ന്യൂഡൽഹി : തെറ്റായ കാരണങ്ങൾക്കൊണ്ട് ഇന്ത്യയിലെ സോഷ്യൽ മീഡിയകളിൽ മാലദ്വീപ് പ്രശസ്‌തമാണെന്ന് മുൻ മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീദി. ഫസ്‌റ്റ് പോസ്‌റ്റ് ഡിഫൻസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മരിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശിച്ചതിന് പിന്നാലെ ദിവസങ്ങൾക്ക് ശേഷം മാലദ്വീപിലെ മന്ത്രിമാർ സോഷ്യൽ മീഡിയയിൽ നടത്തിയ പോസ്‌റ്റുകൾ വിവാദമായ പശ്ചാത്തലത്തിലാണ് മരിയ ദീദിയുടെ തുറന്നുപറച്ചിൽ.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കം സോഷ്യൽ മീഡിയയിൽ ആരംഭിച്ചിരുന്നു. തെറ്റായ കാരണങ്ങളാൽ മാലദ്വീപ് ഇന്ത്യയിൽ പ്രശസ്‌തമാണെന്നും പ്രത്യേകിച്ച് അത് സോഷ്യൽ മീഡിയയിലാണെന്നും താൻ പറയും. തങ്ങൾ അങ്ങനെയുള്ള ആളുകളല്ല. തങ്ങളുടെ രാജ്യം സന്ദർശിക്കുന്ന വിദേശികളെ തങ്ങൾ ഇഷ്‌ടപ്പെടുന്നെന്നും നിങ്ങളെ എല്ലാവരെയും മാലദ്വീപിലേക്ക് സ്വാഗതം ചെയ്യുന്നെന്നും മരിയ ദീദി പറഞ്ഞു.
പ്രധാനമന്ത്രി മോദി ലക്ഷദ്വീപിലെ സ്‌നോർക്കെല്ലിങ്ങിനെ കുറിച്ച് (വെളളത്തിനടിയിൽ നടത്തുന്ന സാഹസിക വിനോദം) നടത്തിയ പോസ്‌റ്റുകൾ വൈറലായതോടെ ബീച്ച് ടൂറിസത്തിൽ മാലദ്വീപുമായി മത്സരിക്കുന്നതിൽ കാര്യമായ വെല്ലുവിളികൾ ഇന്ത്യ നേരിടുന്നുണ്ടെന്ന് നേതാക്കൾ ആരോപിച്ചിരുന്നു. ഏകദേശം 54,000 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണം ഉണ്ടായിരുന്നിട്ടും 25 വർഷങ്ങൾക്ക് മുമ്പ് ദ്വീപ് മാപ്പുകളിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ഫ്രാൻസിന്‍റെ വലുപ്പമാണെന്നും ദ്വീപ് രാഷ്‌ട്രത്തെക്കുറിച്ച് സംസാരിച്ച് കൊണ്ട് മരിയ പറഞ്ഞു.
എന്നാൽ തങ്ങളുടെ ഭൂപ്രദേശത്തിന്‍റെ 99 ശതമാനവും വെള്ളമാണ്. ഇപ്പോൾ പെട്ടെന്ന് എങ്ങനെയാണ് മാലദ്വീപിന് ചാർട്ടിൽ വരാൻ കഴിഞ്ഞത്. ആളുകൾ മാലദ്വീപിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. തങ്ങൾ സ്ഥിതി ചെയ്യുന്നതെന്ന് എവിടെയാണ് നോക്കിയാൽ തങ്ങൾക്ക് ആശയവിനിമയത്തിന് നാല് സമുദ്ര റൂട്ടുകളുണ്ടെന്നും അത് ദ്വീപസമൂഹത്തിനടുത്തു കൂടെ കടന്നുപോകുന്നെന്നും തങ്ങളുടെ ദ്വീപസമൂഹത്തിൽ സ്ഥിരത പ്രധാനമാണെന്നും ദ്വീപ് രാജ്യത്തിന്‍റെ മുന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം മാലദ്വീപിന് സഹായം ആവശ്യമുള്ളപ്പോൾ ആദ്യം പ്രതികരിച്ചത് ഇന്ത്യയാണെന്നും മരിയ ദീദി വ്യക്തമാക്കി. സുനാമി ഉണ്ടായപ്പോൾ തങ്ങൾ ബുദ്ധിമുട്ട് നേരിടുകയും ആസമയം ആദ്യം പ്രതികരണമറിയിച്ചത് ഇന്ത്യയാണെന്നും കൂട്ടിച്ചേർത്തു. സുനാമി കടൽത്തീരത്തെ മാറ്റിമറിക്കുകയും നിരവധി ദ്വീപുകൾ അപ്രത്യക്ഷമാവുകയും പുതിയ ചിലത് ഉയർന്നുവരികയും ചെയ്‌തിട്ടുണ്ട്. അതിനാൽ ഹൈഡ്രോഗ്രാഫിക് ചാർട്ടുകൾ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും മരിയ ദീദി വ്യക്തമാക്കി.
തങ്ങൾ അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ ഭാഗമാണ്. തങ്ങൾക്ക് താങ്ങാൻ കഴിയാത്തത് വലിയ എണ്ണ ചോർച്ചയോ അല്ലെങ്കിൽ ഒരു രാസ ചോർച്ചയോ ആണ്. അത്തരമൊരു അപകടം സംഭവിച്ചാൽ അയൽക്കാരുടെ സഹായം വേണമെന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ എണ്ണ ചോർച്ചയിൽ ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യയാണ് ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു.
Also Read: ഇന്ത്യയെ പിണക്കി കഷ്‌ടകാലം വാങ്ങി മാലദ്വീപ്; സാമ്പത്തിക പ്രതിസന്ധിയില്‍ ഐഎംഎഫിനോട് സഹായഭ്യര്‍ഥന
തങ്ങളുടെ സർക്കാർ അധികാരത്തിലിരുന്നപ്പോൾ അയൽ രാജ്യങ്ങളുമായി എല്ലായ്‌പ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നും മേഖലയിൽ സമാധാനം നിലനിർത്താൻ തങ്ങൾക്ക് കഴിഞ്ഞെന്നും ദീദി കൂട്ടിച്ചേർത്തു.