കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഞ്ഞുവീഴ്‌ചയിൽ 15 പേര്‍ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു.അഫ്ഗനിസ്ഥാനിലെ
ബൽഖ്, ഫരിയാബ് പ്രവിശ്യകളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പതിനായിരത്തോളം മൃഗങ്ങള്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ഘോർ, ബാദ്ഗിസ്, ഗസ്നി, ഹെറാത്ത്, ബമിയാൻ തുടങ്ങി വിവിധ പ്രവിശ്യകളിലേക്കുള്ള ഗതാഗത മാര്‍ഗമായ സലാംഗ് പാസ് ഉൾപ്പെടെയുള്ള പ്രധാന റോഡുകള്‍ അടഞ്ഞു കിടക്കുകായണ്. വിദൂര പ്രദേശങ്ങളിലുള്ള താമസക്കാര്‍ ഒറ്റപ്പെട്ടു കിടക്കുകയാണെന്ന് ഫരിയാബ് പ്രവിശ്യാ ഗവർണറുടെ വക്താവ് എസ്‌മത്തുള്ള മുറാദി റിപ്പോർട്ട് ചെയ്‌തു.
"കനത്ത മഞ്ഞ് തുടരുകയാണ്, കന്നുകാലികളുടെ കാര്യം ഓര്‍ക്കുമ്പോള്‍ ആശങ്കയുണ്ട്. റോഡുകൾ പലതും തടസ്സപ്പെട്ടിരിക്കുകയാണ്. എങ്ങോട്ടും പോകാന്‍ കഴിയുന്നില്ല"- സാർ-ഇ-പുലിലെ താമസക്കാരനായ അബ്ദുൾ ഖാദർ പറഞ്ഞു. റോഡ് തടസം നീക്കുന്നതിലും പട്ടിണി കിടക്കുന്ന കന്നുകാലികളുടെ ദുരവസ്ഥയിലും സർക്കാർ സഹായം അടിയന്തിരമായി ഉണ്ടാകണമെന്ന് മറ്റൊരു താമസക്കാരനായ അമാനുല്ല പറഞ്ഞു.
നാശനഷ്‌ടങ്ങൾ പരിഹരിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് അഫ്‌ഗാനിസ്ഥാൻ പ്രഖ്യാപിച്ചു. ബാൽഖ്, ജാവ്‌ജാൻ, ബാദ്ഗിസ്, ഫർയാബ്, ഹെറാത്ത് എന്നീ പ്രവിശ്യകളിലെ കന്നുകാലി ഉടമകളെ സഹായിക്കാനായി അമ്പത് ദശലക്ഷം അഫ്‌ഗാനികളെ നിയമിച്ചതായും അധികൃതർ അറിയിച്ചു.
റോഡുകളിലെ തടസം നീക്കാനും, ദുരിതബാധിതർക്ക് ഭക്ഷണവും കന്നുകാലികള്‍ക്ക് തീറ്റയും വിതരണം ചെയ്യാനും ഒറ്റപ്പെട്ടവരെ രക്ഷിക്കാനും ഈ കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് താലിബാൻ നിയുക്ത വക്താവ് മിസ്ബാഹുദ്ദീൻ മുസ്‌തീൻ പറഞ്ഞു.
ബദ്ഗിസ്, ഘോർ, ഫറ, കാണ്ഡഹാർ, ഹെൽമണ്ട്, ജാവ്‌ജാൻ, നൂറിസ്ഥാൻ തുടങ്ങിയ പ്രവിശ്യകളിൽ പ്രവർത്തകർ ഇതിനോടകം തന്നെ സഹായം എത്തിച്ചിട്ടുണ്ടെന്ന് അഫ്ഗാൻ റെഡ് ക്രസന്‍റ് സൊസൈറ്റി വക്താവ് എർഫാനുള്ള ഷറഫ്‌സോയ് പറഞ്ഞു.