മെക്‌സിക്കോ സിറ്റി/ഗ്വാട്ടിമാല സിറ്റി: മെക്‌സിക്കോയുടെയും ഗ്വാട്ടിമാലയുടെയും അതിർത്തിയിൽ ഞായറാഴ്‌ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മെക്‌സിക്കൻ അതിർത്തി പട്ടണമായ സുചിയാറ്റിന് സമീപം രാവിലെ 6 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ബ്രിസാസ് ബാര ഡി സുചിയേറ്റിന് പടിഞ്ഞാറ് - തെക്കുപടിഞ്ഞാറായി 10 മൈൽ (16 കിലോമീറ്റർ) അകലെ പസഫിക് തീരത്താണ് പ്രഭവകേന്ദ്രം.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിൻ്റെ പ്രാഥമിക തീവ്രത 6.4 ആണ്. 47 മൈൽ (75 കിലോമീറ്റർ) ആഴത്തിലുമാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. മെക്‌സിക്കോയിൽ നിലവിൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
എന്നാൽ, കൂടുതൽ പർവത പ്രദേശങ്ങളിലും അതിർത്തിയുടെ വിദൂര ഭാഗങ്ങളിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. അതിർത്തിക്കപ്പുറത്ത്, ഗ്വാട്ടിമാലയുടെ ദേശീയ ദുരന്ത നിവാരണ ഏജൻസി ക്വെറ്റ്‌സാൽട്ടെനാംഗോ മേഖലയിലെ ഹൈവേകളിലേക്ക് ചെറിയ മണ്ണിടിച്ചിലുകളുടെയും സാൻ മാർക്കോസിലെ ഒരു ആശുപത്രിയിലെ ഭിത്തികളിൽ വലിയ വിള്ളലുകളുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പങ്കിട്ടിട്ടുണ്ട്. എന്നാൽ, ജീവഹാനി സംബന്ധിച്ച് റിപ്പോർട്ടുകളൊന്നുമില്ല.
അതിർത്തിക്കടുത്തുള്ള ടപാചുലയിൽ, സിവിൽ ഡിഫൻസ് ബ്രിഗേഡുകൾ പരിശോധന തുടരുകയാണ്. ഇതുവരെ ഇവിടെ നാശനഷ്‌ടങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സുചിയേറ്റിൻ്റെ സിവിൽ ഡിഫൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്രാമീണ പ്രദേശങ്ങളിൽ റേഡിയോ വഴി ബന്ധപ്പെടുന്നുണ്ടെന്നും അനിഷ്‌ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പുലർച്ചെ ഉണ്ടായ ഭൂചലനം ജനങ്ങളെ ഭീതിയിലാഴ്‌ത്തി. മലനിരകളാൽ സമ്പന്നമായ, കൊളോണിയൽ നഗരം സാൻ ക്രിസ്റ്റോബാലിൽ ഭൂമികുലുക്കം ശക്തമായിരുന്നു. സീസ്‌മിക് അലർട്ട് സേവനം ഉള്ളതിനാൽ തങ്ങൾക്ക് യഥാസമയം മുന്നറിയിപ്പ് ലഭിച്ചതായി ഇവിടുത്തെ താമസക്കാർ പറയുന്നു. ടപാചുലയ്‌ക്ക് സമീപമുള്ള ടക്‌സ്‌റ്റ്‌ല ചിക്കോ എന്ന പട്ടണത്തിലും ഭൂചലനം ശക്തമായിരുന്നു.
ALSO READ: സംസ്ഥാനത്ത് അടുത്ത 5 ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്