ഫോനംപെന്‍ (കമ്പോഡിയ): കമ്പോഡിയയില്‍ തൊഴില്‍ തട്ടിപ്പിനിരയായ ഇന്ത്യന്‍ സംഘത്തിലെ അറുപത് പേരെ തിരികെ നാട്ടിലേക്ക് അയച്ചതായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. ജിന്‍ബെയി എന്ന സ്ഥലത്ത് നിന്ന് ഈ മാസം 20-നാണ് ഇന്ത്യാക്കാരെ അധികൃതര്‍ രക്ഷപ്പെടുത്തിയത്. ഷിഹനൗക്ക് വില്ലയിലെ അധികൃതരുടെ കൂടി സഹകരണത്തോടെയാണ് ഇവരെ രക്ഷിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് കമ്പോഡിയയില്‍ തൊഴില്‍ തട്ടിപ്പിനിരയായ ഇന്ത്യന്‍ സംഘത്തിലെ അറുപതു പേരെ തങ്ങള്‍ രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചതായി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചിരിക്കുന്നത്. എല്ലായെപ്പോഴും വിദേശത്തുള്ള ഇന്ത്യാക്കാരുടെ സഹായത്തിനായി തങ്ങള്‍ ഉണ്ടെന്നും സ്ഥാനപതി കാര്യാലയത്തിന്‍റെ കുറിപ്പില്‍ പറയുന്നു.
ഇന്ത്യാക്കാരെ രക്ഷിക്കാന്‍ സഹായിച്ച കമ്പോഡിയന്‍ സര്‍ക്കാരിനും നന്ദി അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ യാത്രരേഖകളടക്കമുള്ളവ ശരിയാക്കി നല്‍കുന്നതിനും നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥര്‍ ഇടപെട്ടു. കമ്പോഡിയന്‍ സര്‍ക്കാരുമായി തങ്ങള്‍ നിരന്തരം ഇടപെട്ട് ഇന്ത്യാക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കിയതായും നയതന്ത്രകാര്യാലയം വ്യക്തമാക്കി.
Also Read: സ്വർണ ഖനിയിൽ ജോലി വാഗ്‌ദാനം; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
കമ്പോഡിയയില്‍ ഇനിയും എവിടെയെങ്കിലും ഇത്തരത്തില്‍ തട്ടിപ്പിനിരയായി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരുണ്ടെങ്കില്‍ ഇക്കാര്യം തങ്ങളെ അറിയിക്കണമെന്നും കാര്യാലയം അറിയിച്ചിട്ടുണ്ട്. ഒപ്പം കമ്പോഡിയയിലേക്ക് ജോലിക്കായി പോകുന്നവര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള ഏജന്‍റുമാര്‍ വഴി മാത്രമേ തൊഴില്‍ തേടാവൂ എന്നാണ് നിര്‍ദേശം. അതേസമയം ഇതുവരെ തൊഴില്‍ തട്ടിപ്പിനിരയായ 360 ഇന്ത്യാക്കാരെ രക്ഷിച്ചതായും അധികൃതര്‍ വ്യക്തമാക്കി.