ഹൈദരാബാദ്: മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങൾ പുനസ്ഥാപിച്ചു. രാത്രി എട്ടേമുക്കാല്‍ മുതലാണ് സേവനങ്ങൾക്ക് തടസം നേരിട്ടത് (Facebook). മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കുകയായിരുന്നു.
രാത്രി 8 45 ഓടെ മെറ്റ പ്ലാറ്റ്ഫോമുകൾ ലോഗ് ഔട്ടായി. എന്തുകൊണ്ടാണ് സേവനങ്ങൾ തടസപ്പെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല (Instagram). ആന്‍ഡ്രോയിഡ് ഫോണുകളിലും ഡെസ്‌ക് ടോപ്പുകളിലും മെറ്റയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി (services interrupted).
ലോഗൗട്ട് ചെയ്യാനുള്ള നിർദേശം നൽകുന്നുണ്ടെങ്കിലും പാസ്‌വേഡ് നൽകി ലോഗിന്‍ ശ്രമിക്കുമ്പോൾ ലോഗിൻ ചെയ്യാൻ കഴിയാതെ വരുന്നതാണ് തകരാറെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. മെസഞ്ചർ,ത്രെഡ് എന്നിവയും പ്രവർത്തന രഹിതമായിരുന്നു. നിരവധി ഉപഭോക്താക്കളാണ് ലോകമെങ്ങും പരാതിയുമായി രംഗത്തെത്തിയത്. ഫോണുകളില്‍ നിന്ന് അക്കൗണ്ടുകള്‍ തനിയെ ലോഗ് ഔട്ട് ആവുകയും പിന്നീട് പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു, ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പാസ്‌വേഡ് തെറ്റാണെന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിന് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.
ഫേസ്ബുക്കിന് തകരാറായതോടെ എക്സിൽ ട്രോൾ മഴയാണ് നിറയുന്നത്. ഫേസ്ബുക്കിന് എന്തുപറ്റിയെന്നറിയാൻ എല്ലാവരും എക്സിലേക്ക് വരുന്നതാണ് ട്രോളിനടിസ്ഥാനം. Instagram down, Facebook down എന്നീ ഹാഷ്‌ടാഗുകൾ എക്‌സില്‍ ട്രെൻഡിങ്ങായി.
അതേസമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചെന്നും റിപ്പോർട്ടുകളുണ്ട്. നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫിക്കിന്‍റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.