ബെയ്‌റൂത്ത്: ഇസ്രയേലിന് നേരെ കടുത്ത ആക്രമണങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഹിസ്ബുള്ളയുടെ ആക്‌ടിങ് നേതാവ് ഷെയ്ഖ് നയിം കാസിം. ടെലിവിഷൻ പ്രസ്‌താവനയിലാണ് ഷെയ്ഖ് നയിം കാസിം ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയത്.
ഇസ്രയേല്‍ ആഴ്‌ചകളോളം കനത്ത വ്യോമാക്രമണം നടത്തിയെങ്കിലും ഹിസ്ബുള്ളയുടെ കരുത്ത് ഇനിയും ക്ഷയിച്ചിട്ടില്ലെന്നും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുതിർന്ന കമാൻഡർമാരെ മാറ്റിസ്ഥാപിച്ചെന്നും ഹിസ്‌ബുള്ള അറിയിച്ചു.
'ഞങ്ങൾ നൂറുകണക്കിന് റോക്കറ്റുകളും ഡസൻ കണക്കിന് ഡ്രോണുകളും തൊടുത്തുവിടാന്‍ പോവുകയാണ്. ഞങ്ങളുടെ വാസസ്ഥലങ്ങളും നഗരങ്ങളും ചെറുത്തുനിൽപ്പിന്‍റെ അഗ്നിക്കിരയായിരിക്കുകയാണ്. ഞങ്ങളുടെ കരുത്ത് മികച്ചതാണ്. ഞങ്ങളുടെ പോരാളികളെ ഞങ്ങള്‍ മുൻനിരയിൽ വിന്യസിച്ചിരിക്കുകയാണ്'- കാസിം പറഞ്ഞു. ഹിസ്ബുള്ളയുടെ ഉന്നത നേതൃത്വമാണ് യുദ്ധത്തിന് നേതൃത്വം നൽകുന്നതെന്നും കാസിം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇസ്രയേല്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്‌റള്ളയുടെ പിൻഗാമിയായി ഒരു പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്ന് കാസിം അറിയിച്ചു. എന്നാൽ യുദ്ധം കാരണം സാഹചര്യങ്ങൾ പ്രതികൂലമാണ് എന്നും ഹിസ്‌ബുള്ള നേതാവ് വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് ബെയ്‌റൂത്തിൽ ആക്രമണം നടത്തി ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്‌റള്ളയെ ഇസ്രയേല്‍ വധിച്ചത്. ഹിസ്ബുള്ള നേതാക്കള്‍ തങ്ങളുടെ ആസ്ഥാനത്ത് യോഗം ചേർന്നപ്പോൾ ഇസ്രയേല്‍ വ്യോമാക്രമണം നടത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഹിസ്‌ബുള്ളയുടെ നിരവധി നേതാക്കളെയാണ് ഇസ്രയേല്‍ ലബനനില്‍ ആക്രമണം നടത്തി കൊലപ്പെടുത്തിയത്.
Also Read: നാല് ദിവസത്തിനിടെ കൊലപ്പെടുത്തിയത് 250 ഓളം ഹിസ്ബുള്ള അംഗങ്ങളെ; വെളിപ്പെടുത്തി ഇസ്രയേൽ