കാസർകോട്: വിറ്റാമിനുകളുടെ കലവറയാണ് ഇലക്കറികൾ. എന്നാൽ കുട്ടികൾ പലരും ഇലക്കറികൾ കഴിക്കാറില്ലെന്ന് മാത്രമല്ല അറിയാത്തവരും നിരവധിയുണ്ട്. ഇതിനു പരിഹാരമായി എത്തുകയാണ് കാസർകോട് പടന്ന ജി യു പി സ്‌കൂളിലെ കുട്ടികളുടെ അമ്മമാർ. മുരിങ്ങയിലയും പലതരം ചീരകളും തഴുതാമയും, താളും കൊടുത്തൂവയും തുടങ്ങി നാടൻ കറിയിലകൾ കൊണ്ട് അമ്പതോളം വിഭവങ്ങളാണ് തയ്യാറാക്കി കുട്ടികൾക്കു നൽകിയത്.
കുട്ടികൾ ഇല കറികൾ കഴിക്കാറില്ലെന്നു മനസിലായതോടെ ഇലക്കറികളുടെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് ഇലകൾ കൊണ്ടുള്ള വിഭവങ്ങൾ ഒരുക്കിയത്. ഇലക്കറികളുടെ പെരുമ വിളിച്ചോതുന്നതായിരുന്നു ഇളക്കറി മേള. അമ്മമാർ വീടുകളിൽ നിന്നും തയ്യാറാക്കി വ്യത്യസ്‌ത തരം വിഭവങ്ങൾ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ഗുണങ്ങൾ വിവരിച്ചു നൽകുകയും ചെയ്‌തു. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മേളയിൽ തോരൻ, ചമ്മന്തി, കറി ഇനങ്ങളായിരുന്നു കൂടുലും. മുത്തിൾ കൊണ്ടുള്ള ചമ്മന്തിയും പച്ചടിയും തോരനും രുചിയിൽ മികച്ചു നിന്നു.
രുചി വൈവിധ്യങ്ങൾ ഒരുക്കുന്നതിൽ മുന്നിട്ടു നിന്നത് മുരിങ്ങയിലയായിരുന്നു. പലതരം ചീരകൾ, തഴുതാമ, താള്, കൊടുത്തൂവ എന്നിവയെല്ലാം വ്യത്യസ്‌ത രുചികളിൽ മേശമേൽ നിരന്നു. വിദ്യാലയത്തിൽ കുട്ടികൾ നടത്തിയ സർവേയിൽ മാസങ്ങളായി ഇലക്കറി കഴിക്കാത്ത കുട്ടികളുണ്ടെന്ന കണ്ടെത്തലും ഇലക്കറി മേളയുടെ സംഘാടനത്തിന് കാരണമായി. മദർ പി ടി എയും ഇക്കോ ക്ലബ്ബും ചേർന്നാണ് ഇലക്കറി മേള ഒരുക്കിയത്.
കുട്ടികൾക്കൊപ്പം അതിഥികളും രക്ഷിതാക്കളും അധ്യാപകരും ഇലക്കറി വിഭവങ്ങൾ രുചിച്ചറിഞ്ഞു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി വി മുഹമ്മദ് അസ്ലം മേള ഉദ്ഘാടനം ചെയ്‌തു. വനമിത്ര പുരസ്‌കാര ജേതാവ് കെ വി കൃഷ്‌ണപ്രസാദ് വൈദ്യർ ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. പ്രഥമാധ്യാപകൻ എ ലുക്‌മാൻ, മദർ പി ടി എ പ്രസിഡൻ്റ് കെ എം ഫൗസിയ, ഇക്കോ ക്ലബ്ബ് കോഡിനേറ്റർ പി വേണുഗോപാലൻ എന്നിവർ നേതൃത്വം നൽകി.
ഭക്ഷണത്തിൽ വേണം ഇലക്കറികൾ
മുതിർന്നവർ ദിവസേന 125 ഗ്രാം ഇലക്കറികൾ കഴിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു.
ഏതു കാലാവസ്ഥയിലും ഏതു പ്രദേശത്തും സമൃദ്ധമായി വളരുന്ന ഇലക്കറികൾ പോഷക മേന്മയിലും ഉൽപാദന ശേഷിയിലും മറ്റു പച്ചക്കറികളെക്കാള്‍ മുന്നിലാണ്. വിറ്റാമിൻ എ ആയി രൂപാന്തരപ്പെടുന്ന കരോട്ടീനിന്‍റെ സമൃദ്ധ സ്രോതസാണ് ഇല ഭക്ഷണം.
കൂടിയാലും കുഴപ്പം
ഇലക്കറികള്‍ ദിവസം 120 ഗ്രാമിനു മേൽ കഴിക്കുന്നതു ശരീരത്തിനു ദോഷം ചെയ്‌തേക്കാം. വൃക്ക രോഗികൾ ഡോക്‌ടറുടെ നിർദേശമനുസരിച്ചു മാത്രമേ ഇവ പതിവായി കഴിക്കാവൂ. രക്ത ദൂഷ്യമകറ്റാൻ മരുന്ന് കഴിക്കുന്നവരും ശ്രദ്ധിക്കണം. ഇവയിലടങ്ങുന്ന വൈറ്റമിൻ കെ രക്തം കട്ടപിടിക്കാന്‍ കാരണമാകും.