റ്റാംപ: മിൽട്ടൻ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തോട് അടുക്കുന്നു. ഫ്ലോറിഡയിലെ റ്റാംപയിലും സെന്‍റ് പീറ്റേഴ്‌സ്‌ബർഗിലും കനത്ത ആഘാതം ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രാദേശിക സമയം ബുധനാഴ്‌ച രാത്രിയോടെ മില്‍ട്ടണ്‍ കര തൊടും. ഇതുമായി ബന്ധപ്പെട്ട് ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2005ലെ റീത്ത കൊടുങ്കാറ്റിന് ശേഷം ഏറ്റവും പ്രഹര ശേഷിയുള്ള കൊടുങ്കാറ്റാണെന്നാണ് പ്രവചനം. തീരത്ത് ഹെലന്‍ ചുഴലിക്കാറ്റ് നാശം വിതച്ച് കേവലം രണ്ടാഴ്‌ച മാത്രം പിന്നിടുമ്പോഴാണ് മില്‍ട്ടന്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ചുഴലിക്കാറ്റ് അതിശക്തമായി വീശുന്നതിന് മുൻപ് പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘ഒഴിഞ്ഞുപോകുക അല്ലെങ്കിൽ മരിക്കും’ എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഇതോടെ ഒറ്റരാത്രികൊണ്ട് ഭയചകിതരായ ഫ്ലോറിഡക്കാർ സുരക്ഷിതത്വം തേടി നാട് വിടുകയാണ്.

സംസ്ഥാനത്തെ പ്രധാന ഹൈവേകളിൽ കിലോമീറ്ററുകളോളം നീളമുള്ള കാറുകളുടെ നിരയാണ് കാണപ്പെടുന്നത്. പ്രദേശവാസികൾ സംസ്ഥാനത്തിന് പുറത്തും മിയാമിയിലും അഭയം തേടുന്നതിനാൽ വടക്കും തെക്കുമുള്ള ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്. റ്റാംപ, സെന്‍റ് പീറ്റേഴ്‌സ്‌ബർഗ്, ഒർലാൻഡോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ഇതിനകം തന്നെ വിമാന സർവീസ് നിർത്തിവച്ചു. ഇതോടെ വിമാനം മാർഗം രക്ഷപ്പെടാനുള്ള സാധ്യതയും അടഞ്ഞു.

പരിഭ്രാന്തരായി ആളുകൾ സാധനങ്ങൾ വാങ്ങുന്നുണ്ട്. കുപ്പിവെള്ളം, ടോയ്‌ലറ്റ് പേപ്പർ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയാണ് ഇത്തരത്തിൽ വ്യാപകമായി ആളുകൾ വാങ്ങുന്നത്. പ്രാദേശിക പെട്രോൾ പമ്പുകളിൽ ഇന്ധനം തീർന്നതിനാൽ റോഡിലിറങ്ങുന്നത് അപകടകരമാണെന്ന് ചിലർ പറയുന്നു. അതേസമയം, ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടാൻ ആവശ്യമായ ഇന്ധനം എത്തിച്ചിട്ടുണ്ടെന്ന് ഗവർണർ റോൺ ഡിസാന്‍റിസ് ഫ്ലോറിഡ നിവാസികൾക്ക് ഉറപ്പ് നൽകി.

ഒറ്റരാത്രികൊണ്ട് മിൽട്ടൻ വളരെയധികം ശക്തി പ്രാപിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. കാറ്റഗറി 5 ൽ ആണ് വിദ്ഗധർ മിൽട്ടൻ ചുഴലിക്കാറ്റിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മിൽട്ടൻ 'ശക്തി പ്രാപിക്കുമെന്നും അത് നാളെ കരയിൽ പതിക്കുമ്പോൾ 'വിനാശകരമായ ഒരു ചുഴലിക്കാറ്റായി' മാറുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം പറയുന്നതനുസരിച്ച്, ഇന്ന് രാവിലെ മിൽട്ടൻ മെക്‌സിക്കോ ഉൾക്കടലിന് മുകളിലൂടെ റ്റാംപയിലേക്ക് ആഞ്ഞടിച്ചു - ഇത് പടിഞ്ഞാറൻ-മധ്യ ഫ്ലോറിഡയിൽ വീശുന്ന വിനാശകരമായ ചുഴലിക്കാറ്റുകളിൽ ഒന്നായി മാറിയേക്കും. വ്യാപകമായ നാശം വരുത്താനുള്ള ശേഷി വളരെയധികം വർധിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

ഒരു നൂറ്റാണ്ടിലേറെയായി ഒരു വലിയ ചുഴലിക്കാറ്റിന്‍റെ നേരിട്ടുള്ള ആഘാതം സഹിച്ചിട്ടില്ലാത്ത ടാംപാ ബേ മേഖലയിൽ ബുധനാഴ്‌ച ചുഴലിക്കാറ്റ് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ ജെയ്ൻ കാസ്റ്റർ കഴിഞ്ഞ ദിവസം നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ ഇവിടെ നിന്ന് ഒഴിഞ്ഞില്ലെങ്കിൽ, 'നിങ്ങൾ മരിക്കാൻ പോകുകയാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.
Also Read: വിയറ്റ്‌നാമില്‍ ആഞ്ഞടിച്ച് യാഗി; ചുഴലിക്കാറ്റില്‍ മരണം 200 ആയി