വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള ഇലോൺ മസ്‌കിൻ്റെ അഭിമുഖം സാങ്കേതിക തകരാർ മൂലം തടസപ്പെട്ടു. എക്‌സിൻ്റെ സ്‌പേസ് പ്ലാറ്റ്‌ഫോമിലെ ഓഡിയോ സംഭാഷണത്തിൽ പങ്കെടുക്കാൻ ആളുകൾക്ക് കഴിഞ്ഞില്ല. സാങ്കേതികമായ ആക്രമണമാണ് ഉണ്ടായത് എന്നാണ് വിഷയത്തില്‍ മസ്‌ക് പ്രതികരിച്ചത്.
പ്ലാറ്റ്‌ഫോമിന് നേരെ ഡിനയല്‍ ഓഫ് സര്‍വീസ് അറ്റാക്ക് ആണ് ഉണ്ടായതെന്ന് മസ്‌ക് എക്‌സിലൂടെ വിശദീകരിച്ചു. അമേരിക്കന്‍ സമയം തിങ്കളാഴ്‌ച രാത്രി 8 മണിക്ക് ആയിരുന്നു അഭിമുഖം ആരംഭിക്കേണ്ടിയിരുന്നത്.
ഇൻ്റർവ്യൂവിന് മുമ്പ്, ഉപയോക്താക്കൾക്ക് എക്‌സ് ആക്‌സസ് ചെയ്യാനാകുന്നില്ല എന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാലത് ഒരു ആക്രമണമായിരുന്നോ എന്ന് ഉടനടി പരിശോധിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ രാത്രി 8.42 ഓടെയാണ് അഭിമുഖം ആരംഭിച്ചത്.
2023 മെയ് മാസത്തില്‍ ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസിന്‍റെ എക്‌സ് അഭിമുഖത്തിന് തകരാറുകൾ സംഭവിച്ചപ്പോള്‍ ട്രംപ് പരിഹസിച്ചിരുന്നു. ഡിസാൻ്റിസിന്‍റെ ട്വിറ്റർ ലോഞ്ച് ഒരു ദുരന്തമാണെന്നും അദ്ദേഹത്തിൻ്റെ മുഴുവൻ പ്രചാരണവും ഒരു ദുരന്തമായിരിക്കും എന്നുമായിരുന്നു ട്രംപിന്‍റെ പരാമര്‍ശം. അന്ന് മോശം പ്രകടനം മൂലം ഡിസാൻ്റിസ് മത്സരത്തിൽ നിന്ന് പുറത്താവുകയും ചെയ്‌തിരുന്നു.
Also Read : ട്രംപിന്‍റെ ഇ-മെയിലുകള്‍ ഹാക്ക് ചെയ്‌തു; പിന്നില്‍ ഇറാനെന്ന് ആരോപണം