ഹൈദരാബാദ് : പലര്‍ക്കും ചിക്കന്‍ വിഭവങ്ങള്‍ സ്വാദിഷ്‌ടമായി പാകം ചെയ്യാന്‍ അറിയാം. വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കുന്നത് പിന്‍തുടരുന്നവരാണ് ഏറെയും. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ മൈക്രോബയോളജി പ്രൊഫസര്‍ എന്‍സോ പലൊമ്പൊ.
ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പ് കഴുകാന്‍ പാടില്ലെന്നാണ് എന്‍സോ പലൊമ്പൊ പറയുന്നത്. കേട്ടാല്‍ നെറ്റി ചുളിഞ്ഞേക്കാം. കഴുകാതെ പാകം ചെയ്യാമോയെന്ന ചോദ്യവും ഉയരാം. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ മറുപടി നല്‍കുന്നുണ്ട് അദ്ദേഹം.
ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പ് കഴുകി വൃത്തിയാക്കുന്നവരാണ് നമ്മള്‍. ഇങ്ങനെ കഴുകിയാല്‍ യഥാര്‍ഥത്തില്‍ ചിക്കന്‍ വൃത്തിയാകില്ലെന്നാണ് മോക്രോബയോളജി വിദഗ്‌ധന്‍ പറയുന്നത്. അത് ആരോഗ്യകരമല്ലെന്നും അദ്ദേഹം പറയുന്നു. ദി കോണ്‍വര്‍സേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരം.
'വേവിക്കുന്നതിന് മുന്നേ ചിക്കന്‍ കഴുകല്ലേ' : കോഴിയിറച്ചിയില്‍ ദോഷകരമായ പല സൂക്ഷ്‌മാണുക്കളും അടങ്ങിയിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഇവയെ കഴുകി അങ്ങ് ഇല്ലാതാക്കാമെന്ന് കരുതിയാല്‍ അതല്‍പം അത്യാഗ്രഹമാകും. ഇറച്ചി കഴുകുന്നതിലൂടെ ഇത്തരം സൂക്ഷ്‌മാണുക്കളെ നീക്കം ചെയ്യാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത് (purpose of cooking Chicken without washing).
കോഴിയിറച്ചിയില്‍ സാധാരണയായി അടങ്ങിയിരിക്കുന്ന ബാക്‌ടീരിയകളാണ് സാല്‍മൊണെല്ലയും കാംപിലോബാക്‌ടറും. ഇവ അണുബാധ, പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് കൂടുതല്‍ ബാധിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിലും അസുഖം വരാനിടയുണ്ട്.
കോഴിയിറച്ചിയിലെ ബാക്‌ടീരിയ കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചിലപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യം വന്നേക്കാം. ചില സാഹചര്യങ്ങളില്‍ മരണം വരെ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചിക്കനിലെ ഈ ബാക്‌ടീരിയകള്‍ ഇറച്ചി കഴുകുന്നതിലൂടെ പോകുന്നില്ല എന്ന് മാത്രമല്ല, കൈകൊണ്ട് തൊട്ട് വൃത്തിയാക്കുമ്പോള്‍ പറ്റിപ്പിടിക്കാനും സാധ്യതയുണ്ട്.
ഇറച്ചി വൃത്തിയാക്കിയ അതേ കൈകൊണ്ട് മറ്റെവിടെയെങ്കിലും തൊട്ടാല്‍ ബാക്‌ടീരിയ അവിടെയും എത്തുന്നു. അടുക്കള മുഴുവന്‍ ഈ ബാക്‌ടീരിയ പരക്കാനും സാധ്യത ഏറെയാണ്. കൈകളില്‍ പറ്റിയ ബാക്‌ടീരിയ വായ, മൂക്ക്, കണ്ണുകള്‍ തുടങ്ങിയവ വഴി ശരീരത്തിനുള്ളിലും പ്രവേശിച്ചേക്കാം. അതിനാല്‍ ചിക്കന്‍ കഴുകി റിസ്‌ക് എടുക്കരുതെന്ന് സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പ്രൊഫസര്‍ പറയുന്നു.
ചിക്കന്‍ കഴുകാതെ പാകം ചെയ്യാം : സാഹചര്യം ഇങ്ങനെയൊക്കെ ആണെങ്കില്‍ ചിക്കന്‍ കഴുകാതെ, പാകം ചെയ്യുകയേ പോംവഴിയുള്ളൂ. അങ്ങനെയെങ്കില്‍ കഴുകാതെ പാകം ചെയ്‌താല്‍ ബാക്‌ടീരിയ നശിക്കുമോ? ഇത് കഴിച്ചാല്‍ ബാക്‌ടീരിയ നേരിട്ട് ശരീരത്തില്‍ പ്രവേശിക്കില്ലേ? തുടങ്ങിയ സംശയങ്ങള്‍ ഉണ്ടാകാം.
ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് വിദഗ്‌ധാഭിപ്രായം. നാം ചിക്കന്‍ പാകം ചെയ്യുന്ന ചൂട് വളരെ കൂടുതലാണ്. ഇത്രയധികം ചൂടിനെ ബാക്‌ടീരിയയ്‌ക്ക് അതിജീവിക്കാന്‍ കഴിയില്ല. അതിനാല്‍ ചിക്കന്‍ കഴുകാതെ പാകം ചെയ്യാം എന്നാണ് പ്രൊഫസര്‍ എന്‍സോ പലൊമ്പൊയുടെ നിര്‍ദേശം.
ചിക്കന്‍ പാകം ചെയ്യുന്നതിന് മുന്‍പ് വെറും കൈ കൊണ്ട് തൊടരുത് എന്ന് അദ്ദേഹം പറയുന്നു, പാചകം കഴിഞ്ഞാല്‍ ചിക്കന്‍ സൂക്ഷിച്ച പാത്രങ്ങള്‍ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കാനും നിര്‍ദേശിക്കുന്നുണ്ട്.