വാഷിങ്ടൺ : മസാച്യുസെറ്റ്‌സ് സർവകലാശാലയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാർഥിയുടെ മരണം ആത്മഹത്യ. വിദ്യാർഥി ആത്മഹത്യയിലേക്ക് നയിക്കുന്ന 'ബ്ലൂ വെയ്ൽ ചലഞ്ച്' എന്ന ഗെയ്‌മിന്‍റെ അടിമയായിരുന്നതായി കണ്ടെത്തല്‍. കഴിഞ്ഞ മാര്‍ച്ച് 8നാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥി രണ്ട് മിനിറ്റ് ശ്വാസം അടക്കിപ്പിടിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കുടുംബത്തിന്‍റെ അഭ്യര്‍ഥനയെ മാനിച്ച് 20-കാരന്‍റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മസാച്യുസെറ്റ്‌സ് സർവകലാശാലയിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. വിദ്യാര്‍ഥിയെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയ്‌ക്കടുത്തുള്ള കാട്ടില്‍ സ്വന്തം കാറില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
മരണം കൊലപാതകമാണെന്ന് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 20 കാരനെ കൊള്ളയടിച്ച ശേഷം കൊന്നു എന്നായിരുന്നു പ്രചരണം. ആത്മഹത്യ എന്ന നിലയിലാണ് കേസ് അന്വേഷിക്കുന്നതെന്ന് ബ്രിസ്റ്റോൾ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ വക്താവ് ഗ്രെഗ് മിലിയോട്ട് പറഞ്ഞു.
ഇന്ത്യൻ സർക്കാർ വർഷങ്ങൾക്ക് മുമ്പ് ഈ ഗെയിം നിരോധിച്ചിരുന്നു. ബ്ലൂ വെയ്ൽ ഗെയിം ആത്മഹത്യക്ക് പ്രേരണ നല്‍കുന്നതാണ് എന്ന് ഇന്ത്യൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം 2017 ൽ പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു.
എന്നിരുന്നാലും ഇത് സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകളിലെ രഹസ്യ ഗ്രൂപ്പുകൾക്കിടയിൽ പങ്കിടുന്നതായി വിവിധ ഇൻ്റർനെറ്റ് റിപ്പോർട്ടുകളുണ്ട്. 2015-2017 കാലയളവിൽ റഷ്യയിൽ ബ്ലൂ വെയ്ൽ ചലഞ്ചിലൂടെ ഒട്ടേറ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് ഗെയിം കളിക്കുന്നത്.
അതിൽ ഒരു അഡ്‌മിനിസ്ട്രേറ്ററും പങ്കാളിയും ഉൾപ്പെടുന്നു. അഡ്‌മിനിസ്‌ട്രേറ്റർ 50 ദിവസത്തെ കാലയളവിലേക്ക് ഒരു ദിവസം ഒരു ടാസ്‌ക് നൽകുന്നു. ടാസ്‌ക്കുകൾ തുടക്കത്തിൽ വേണ്ടത്ര നിരുപദ്രവകരമാണ്, എന്നാൽ അവസാന ഘട്ടത്തിൽ സ്വയം ഉപദ്രവിക്കുന്ന തരത്തിലേക്കിത് മാറുന്നു. അതിനാല്‍ തന്നെ ഇതിനെ സൂയിസൈഡ് ഗെയിം (ആത്മഹത്യ ഗെയിം) എന്ന് പറയന്നു.