ധാക്ക : ബംഗ്ലാദേശില്‍ നാളെ (മെയ് 26) വന്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പ്. റിമാല്‍ ചുഴലിക്കാറ്റ് വന്‍ നാശം വിതയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. ചുഴലിക്കാറ്റിനെ നേരിടാന്‍ രാജ്യം തയാറെടുത്ത് കഴിഞ്ഞു.
നാലായിരം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിക്കഴിഞ്ഞു. ഇവിടെ മതിയായ ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ട്. മണ്ണിടിച്ചില്‍ അടക്കമുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. കനത്ത മഴയും കടലേറ്റവും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
തീരദേശ ജില്ലകളായ സത്ഖിര, കോക്‌സ് ബസാര്‍ തുടങ്ങിയ ഇടങ്ങളിലാകും ചുഴലിക്കാറ്റ് തീവ്രമാകുക. നാളെ പുലര്‍ച്ചെ ഒരു മണിയോടെയാണ് കാറ്റ് കരതൊടുക. ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന തീവ്ര ന്യൂനമര്‍ദത്തിന്‍റെ പശ്ചാത്തലത്തില്‍ ഛത്തോഗ്രം, കോക്‌സ് ബസാര്‍, മൊങ്ക്ള, പയാറ തുടങ്ങിയ തുറമുഖങ്ങളില്‍ അപായ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
ഈ മണ്‍സൂണ്‍കാലത്തിന് തൊട്ടുമുമ്പ് ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ആദ്യ ചുഴലിക്കാറ്റാണിത്. അറബി ഭാഷയില്‍ മണല്‍ എന്നര്‍ഥമുള്ള റിമാല്‍ എന്ന പേരാണ് ഈ കാറ്റിന് നല്‍കിയിട്ടുള്ളത്. 80,000 സന്നദ്ധപ്രവര്‍ത്തകരും ദുരന്തം നേരിടാന്‍ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ മന്ത്രി മൊഹിബൂര്‍ റഹ്‌മാന്‍ പറഞ്ഞു.
ഏഴ് മുതല്‍ പത്ത് അടിവരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപുകള്‍ക്കും ബംഗ്ലാദേശിലെ ഖേപുപാറയ്ക്കും 420 കിലോമീറ്റര്‍ തെക്കും തെക്ക് കിഴക്കുമായാണ് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. നാളെ രാവിലെയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ കരതൊടും.
110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റ് വീശുക. ചിലപ്പോള്‍ ഇത് 135 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
Also Read: ന്യൂനമര്‍ദം ചുഴലിക്കാറ്റാകുന്നു; ശക്തിപ്രാപിച്ച് 'റിമാല്‍', മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത