വൈവാഹികമോ അല്ലാത്തതോ ആയ ബന്ധത്തിലേര്‍പ്പെട്ട കൗമാരക്കാരായ പെൺകുട്ടികളിൽ വലിയൊരു ശതമാനവും പങ്കാളിയില്‍ നിന്നുള്ള അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. 20 വയസ് തികയും മുമ്പ് ഏകദേശം 19 ദശലക്ഷം പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടുള്ളത്. ദി ലാൻസെറ്റ് ചൈൽഡ് ആൻഡ് അഡോളസെന്‍റ് ഹെൽത്തിലാണ് ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
6ൽ 1 (16%) പെണ്‍കുട്ടികളും കഴിഞ്ഞ വർഷം ഇത്തരം അക്രമങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവതികൾ ഇന്‍റിമേറ്റ് പാര്‍ട്‌ണറുടെ അക്രമം ഭയാനകമാംവിധം അനുഭവിച്ചിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒയുടെ ലൈംഗിക, പ്രത്യുത്‌പാദന ആരോഗ്യ ഗവേഷണ വിഭാഗം ഡയറക്‌ടർ ഡോ. പാസ്‌കല്‍ അലോട്ടി പറയുന്നു. ഇത് ദീര്‍ഘവും ശാശ്വതവുമായ ദോഷങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനാരോഗ്യ പ്രശ്‌നമായി കണക്കാക്കി കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പങ്കാളിയുടെ അക്രമം കൗമാരക്കാരുടെ ആരോഗ്യം, വിദ്യാഭ്യാസ നേട്ടങ്ങൾ, ഭാവി ബന്ധങ്ങൾ, പ്രതീക്ഷകൾ എന്നിവയിലെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കൂടാതെ ഇത്തരം അക്രമങ്ങള്‍ ശാരീരികമായ പരിക്കുകൾ, വിഷാദം, ഉത്കണ്‌ഠ, ആസൂത്രിതമല്ലാത്ത ഗർഭധാരണം, ലൈംഗികമായി പകരുന്ന അണുബാധ, മറ്റ് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ എന്നിവയിലേക്കെല്ലാം നയിക്കാന്‍ സാധ്യതയുള്ളതാണ്.
കണക്കുകള്‍ ഇങ്ങനെ: 15-19 വയസ് പ്രായമുള്ള പെൺകുട്ടികൾ അനുഭവിക്കുന്ന ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങളെക്കുറിച്ച് ആദ്യമായാണ് വിശദമായ പഠനം പുറത്തുവരുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ അതിക്രമം നേരിടുന്നത് ഓഷ്യാനിയന്‍ മേഖലയിലാണ്, 47%. രണ്ടാമത് സെൻട്രൽ സബ്-സഹാറൻ ആഫ്രിക്കയാണ്,40%.
മധ്യ യൂറോപ്പിലും (10%), മധ്യേഷ്യയിലുമാണ് (11%) ഏറ്റവും കുറഞ്ഞ നിരക്ക്. ഏറ്റവും കുറവ് നിരക്കുള്ള രാജ്യങ്ങളിൽ ഇത്തരം അക്രമങ്ങൾക്ക് വിധേയരാകുന്ന കൗമാരക്കാരായ പെൺകുട്ടികൾ 6% ആണെങ്കില്‍ ഉയർന്ന നിരക്കുള്ള രാജ്യങ്ങളില്‍ ഇത് 49% വരെയാണ്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ് കൗമാരക്കാരായ പെൺകുട്ടികൾക്ക് പങ്കാളിയില്‍ നിന്ന് അതിക്രമം നേരിടേണ്ടി വരുന്നത് എന്നും പഠനം പറയുന്നു. ശൈശവ വിവാഹങ്ങള്‍ ഇത്തരത്തിലുള്ള അപകട സാധ്യതകൾ വന്‍തോതില്‍ വർധിപ്പിക്കുന്നതായി പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിന് കാരണം പലതാണ്. ഇണയുടെ പ്രായ വ്യത്യാസം, അധികാര അസമത്വം, സാമ്പത്തിക ആശ്രിതത്വം, സാമൂഹിക ഒറ്റപ്പെടൽ എന്നിവയെല്ലാം ഇതിന് കാരണമാകുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കൗമാരക്കാര്‍ക്ക് പിന്തുണയും സഹായവും ആവശ്യം: സ്‌ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങള്‍ക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഏജൻസികള്‍ക്കൊപ്പം കൗമാര പ്രായക്കാർക്ക് അനുയോജ്യമായ സേവനങ്ങളും പ്രതിരോധ നടപടികളും ശക്തിപ്പെടുത്തണമെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്. ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് ആൺകുട്ടികളെയും പെൺകുട്ടികളെയും പഠിപ്പിക്കുന്ന സ്‌കൂൾ തല പരിപാടികൾ മുതൽ നിയമ സംരക്ഷണം വരെ നീളുന്ന പ്രതിരോധ നടപടികളും വിഷയത്തില്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് പഠനം എടുത്തുകാട്ടുന്നു.
