ഇസ്ലാമാബാദ്: പണപ്പെരുപ്പത്തിൽ വലയുന്ന ജനങ്ങൾക്ക് ആശ്വാസമായി, ഇന്ധന വിലയില്‍ ഇളവുവരുത്തി പാകിസ്ഥാന്‍ സര്‍ക്കാര്‍. ബലിപെരുന്നാളിന് മുന്നോടിയായാണ് പാകിസ്ഥാന്‍ സർക്കാർ പെട്രോൾ വിലയും ഹൈ സ്‌പീഡ് ഡീസല്‍ (എച്ച്എസ്‌ഡി) വിലയും കുറച്ചത്. പെട്രോള്‍, ഡീസല്‍ വിലയില്‍ യഥാക്രമം ലിറ്ററിന് 10.20 രൂപ, 2.33 രൂപ എന്നിങ്ങനെയാണ് കുറവു വരുത്തിയത്. ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരുന്ന കുറവ്, പെട്രോൾ വില ലിറ്ററിന് 258.16 രൂപയിലേക്കും എച്ച്എസ്‌ഡിയുടെ വില ലിറ്ററിന് 267.89 രൂപയായിലേക്കും എത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി ദി എക്‌സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോര്‍ട്ട് ചെയ്‌തു.
പുതിയ ഇന്ധന വിലയെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ധനവില അവലോകനം ചെയ്യുന്ന ധനകാര്യ വിഭാഗം പുറപ്പെടുവിച്ചു. അടുത്ത രണ്ടാഴ്‌ചത്തേക്ക് പുതിയ വിലകൾ ബാധകമാകുമെന്നും ധനകാര്യ വിഭാഗം അറിയിച്ചു. അന്താരാഷ്‌ട്ര വിപണിയിലെ വില വ്യതിയാനത്തിൻ്റെ അടിസ്ഥാനത്തിൽ ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഓഗ്ര) ഉപഭോക്തൃ വിലകൾ രൂപപ്പെടുത്തിയതായി വിജ്ഞാപനത്തിൽ പറയുന്നു. പെട്രോളിയം വില കുറയ്ക്കാനുള്ള നീക്കം പണപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന പാകിസ്ഥാൻ ജനതയ്ക്ക് ഗുണം ചെയ്യും.
2022 മെയ് മുതൽ 20 ശതമാനത്തിന് മുകളിലുള്ള പണപ്പെരുപ്പം പാകിസ്ഥാനെ വളരെയധികം ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വാർഷിക പണപ്പെരുപ്പം ഏപ്രിലിൽ 17.3 ശതമാനമായി കുറഞ്ഞു. ഇത് രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്.
മെയ് 31 -ന് സർക്കാർ പെട്രോളിൻ്റെയും എച്ച്എസ്‌ഡിയുടെയും വില യഥാക്രമം ലിറ്ററിന് 4.74 രൂപയും 3.86 രൂപയും കുറച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്‌തിരുന്നു. ആഗോള എണ്ണവിലയിലുണ്ടായ ഇടിവ് കാരണമാണ് ഇന്ധന വില കുറയുന്നതെന്നും കഴിഞ്ഞ ഒന്നര മാസത്തിനിടെ തുടർച്ചയായി മൂന്ന് തവണ ഇന്ധന വില കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യവസായങ്ങൾക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് 10.69 രൂപ കുറച്ചതായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാഷണൽ ഇലക്‌ട്രിക്കൽ പവർ റെഗുലേറ്ററി അതോറിറ്റിയുടെ (നെപ്ര) ശുപാർശ പ്രകാരം കയറ്റുമതിയും വ്യാവസായിക ഉൽപ്പാദനവും വർധിപ്പിക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. വ്യാവസായിക, കയറ്റുമതി മേഖലകളിൽ യൂണിറ്റിന് 34.99 രൂപയാണ് പുതിയ വൈദ്യുതി വില.