കാബൂൾ: ജീവികളുടെ ഫോട്ടോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അഫ്‌ഗാനിസ്ഥാനിലെ സദാചാര മന്ത്രാലയം (Morality Ministry). പല പ്രവിശ്യകളിലും ഈ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. പൂർണമായ നിരോധനം ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും വൈകാതെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഫോട്ടോ എടുക്കാനോ വീഡിയോ ചിത്രീകരിക്കാനോ ചില താലിബാന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്ന് വിവിധ മാധ്യമപ്രവര്‍ത്തകരെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്‌തു. തെക്കൻ കാണ്ഡഹാറില്‍ താലിബാൻ ഉദ്യോഗസ്ഥരുടെ പരിപാടികളിൽ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിൽ വളരെക്കാലമായി വിലക്കുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓഗസ്റ്റിൽ, പ്രവിശ്യ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിയതായി അഫ്‌ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. 'പുണ്യ പ്രചാരണത്തിനും ദുരാചാര ഉപരോധത്തിനും വേണ്ടിയുള്ള മന്ത്രാലയം' (Ministry for the Propagation of Virtue and the Prevention of Vice (PVPV) ഒക്‌ടോബർ പകുതി മുതൽ പത്രപ്രവർത്തകരുമായി കൂടിക്കാഴ്‌ചകൾ നടത്തുന്നുണ്ട്. ജീവജാലങ്ങളുടെയും മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങൾ എടുക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള നിരോധനം നടപ്പിലാക്കുമെന്നാണ് അവർ മാധ്യമ പ്രവർത്തകരെ അറിയിച്ചത്. ക്രമേണ ഇതിനായി നിയമം കൊണ്ടുവരുമെന്നും താലിബാന്‍ അറിയിച്ചു.
1996 മുതൽ 2001 വരെയുള്ള താലിബാന്‍ ഭരണ കാലത്ത് ടെലിവിഷൻ പൂർണമായും നിരോധിച്ചിരുന്നു. മൂന്ന് വർഷം മുമ്പ്, വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം അത്തരത്തിലൊരു നിയന്ത്രണം കൊണ്ടുവന്നിരുന്നില്ല. ഇതും ഉടനേയുണ്ടാകുമെന്നാണ് സൂചന.
അതേസമയം ഫോട്ടോ എടുക്കുന്നതിനുള്ള നിരോധനങ്ങൾ രാജ്യത്തെ മനുഷ്യാവകാശങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ജീവികളുടെ ചിത്രങ്ങൾ നിരോധിച്ചിരുന്ന 90കളിലെ താലിബാൻ നയം പ്രയോഗിക്കാനാണ് താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നതെന്ന് സൗത്ത് ഏഷ്യ ഡെസ്‌ക് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്‍റെ (ആർഎസ്എഫ്) മേധാവി സെലിയ മേഴ്‌സിയർ എഎഫ്‌പിയോട് പറഞ്ഞു.
താലിബാൻ അധികാരത്തില്‍ വന്നതിന് പിന്നാലെ ആര്‍എസ്എഫിന്‍റെ പത്രസ്വാതന്ത്ര്യ ആഗോള റാങ്കിങ്ങിൽ 180 രാജ്യങ്ങളിൽ 178-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.