സാമ്പത്തിക ശാക്തീകരണവും പ്രതിരോധ നടപടിയില്‍ പ്രധാനമാണ്. പല കൗമാരക്കാർക്കും സ്വന്തമായി സാമ്പത്തിക അടിത്തറ ഇല്ലാത്തതിനാൽ, ടോക്‌സിക് ബന്ധങ്ങൾ ഉപേക്ഷിക്കുന്നത് ഒരു വെല്ലുവിളി ആയേക്കാം. ലിംഗാധിഷ്‌ഠിതമായ അക്രമം അവസാനിപ്പിക്കാൻ, തുല്യത വർധിപ്പിക്കുന്ന നയങ്ങളും പരിപാടികളും രാജ്യങ്ങള്‍ക്ക് ആവശ്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നുവെന്ന് പഠനത്തിന്‍റെ രചയിതാവും ഡബ്ല്യൂഎച്ച്ഒയിലെ വൈലന്‍സ് എഗനിസ്‌റ്റ് വിമണ്‍ ഡാറ്റ ആന്‍ഡ് മെഷര്‍മെന്‍റിന്‍റെ ടെക്‌നിക്കല്‍ ഓഫിസറുമായ ഡോ ലിൻമേരി സർഡിൻഹ പറഞ്ഞു.
മുഴുവന്‍ പെൺകുട്ടികൾക്കും സെക്കൻഡറി വിദ്യാഭ്യാസം ഉറപ്പാക്കുക, ലിംഗ-തുല്യമായ സ്വത്തവകാശം ഉറപ്പാക്കുക, ശൈശവ വിവാഹം പോലുള്ള ഹാനികരമായ ആചാരങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ മേഖലകളിലേക്ക് പഠനം വിരല്‍ ചൂണ്ടുന്നുണ്ടെന്നും ഡോ. ലിൻമേരി പറഞ്ഞു.
2030ലെ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി സ്‌ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാൻ ഒരു രാജ്യവും നിലവില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പഠനം പറയുന്നു. ആഗോളതലത്തിൽ 5ൽ 1 പെൺകുട്ടികളെ ബാധിക്കുന്ന ശൈശവ വിവാഹം അവസാനിപ്പിക്കുന്നതും പെൺകുട്ടികളുടെ സെക്കൻഡറി വിദ്യാഭ്യാസ പ്രവേശനം വിപുലീകരിക്കുന്നതും കൗമാരക്കാരായ പെൺകുട്ടികൾക്കെതിരായ അക്രമം കുറയ്ക്കുന്നതിനുള്ള നിർണായക ഘടകങ്ങളാണെന്നും പഠനത്തില്‍ പറയുന്നു. ശൈശവ വിവാഹം തടയുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദേശങ്ങൾ 2024 അവസാനത്തോടെ പുറത്തിറക്കും.
Also Read : മദ്യവും മയക്കുമരുന്നും മൂലം ഒരു വര്‍ഷം മൂന്ന് ദശലക്ഷത്തിലധികം മരണം; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്