ന്യൂഡൽഹി : പാനി പൂരി അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിക്കുക. കൃത്രിമ നിറങ്ങൾ ചേർത്ത പാനി പൂരി കഴിക്കുന്നത് കാൻസറും ആസ്ത്മയും ഉണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്‌ധർ.
പാനി പൂരിക്കെതിരെ നിരവധി പരാതികൾ ഉയർന്നതോടെ വഴിയോരങ്ങളിലെ 260 ഓളം തട്ടുകടകളിൽ നിന്നും കർണാടകയിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇതിൽ 22 ശതമാനം പാനി പൂരികളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.
ഏകദേശം 41 സാമ്പിളുകളിൽ കൃത്രിമ നിറങ്ങളും കാൻസറിന് കാരണമാകുന്ന ഘടകങ്ങളും അടങ്ങിയിട്ടുണ്ടായിരുന്നു. 18 എണ്ണം പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമാണെന്ന് കണ്ടെത്താനിടയായി. സംസ്ഥാനത്തെ ഹോട്ടലുകളിലെ ചിക്കൻ കബാബ്, മത്സ്യം, പച്ചക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിച്ചാൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവും ശിക്ഷയായി കർണാടകയിലെ ഭക്ഷ്യ സുരക്ഷ വിഭാഗം ജൂൺ അവസാനം ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് പാനി പൂരിയിലും പരിശോധന നടത്തിയത്. ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി (ബോംബെ മിഠായി) എന്നിവയിൽ ഉപയോഗിക്കുന്ന കൃത്രിമ നിറമായ റോഡാമൈൻ-ബിയുടെ ഉപയോഗം മാർച്ചിൽ കർണാടക സർക്കാർ നിരോധിച്ചിരുന്നു.
'വിഭവം കൂടുതൽ ആകർഷകമാക്കാൻ കൃത്രിമ നിറങ്ങളും രുചി വർധിപ്പിക്കാനുളള വസ്‌തുക്കളും അധികമായി ഉപയോഗിക്കുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പ്രത്യേകിച്ചും പുറത്തുനിന്നുള്ള ഭക്ഷണം പതിവായി കഴിക്കുന്നവരിലാണ് കൂടുതലായും പ്രശ്‌നങ്ങൾ ഉണ്ടാകുക' -ആസ്റ്റർ സിഎംഐ ഹോസ്‌പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ഹെഡ് എഡ്വിന രാജ് പറഞ്ഞു.
ഭക്ഷണത്തിലെ ഇത്തരം സിന്തറ്റിക് മൂലകങ്ങളുടെ അമിതമായ സമ്പർക്കം മൂലം കാൻസറിനുള്ള സാധ്യത വർധിക്കുകയും കുടൽ വീക്കം ഉണ്ടാകുകയും ചെയ്യുന്നുമെന്ന് എഡ്വിന കൂട്ടിച്ചേർത്തു. കുട്ടികളിൽ ഹൈപ്പർ ആക്‌ടിവിറ്റി, അലർജി, ആസ്ത്മ എന്നിവയ്ക്കും ഇത് കാരണമാകുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. കൂടാതെ, പാനി പൂരിയിൽ ഉപയോഗിക്കുന്നത് മലിനമായിട്ടുളള വെള്ളമാണെങ്കിൽ ടൈഫോയ്‌ഡ് പോലുള്ള രോഗങ്ങൾക്ക് കാരണമാകുമെന്നും പരിശോധനയിലൂടെ തെളിഞ്ഞു.
ഭക്ഷ്യ ഉത്‌പന്നങ്ങളിൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നത് ആളുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ്. ഇത് രുചി വർധിപ്പിക്കുകയും ഉപഭോക്‌താവിന് സംതൃപ്‌തി നൽകുകയും ചെയ്യുന്നു. എന്നിരുന്നാലും, ഭക്ഷണ പദാർഥങ്ങളിൽ സൺസെറ്റ് യെല്ലോ, കാർമോസിൻ, റോഡാമൈൻ-ബി തുടങ്ങിയ നിറങ്ങളുടെ ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. കൃത്രിമനിറങ്ങൾക്ക് പകരം ബീറ്റ്റൂട്ട്, മഞ്ഞൾ, കുങ്കുമപ്പൂവ് തുടങ്ങിയവ ഉപയോഗിച്ച് പ്രകൃതിദത്തമായിട്ടുളള രീതിയിൽ നിറവും സ്വാദും ഉള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാമെന്ന് എഡ്വിന പറഞ്ഞു.
Also Read: സസ്യാധിഷ്‌ഠിത മാംസമോ, മൃഗ മാംസമോ; ആരോഗ്യത്തിന് നല്ലത് ഏത്? പഠനം പറയുന്നത് ഇങ്ങനെ