ഹൈദരാബാദ്: ആഫ്രിക്കയിലെ സോമാലിയയിൽ നിന്നുള്ള 14 വയസുകാരിയുടെ വയറ്റിൽ നിന്നും 3.7 കിലോഗ്രാം ഭാരമുള്ള ട്യൂമർ നീക്കം ചെയ്‌തു. സെക്കന്തരാബാദിലെ കിംസ് കഡിൽസ് ആശുപത്രിയിലെ ഡോക്‌ടർമാരാണ് ശസ്‌ത്രക്രിയ വിജയകരമായി നിര്‍വഹിച്ചത്. ആശുപത്രിയിലെ ചീഫ് കൺസൾട്ടന്‍റായ പീഡിയാട്രിക് ലാപ്രോസ്‌കോപ്പിക് സർജനും പീഡിയാട്രിക് യൂറോളജിസ്റ്റുമായ ഡോ. എം യോഗനാഗേന്ദറാണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ നൽകിയത്.
കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി സ്വന്തം നാട്ടിലെ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. അവിടെയുള്ള ഡോക്‌ടർമാർ സിടി സ്‌കാൻ പോലുള്ള പരിശോധനകൾ നടത്തി ആമാശയത്തിൽ വലിയ മുഴയുണ്ടെന്ന് കണ്ടെത്തി. രക്തധമനികളിൽ ബാധിക്കപ്പെട്ടതിനാല്‍ അവിടെ ശസ്‌ത്രക്രിയ നടത്താനായില്ല.
തുടര്‍ന്ന് ചികിത്സയ്‌ക്കായി ഇന്ത്യയിലേക്ക് പോകാൻ നിർദേശിച്ചു. ഇതോടെയാണ് പെണ്‍കുട്ടിയും കുടുംബവും ഹൈദരാബാദിലെത്തുന്നത്. ഇവിടെയുള്ള വിവിധ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് സെക്കന്തരാബാദിലെ കിംസ് കഡിൽസ് ആശുപത്രിയെ സമീപിച്ചത്. പരിശോധിച്ചപ്പോൾ ട്യൂമർ കണ്ടെത്തുകയും അത് വയറില്‍ മുഴുവൻ വ്യാപിക്കുന്നതായും കണ്ടെത്തി.
അതോടെ, പീഡിയാട്രിക് സർജനും പീഡിയാട്രിക് യൂറോളജിസ്റ്റുമായ ഡോ. അവിനാഷ് റെഡ്ഡിക്കൊപ്പം മുഴുവൻ സംഘവും പെൺകുട്ടിക്ക് ശസ്‌ത്രക്രിയ നടത്തി. രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ശസ്‌ത്രക്രിയ വളരെ വിദഗ്‌ധമായി ചെയ്യേണ്ടതുണ്ടായിരുന്നു. മൂത്രനാളിയിൽ കുടുങ്ങിയതിനാൽ വലത് മൂത്രനാളി നീക്കം ചെയ്യേണ്ടിവന്നു. ട്യൂമർ വേർതിരിച്ചെടുത്ത ശേഷം പരിശോധിച്ചപ്പോൾ ഭാരം 3.75 കിലോഗ്രാം ആയിരുന്നു.
ബയോപ്‌സിക്ക് അയച്ചപ്പോൾ ക്യാൻസറല്ലെന്നും സാധാരണ ട്യൂമർ ആണെന്നും കണ്ടെത്തി. ദീർഘനേരം വേദനസംഹാരികൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ശരിയായ മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഡോ എം യോഗനാഗേന്ദർ പറഞ്ഞു.
ALSO READ: വയറു വേദനയുമായി എത്തി; യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്‌തത് 10 കിലോയിലേറെ ഭാരമുള്ള മുഴ