യുണൈറ്റഡ് നേഷന്‍സ് : ഐക്യരാഷ്‌ട്ര പൊതുസഭയില്‍ റഷ്യ യുക്രെയ്നെതിരെയുള്ള അധിനിവേശം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ നിന്ന് വിട്ട് നിന്ന് ഇന്ത്യ. സപ്പോറീഷ്യ അണുശക്തി നിലയത്തിലെ സൈന്യത്തെയും അംഗീകാരമില്ലാത്ത വ്യക്തികളെയും അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം 193 അംഗ പൊതു സഭയില്‍ 99 വോട്ടോടെ പ്രമേയം പാസാക്കി. അതേസമയം ഒന്‍പത് രാഷ്‌ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. അറുപത് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, ചൈന, ഈജിപ്‌ത്, നേപ്പാള്‍, പാകിസ്ഥാന്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. ബെലറൂസ്, ക്യൂബ, ഉത്തരകൊറിയ, റഷ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്‌തത്.
യുക്രെയ്‌നിലെ ആണവകേന്ദ്രങ്ങളുടെ സുരക്ഷയും സുരക്ഷിതത്വവും എന്ന തലക്കെട്ടോടെയുള്ള പ്രമേയം റഷ്യ അടിയന്തരമായി അധിനിവേശം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ഉപാധികളില്ലാതെ രാജ്യാന്തര സമൂഹം അംഗീകരിച്ചിട്ടുള്ള യുക്രെയ്ന്‍റെ അതിര്‍ത്തികളില്‍ നിന്ന് മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ആണവനിലയത്തിന്‍റെ പൂര്‍ണ നിയന്ത്രണം യുക്രെയ്‌നിലെ പരമാധികാര സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും പ്രമേയം നിര്‍ദേശിച്ചു. യുക്രെയ്‌നിലെ നിര്‍ണായക ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ റഷ്യ അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങള്‍ യുക്രെയ്‌നിലെ എല്ലാ ആണവ കേന്ദ്രങ്ങളിലും ആണവ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയും പ്രമേയം പങ്കുവച്ചു.
യുക്രെയ്ന്‍ അവതരിപ്പിച്ച കരട് പ്രമേയത്തെ 50 അംഗരാജ്യങ്ങള്‍ പിന്തുണച്ചു. ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക, അടക്കമുള്ള രാജ്യങ്ങളാണ് പ്രമേയത്തെ പിന്തുണച്ചത്. യാഥാര്‍ഥ്യബോധമില്ലാത്ത പല പ്രമേയങ്ങളും ഐക്യരാഷ്‌ട്ര പൊതുസഭ പാസാക്കാറുണ്ടെന്നായിരുന്നു റഷ്യയുടെ സ്ഥിരം പ്രതിനിധി ദിമിത്രി പോളിയാന്‍സ്‌കിയുടെ പ്രതികരണം.
യുക്രെയ്ന്‍ സംഘര്‍ഷം കൂടുതല്‍ മോശമാക്കാനേ ഇന്നത്തെ പ്രമേയം ഉപകരിക്കൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയൊരു വിഭാഗം രാജ്യാന്തര സമൂഹം പ്രശ്‌നം സമാധാനപരമായി പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന യുക്രെയ്ന്‍ സമാധാന ഉടമ്പടിയോഗത്തിലും ഇന്ത്യയുടെ പിന്തുണ ഉണ്ടായിരുന്നില്ല. ഉച്ചകോടിക്ക് കേവലം സെക്രട്ടറിതല ഉദ്യോഗസ്ഥനെ മാത്രമാണ് ഇന്ത്യ അയച്ചത്.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കീവിന്‍റെ പത്തിന നിര്‍ദേശങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ 92 രാഷ്‌ട്രത്തലവന്‍മാരും എട്ട് രാജ്യാന്തര സംഘടനകളുടെ തലവന്‍മാരും സമ്മേളിച്ചു. ആണവ ഭീഷണി, ഭക്ഷ്യ സുരക്ഷ, യുക്രെയ്‌നിലെ മാനുഷിക ആവശ്യങ്ങള്‍ എന്നിവയും ചര്‍ച്ചയായി. എല്ലാവരും ധാരണയിലെത്താത്തതിനാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യുക്രെയ്ന്‍ സമാധാന ഉടമ്പടി മാത്രം യോഗത്തില്‍ ഉണ്ടായില്ല.
Also Read: യുക്രൈന്‍ സമാധാന ഉച്ചകോടി പ്രഖ്യാപനം; പിന്തുണയ്ക്കാതെ ഇന്ത്യ