യുഎസ് : ബാള്‍ട്ടിമോറില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പാലത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന പിക്കപ്പില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. അലജാന്‍ഡ്രോ ഹെര്‍ണാണ്ടസ് ഫ്യൂന്‍റസ് (35), ഡോറിയല്‍ റൊണിയല്‍ കാസ്റ്റിലോ കബ്രേര (25) എന്നിവരാണ് മരിച്ചത്.
ഇന്നലെയാണ് (മാര്‍ച്ച് 27) ഇരുവരുടെയും മൃതദേഹങ്ങള്‍ കിട്ടിയത്. മെരിലാന്‍ഡ് സ്റ്റേറ്റ് പൊലീസ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പിക്കപ്പില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ പാലത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ഇനിയും വാഹനങ്ങളുണ്ടാകാമെന്നും പൊലീസ് പറഞ്ഞു.
ആറ് പേരെയാണ് കണ്ടെത്താനുണ്ടായിരുന്നത്. അതേസമയം മുങ്ങല്‍ വിദഗ്‌ധര്‍ പാലത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് പൊലീസ് അറിയിച്ചു. നദിയില്‍ പതിച്ചിട്ടുള്ള പാലത്തിന്‍റെ അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്‌തതിന് പിന്നാലെ മുങ്ങല്‍ വിദഗ്‌ധരെ വീണ്ടും അയക്കും. നദിയില്‍ തുടരുന്ന കപ്പല്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും പൊലീസ് വിശദീകരിച്ചു. അതേസമയം പാലത്തിന്‍റെ പുനര്‍ നിര്‍മാണത്തിനുള്ള നടപടികളും ഉടനുണ്ടാകുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തു.
അപകടത്തില്‍പ്പെട്ട കപ്പലിന്‍റെ ഡാറ്റ റെക്കോര്‍ഡര്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തി. വിമാനത്തിലെ ബ്ലാക്ക് ബോക്‌സിന് സമാനമായ ഉപകരണമാണിത്. ഡാറ്റ റെക്കോര്‍ഡര്‍ പരിശോധിച്ചാല്‍ കപ്പലിനെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. മാത്രമല്ല അപകട കാരണങ്ങളെ കുറിച്ചും ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും.
അപകടത്തില്‍പ്പെട്ട കപ്പലിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. അപകട സാധ്യത തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ മെരിലാൻഡ് ഗതാഗത വകുപ്പിനെ വിവരം അറിയിച്ചിരുന്നു. കപ്പല്‍ ഇടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാലം അടച്ചിടണമെന്നും അറിയിച്ചിട്ടുണ്ട്. വിവരം ലഭിച്ച ഉടന്‍, വകുപ്പ് പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു. ഇതോടെയാണ് വന്‍ ദുരന്തം ഒഴിവായത്.
അതേസമയം, ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്‌ജ് തകർന്നതിനെ തുടർന്ന് കാണാതായവരിൽ തങ്ങളുടെ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് വാഷിംഗ്‌ടണിലെ മെക്‌സിക്കോ എംബസി കോൺസുലർ വിഭാഗം മേധാവി റാഫേൽ ലവേഗയെ പറഞ്ഞു.