ക്ഷീണം അകറ്റാനും ഉന്മേഷം നിലനിർത്താനും സഹായിക്കുന്ന പാനീയമാണ് കാപ്പി. രാവിലെ എഴുന്നേറ്റാൽ ഉടൻ കാപ്പി കുടിക്കുന്ന ശീലമുള്ള ആളുകൾ നിരവധിയാണ്. ദിവസത്തിൽ നാലോ അഞ്ചോ തവണ കാപ്പി കുടിക്കുന്നവരുമുണ്ട്. എന്നാൽ അമിതമായ കാപ്പിയുടെ ഉപയോഗം ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ ? കൂടുതൽ അളവിൽ കാപ്പി കുടിക്കുന്നത് ഗുരുതരമായ പല ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ഉറക്കമില്ലായ്‌മ
പകൽ സമയത്ത് അമിതമായി കാപ്പി കുടിക്കുന്നത് ഉറക്കമില്ലായ്‌മയ്ക്ക് കാരണമാകും. ഉറക്കത്തിലേക്ക് നയിക്കുന്ന തലച്ചോറിലെ അഡിനോസിൻ എന്ന ന്യൂറോ ട്രാൻസ്‌മിറ്ററിനെ കാഫീൻ തടയുകയും ഉറക്കം നഷ്‌ടമാകുകയും ചെയ്യും. ഉറങ്ങുന്നതിന് 6 മുതൽ 8 മണിക്കൂർ മുൻപ് കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.
അസ്വസ്ഥതയും ഉത്കണ്‌ഠയും
കൂടുതൽ അളവിൽ കാഫീൻ ശരീരത്തിലെത്തുമ്പോൾ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കാൻ കാരണമാകും. ഇത് അസ്വസ്ഥതയും ഉത്കണ്‌ഠയും ഉണ്ടാക്കും. ഇത് ഹൃദയത്തിന്‍റെ മിടിപ്പ് വർധിപ്പിക്കുകയും കൈകളിൽ വിറയൽ അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യും. ഇത്തരം അവസ്ഥകൾ നേരിട്ടാൽ കപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലത്.
ദഹന പ്രശ്‌നങ്ങൾ
കാപ്പി അമിതമായി കുടിക്കുന്നത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. കഫീൻ ആമാശയത്തിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുകയും അസിഡിറ്റി, നെഞ്ചെരിച്ചിൽ വയറിളക്കം പോലുള്ള അസുഖങ്ങളിലേക്ക് നയിക്കുകയും ചെയുന്നു.
ഹൃദയമിടിപ്പ് വർധിക്കും
ഉയർന്ന അളവിലെ കാഫീൻ ഹൃദയ മിടിപ്പ് വർധിക്കാൻ ഇടയാക്കും. തുടർച്ചയായി ഹൃദയമിടിപ്പ് കൂടുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദം, സ്ട്രോക്ക് തുടങ്ങിയ ഗുരുതരമായ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ കാപ്പി കുടിച്ചതിന് ശേഷം തലകറക്കമോ ഹൃദയമിടിപ്പ് കൂടുന്നതായോ അനുഭവപ്പെട്ടാൽ ഇതിന്‍റെ ഉപയോഗം ഒഴിവാക്കുക.
തലവേദന
പതിവായി കൂടുതൽ അളവിൽ കാപ്പി കുടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.
ഉയർന്ന രക്തസമ്മർദ്ദം
കാപ്പിയിലെ കാഫീൻ രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. ഇത് ഹൃദയമിടിപ്പ് കൂടാനും രക്തസമ്മർദം ഉയരാനും കാരണമാകും.
Ref:https://www.ncbi.nlm.nih.gov/pmc/articles/PMC6413001/
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: തടി കൂടുമെന്ന പേടി വേണ്ട; ആരോഗ്യ ഗുണങ്ങൾ നിരവധി, പതിവാക്കാം ഗീ കോഫി
ചർമ്മം മിന്നിതിളങ്ങാൻ ഇത് മാത്രം മതി; ഒരു കിടിലൻ ഫേസ് മാസ്‌ക് ഇതാ... ഫലം ഉറപ്പ്