ന്യൂഡൽഹി: വേദനസംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി ഇൻഫെക്റ്റീവുകൾ എന്നിവയുൾപ്പെടെ അവശ്യമരുന്നുകളുടെ വിലയില്‍ വർധന. ഏപ്രിൽ 1 മുതലാണ് മരുന്നുകളുടെ വിലയില്‍ വർധനവുണ്ടാവുക. മൊത്തവില സൂചികയിലെ വാർഷിക മാറ്റത്തിന് അനുസൃതമായി, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് ദേശീയ അവശ്യ മരുന്നുകളുടെ (എന്‍എല്‍ഇഎം) വിലയിൽ 0.0055 ശതമാനം വാർഷിക മാറ്റം പ്രഖ്യാപിച്ചത്.
ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്‌മെന്‍റ് 923 ഷെഡ്യൂൾ ചെയ്‌ത മരുന്ന് ഫോർമുലേഷനുകളുടെ പുതുക്കിയ പരിധി വിലയുടെയും 65 ഫോർമുലേഷനുകളുടെ പുതുക്കിയ ചില്ലറ വിലയുടെയും പട്ടിക പുറത്തിറക്കി. വ്യവസായ വകുപ്പിൻ്റെയും വാണിജ്യ വ്യവസായ മന്ത്രാലയത്തിൻ്റെയും സാമ്പത്തിക ഉപദേഷ്‌ടാവിൻ്റെ ഓഫീസ് നൽകിയ ഡബ്ല്യുപിഐ ഡാറ്റയെ അടിസ്ഥാനമാക്കി, ഡബ്ല്യുപിഐയിലെ വാർഷിക മാറ്റം 0.00551 ശതമാനമായി വർത്തിക്കുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി അറിയിച്ചു.
സർക്കാരിൻ്റെ മുൻകൂർ അനുമതി ആവശ്യമില്ലാതെ, ഡബ്ല്യുപിഐയുടെ അടിസ്ഥാനത്തിൽ നിർമ്മാതാക്കൾ ഷെഡ്യൂൾ ചെയ്‌ത ഫോർമുലേഷനുകളുടെ പരമാവധി ചില്ലറ വില (എംആർപി) വർദ്ധിപ്പിച്ചേക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു. വേദനസംഹാരികൾ, ആന്‍റിവൈറലുകൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി മലേറിയലുകൾ, ടൈപ്പ് 2 പ്രമേഹത്തിനുള്ള മരുന്നുകൾ തുടങ്ങിയ അവശ്യ മരുന്നുകളാണ് പുതുക്കിയ നിരക്ക് പട്ടികയിലെ ഫോർമുലേഷനുകൾ.
വേദനസംഹാരി മരുന്നായ ഡിക്ലോഫെനാകിന് ഇപ്പോൾ ഒരു ടാബ്‌ലെറ്റിന് 2.05 രൂപയും ഇബുപ്രോഫെൻ ഗുളികകളുടെ 200 എംജി, 400 എംജി ഡോസേജ് പതിപ്പുകൾക്ക് യഥാക്രമം 0.71 രൂപയും 1.20 രൂപയുമാണ് വില. എൻപിപിഎ സീലിങ്ങ് വില അടിയ്‌ക്കടി പരിഷ്‌ക്കരിക്കാറുണ്ട്.
Also Read: ടൈപ്പ് 2 പ്രമേഹവും അല്‍ഷിമേഴ്‌സും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം; അമിതമായ പഞ്ചസാര തലച്ചോറിനെ ബാധിക്കും