ടെല്‍ അവിവ് (ഇസ്രയേല്‍) : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ സ്വകാര്യ വസതിക്ക് നേരെ ലെബനനില്‍ നിന്ന് ഡ്രോണ്‍ ആക്രമണം. ഇന്ന് രാവിലെയാണ് ആക്രമണം ഉണ്ടായതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആക്രമണം നടക്കുമ്പോള്‍ നെതന്യാഹുവും ഭാര്യ സാറയും വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ന് രാവിലെ ലബനനില്‍ നിന്ന് തൊടുത്തുവിട്ട മറ്റ് രണ്ടു ഡ്രോണുകള്‍ ഇസ്രയേല്‍ വ്യോമ പ്രതിരോധ സേന തകര്‍ത്തിരുന്നു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ടെല്‍ അവിവ് മേഖലയില്‍ അപായ സൂചനകള്‍ മുഴങ്ങി. അതേസമയം, ലെബനനില്‍ നിന്ന് റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന സംശയത്തില്‍ ഹൈഫ ബേ മേഖലയിലും അപായ സൂചനകള്‍ നല്‍കിയിട്ടുണ്ട്.
ഹൈഫ ബേ, ക്‌ഫാര്‍ ഹമകാബി, ഉഷ, കിര്യത് യാം, ക്‌ഫാര്‍ ബിയാലിക്, കിര്യത് മോട്‌സ്‌കിന്‍, കിര്യത് അറ്റ, കിര്യത് ബിയാലിക്, റമത് യോചന, ഷ്‌ഫാരം, തംറ, കിര്യത് ഹൈം, കിര്യത് ഷ്‌മുവല്‍, നെസ് ഷ്‌മുവല്‍ എന്നീ പട്ടണങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ ഇന്നലെ (ഒക്‌ടോബര്‍ 18) നെതന്യാഹു ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്‌തിരുന്നു. ഹമാസ് ആയുധം താഴെവച്ച് ബന്ധികളെ മോചിപ്പിച്ചാല്‍ നാളെ തന്നെ യുദ്ധം അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
'യഹ്യ സിന്‍വാര്‍ മരിച്ചു. ഇസ്രയേല്‍ പ്രതിരോധ സേനയിലെ ധീരരായ സൈനികരാല്‍ റാഫയില്‍ വച്ച് അയാള്‍ വധിക്കപ്പെട്ടു. ഇത് ഗാസയിലെ യുദ്ധത്തിന്‍റെ അവസാനമല്ല, ഇത് അവസാനത്തിന്‍റെ ആരംഭമാണ്.
എനിക്ക് ഗാസയിലെ ജനങ്ങളോട് പറയാനുള്ള കാര്യം ഇതാണ്- ഈ യുദ്ധം നാളെ തന്നെ അവസാനിക്കും. ഹമാസ് ആയുധം താഴെവച്ച് ബന്ദികളാക്കിയ ഞങ്ങളുടെ ആളുകളെ മോചിപ്പിച്ചാല്‍ യുദ്ധം അവസാനിക്കും' -എക്‌സില്‍ പങ്കിട്ട വീഡിയോയില്‍ നെതന്യാഹു പറഞ്ഞു.
ഹമാസ് തലവനും ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തിന്‍റെ സൂത്രധാരനുമായ യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. സിന്‍വാറിനെയും മറ്റ് രണ്ട് കൂട്ടാളികളെയും ഇസ്രയേല്‍ വധിച്ചതായി വ്യാഴാഴ്‌ചയാണ് ഇസ്രയേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചത്.
ഇസ്രയേലിന് പുറമെ 23 രാജ്യങ്ങളില്‍ നിന്നുള്ള 101 പേരെ ഹമാസ് ഗാസയില്‍ ബന്ദികളാക്കിയതായി നെതന്യാഹു പറഞ്ഞു. ഇസ്രയേലികളെ ബന്ദികളാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
Also Read: 'ആയുധം വച്ച് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്‌താൽ യുദ്ധം നിർത്താം'; ഹമാസിനോട് നെതന്യാഹു