ബെയ്‌റൂട്ട്: വടക്കന്‍ ലെബനനിലെ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹമാസ് സായുധ വിഭാഗം നേതാവ് സയീദ് അത്തല്ല അലിയും കുടുംബവും കൊല്ലപ്പെട്ടു. വടക്കന്‍ ലെബനനിലെ ട്രിപ്പോളിയിലെ പലസ്‌തീന്‍ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അത്തല്ല അടക്കം മൂന്ന് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ലെബനനെയും സിറിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ തകര്‍ത്ത ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ രണ്ട് കൂറ്റന്‍ ഗര്‍ത്തങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടിരുന്നു. ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട് ലെബനനെതിരെ ഇസ്രയേല്‍ ചൊവ്വാഴ്‌ച കടുത്ത ആക്രമണം നടത്തിയിരുന്നു. ദക്ഷിണ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു.
ഇസ്രയേലും ഹിസ്‌ബുള്ളയും ലെബനന്‍ അതിര്‍ത്തികളില്‍ എമ്പാടും നിത്യവും ആക്രമണങ്ങള്‍ അഴിച്ച് വിടുകയാണ്. 2023 ഒക്‌ടോബര്‍ 7ന് ഹമാസ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇവര്‍ ആക്രമണ പരമ്പര ആരംഭിച്ചത്. ഈ ആക്രമണങ്ങളില്‍ ഇതുവരെ 1200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 250 പേരെ ബന്ദികളാക്കിയിട്ടുണ്ട്. ഇതിന് പകരമായി ഇസ്രയേല്‍ ഹമാസിനെതിരെ ഗാസ മുനമ്പില്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷം ഒരാണ്ട് തികയ്ക്കുമ്പോള്‍ 41,000 പലസ്‌തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. കൊല്ലപ്പെട്ടതില്‍ പകുതിയിലേറെയും സ്‌ത്രീകളും കുട്ടികളുമാണ്. ഏറ്റവും ഒടുവില്‍ ലെബനനിലുണ്ടായ ആക്രമണങ്ങളില്‍ 2000 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇവരിലേറെയും കൊല്ലപ്പെട്ടത് സെപ്റ്റംബര്‍ 23ന് ശേഷമാണെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
Also Read: 'ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കരുത്, ലെബനന്‍ മറ്റൊരു ഗാസയാകരുത്': ഇമ്മാനുവല്‍ മാക്രോണ്‍