ഞും കാരണം ഹെലികോപ്റ്റർ ഹാർഡ് ലാൻഡിങ് നടത്താൻ നിർബന്ധിതരായതാകാം എന്ന് ആഭ്യന്തരമന്ത്രി അഹ്‌മദ് വാഹിദി പറഞ്ഞു.
രക്ഷാപ്രവർത്തനം എങ്ങനെ? : പർവതപ്രദേശങ്ങളും വനപ്രദേശങ്ങളും കനത്ത മൂടൽമഞ്ഞും രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായതായി ഇറാൻ അധികൃതർ പറഞ്ഞു. വെല്ലുവിളികൾ നേരിടുന്ന കാലാവസ്ഥയെ അവഗണിച്ച് 40 തെരച്ചിൽ സംഘങ്ങൾ പ്രദേശത്ത് നിലയുറപ്പിച്ചതായി ഇറാനിയൻ റെഡ് ക്രസന്‍റ് സൊസൈറ്റി പ്രസിഡന്‍റ് പിർ-ഹുസൈൻ കൂലിവാന്ദ് പറഞ്ഞു. കാലാവസ്ഥ മോശമായതിനാൽ ഡ്രോണുകൾ മുഖേന തെരച്ചിൽ നടത്തുന്നത് അസാധ്യമായെന്നും ഐആർഎൻഎ റിപ്പോർട്ട് ചെയ്‌തു.
ഇറാൻ ഗവൺമെന്‍റ് വക്താവ് അലി ബഹദോരി ജറോമി തെരച്ചിലിൽ തങ്ങൾ ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമായ അവസ്ഥകൾ അനുഭവിക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ ഹെലികോപ്റ്റർ അപകടത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ അറിഞ്ഞിരിക്കേണ്ടത് ജനങ്ങളുടെയും മാധ്യമങ്ങളുടെയും അവകാശമാണ്, എന്നാൽ സംഭവ സ്ഥലത്തിന്‍റെ കോർഡിനേറ്റുകളും കാലാവസ്ഥയും കണക്കിലെടുക്കുമ്പോൾ, ഇത് വരെ പുതിയ വാർത്തകളൊന്നും ഉണ്ടായിട്ടില്ല, എന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഈ നിമിഷങ്ങളിൽ, ക്ഷമയും പ്രാർഥനയും ദുരിതാശ്വാസ ഗ്രൂപ്പുകളിലെ വിശ്വാസവുമാണ് മുന്നോട്ടുള്ള വഴി എന്നും അദ്ദേഹം പറഞ്ഞു.
പ്രാർത്ഥിക്കാൻ അഭ്യർഥിച്ച് ആയത്തുല്ല അലി ഖമേനി പൊതുജനങ്ങളോട് : സർവശക്തനായ ദൈവം പ്രിയ പ്രസിഡന്‍റിനെയും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരെയും പൂർണ്ണ ആരോഗ്യത്തോടെ തിരികെ നൽകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നു, എന്നും അപകടത്തിൽപ്പെട്ടവർക്കായി പ്രാർഥിക്കണമെന്നും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി പറഞ്ഞു.
ഇറാന്‍ ഭയക്കുന്നത് സംഭവിച്ചാല്‍ പിന്നെന്ത്? : ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഒരു സംരക്ഷകനായും രാജ്യത്തെ ഷിയാ മതാധിപത്യത്തിനുള്ളിൽ അദ്ദേഹത്തിന്‍റെ സ്ഥാനത്തിന് സാധ്യതയുള്ള പിൻഗാമിയായും ഇബ്രാഹിംറൈസി കണക്കാക്കപ്പെടുന്നു. ഇറാനിയൻ ഭരണഘടന പ്രകാരം, അദ്ദേഹം മരിച്ചാൽ, രാജ്യത്തിന്‍റെ ആദ്യത്തെ വൈസ് പ്രസിഡന്‍റ് മുഹമ്മദ് മൊഖ്ബർ പ്രസിഡന്‍റാകും. തകർച്ചയുടെ ഫലമായി രാജ്യത്തിന്‍റെ പ്രവർത്തനങ്ങളിൽ ഒരു തടസവും ഉണ്ടാകില്ലെന്ന് ഖമേനി ഇറാനികൾക്ക് പരസ്യമായി ഉറപ്പ് നൽകിയിട്ടുണ്ട്.
അപകടത്തെ കുറിച്ചുള്ള അന്താരാഷ്‌ട്ര പ്രതികരണം : റഷ്യ, ഇറാഖ്, ഖത്തർ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ റൈസിയുടെ ഗതിയെക്കുറിച്ച് ഔപചാരികമായ പ്രസ്‌താവനകൾ നടത്തുകയും രക്ഷാപ്രവർത്തനങ്ങളിൽ സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് തനിക്ക് വളരെയധികം ആശങ്കയുണ്ടെന്ന് അസർബൈജാൻ പ്രസിഡന്‍റ് അലിയേവ് പറഞ്ഞു, ആവശ്യമായ ഏത് പിന്തുണയും നൽകാൻ അസർബൈജാൻ തയാറാണെന്ന് സ്ഥിരീകരിച്ചു.
ALSO READ : ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ടു