ധാക്ക: ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി. കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഇതൊരു സുപ്രധാന ദിനമാണെന്ന് പ്രൊസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ ഇസ്‌ലാം പറഞ്ഞു. വിചാരണയ്ക്കായി തങ്ങള്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹസീനയുടെ ഭരണത്തിനിടെ ജീവന്‍ നഷ്‌ടമായ ഒരാളുടെ ബന്ധു കൂടിയാണ് ഇദ്ദേഹം.
ഇപ്പോള്‍ ഹസീനയെ അറസ്‌റ്റ് ചെയ്‌ത് അടുത്ത മാസം പതിനെട്ടിനകം കോടതിയില്‍ ഹാജരാക്കാനാണ് കോടതിയുടെ ഉത്തരവെന്നും ബംഗ്ലാദേശ് ഇന്‍റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ മുഖ്യ പ്രൊസിക്യൂട്ടറായ ഇസ്‌ലാം പറഞ്ഞു. കൂട്ടക്കൊലയും കൊലപാതകങ്ങളും മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളുമടക്കം ജൂലൈ മുതല്‍ ഓഗസ്‌റ്റ് വരെ രാജ്യത്ത് വലിയ അരാജകത്വമാണ് നടമാടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ മുന്‍ ജനറൽ കസെക്രട്ടറിയായ ഒബൈയ്‌ദുല്‍ ഖാദറിനെതിരെയും പേര് പരാമര്‍ശിക്കാത്ത മറ്റ് 44 പേര്‍ക്കെതിരെയും കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഹസീനയുടെ ഭരണം അവസാനിച്ചതോടെ അവരുടെ നിരവധി അനുയായികളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പ്രക്ഷോഭകാലത്ത് നിയമവാഴ്‌ച തകര്‍ന്ന് 700 ജീവനുകള്‍ നഷ്‌ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
മുന്‍ മന്ത്രിമാരും പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കളും അറസ്‌റ്റ് ചെയ്യപ്പെട്ടു. കോടതികളിലും കേന്ദ്ര ബാങ്കുകളിലും ഹസീന നിയമിച്ച പലരെയും പുറത്താക്കി. ബംഗ്ലാദേശില്‍ നിന്ന് ഹെലികോപ്‌ടര്‍ മാര്‍ഗം രക്ഷപ്പെട്ട ഹസീനയെ പിന്നീട് പൊതുഇടങ്ങളിലൊന്നും കണ്ടില്ല.
77കാരിയായ നേതാവ് ഇപ്പോള്‍ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയിലുള്ള സൈനിക വ്യോമത്താവളത്തിലാണ് കഴിയുന്നതെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായിട്ടുള്ള ഔദ്യോഗിക വിവരം. ബംഗ്ലാദേശില്‍ ഉടന്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് ഹസീനയുടെ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതോടെ ഉഭയകക്ഷി കൈമാറൽ ഉടമ്പടി പ്രകാരം രാജ്യത്തേക്ക് തിരിച്ചെത്തിച്ച് ഇവരെ വിചാരണയ്ക്ക് വിധേയനാക്കാനാകും. എന്നാലും, "രാഷ്‌ട്രീയ സ്വഭാവം" ഉള്ള കുറ്റമാണെങ്കിൽ കൈമാറൽ നിരസിക്കപ്പെടുമെന്ന് ഉടമ്പടിയിലെ ഒരു വ്യവസ്ഥ പറയുന്നുണ്ട്.
1971-ലെ സ്വാതന്ത്ര്യ യുദ്ധത്തിനിടെ നടന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ 2010-ൽ ഹസീനയുടെ സർക്കാർ രൂപീകരിച്ച യുദ്ധക്കുറ്റങ്ങളുടെ കോടതിയാണ് ഐസിടി. ഐക്യരാഷ്‌ട്രസഭയും മനുഷ്യാവകാശ സംഘടനകളും കോടതിയുടെ നടപടിക്രമങ്ങളിലെ പോരായ്‌മകളെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Also Read: ഷെയ്ഖ് ഹസീനയെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടാന്‍ ബംഗ്ലാദേശ്; അനുസരിക്കേണ്ടി വരുമോ ഇന്ത്യ?