ന്യൂ യോർക്ക് (അമേരിക്ക) : യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി (INDIAN Student Found Dead in US). യുഎസിലെ ഓഹോയിലെ സിൻസിനാറ്റയിലാണ് ഇന്ത്യൻ വിദ്യാർഥിയായ ശ്രേയസ് റെഡ്ഡിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലിൻഡർ സ്‌കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥിയായിരുന്നു ശ്രേയസ് റെഡ്ഡി. മരണകാരണം വ്യക്തമായിട്ടില്ല.
മരണത്തിൽ പെലീസ് അന്വേഷണം നടക്കുന്നുണ്ട്. യുഎസിൽ (United States) ഒരാഴ്‌ചക്കുള്ളിൽ മരണപ്പടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് ശ്രേയസ് റെഡ്ഡി. സംഭവത്തിൽ യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ഖേദം പ്രകടിപ്പിച്ചു (Indian Consulate in New York ). ശ്രേയസ് റെഡ്ഡിയുടെ ബന്ധുക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും, കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
വിവേക് സൈനിക്കും, നീൽ ആചാര്യയ്ക്കും ശേഷം ഒരാഴ്‌ചയ്ക്കുള്ളിൽ യുഎസിൽ മരണപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ് ശ്രേയസ് റെഡ്ഡി. ഇന്ത്യാന സ്റ്റേറ്റിലെ പർഡ്യൂ സർവകലാശാലയിലെ നീൽ ആചാര്യ എന്ന ഇന്ത്യൻ വിദ്യാർഥിയെ ജനുവരി 30 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മൃതദേഹം കണ്ടതായി അറിയിച്ച്, ടിപ്പെക്കനോ കൗണ്ടി കൊറോണർ ഓഫീസിലേക്ക് കോള്‍ വന്നിരുന്നു. അവിടെയെത്തിയ അധികൃതര്‍ അത് കാണാതായ നീല്‍ ആചാര്യയാണെന്ന് തിരിച്ചറിയുകയായിരുന്നു.
മകൻ നീൽ ആചാര്യയെ ജനുവരി 28 മുതൽ കാണാതായി എന്ന് നീലിന്‍റെ അമ്മ ഗൗരി ആചാര്യ എക്‌സില്‍ പോസ്‌റ്റ് ഇട്ടിരുന്നു. ഞങ്ങളുടെ മകൻ നീൽ ആചാര്യ യുഎസിലെ പർഡ്യൂ സർവകലാശാലയിൽ പഠിക്കുന്നു. സർവകലാശാലയിൽ ഇറക്കിയ ഊബർ ഡ്രൈവറാണ് അവനെ അവസാനമായി കണ്ടത്"-ഇങ്ങനെയായിരുന്നു പോസ്‌റ്റ്. "കോൺസുലേറ്റ് പർഡ്യൂ യൂണിവേഴ്‌സിറ്റി അധികൃതരുമായും നീലിന്‍റെ കുടുംബവുമായും ബന്ധപ്പെട്ടു. സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകും" എന്ന് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, എക്‌സില്‍ ഗൗരി ആചാര്യ ഇട്ട പോസ്‌റ്റിന് മറുപടി നൽകിയിരുന്നു.
ജനുവരിയിൽ തന്നെ, യുഎസിലെ ജോർജിയയിലെ ലിത്തോണിയയിൽ ജോലി ചെയ്യുന്ന കടയ്ക്കുള്ളിൽ വെച്ച് ഇന്ത്യൻ വിദ്യാർഥിയായ വിവേക് സൈനി, ഒരാളുടെ ചുറ്റികകൊണ്ടുള്ള അടിയേറ്റ് ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും സംഭവം നടന്ന തീയതി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ മനസിലായ പൊലീസ് അയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവേകിൻ്റെ മൃതദേഹം കുടുംബത്തിന് കൈമാറിയതായി അധികൃതർ പറഞ്ഞു.