ന്യൂഡല്‍ഹി : പ്രമുഖ ബേബി ഫുഡ് നിര്‍മാതാക്കളായ നെസ്‌ലെ, ഇന്ത്യ ഉള്‍പ്പടെയുള്ള ഏതാനും രാജ്യങ്ങളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. സ്വിസ് എൻജിഒ പബ്ലിക് ഐ ആൻഡ് ഇന്‍റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷൻ നെറ്റ്‌വര്‍ക്ക് (IBFAN) ആണ് ഇക്കാര്യം പുറത്തുവിട്ടത്. താഴ്‌ന്നതോ ഇടത്തരമോ വരുമാനമുള്ള തെക്ക് ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളിലാണ് നെസ്‌ലെ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, യൂറോപ്യൻ രാജ്യങ്ങളായ ജര്‍മനി, യുകെ എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന ഉത്പന്നങ്ങളില്‍ കമ്പനി പഞ്ചസാര ഇത്തരത്തില്‍ ചേര്‍ക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സെര്‍ലാക്, ലാക്‌ടോജൻ എന്നിവയാണ് ഇന്ത്യയില്‍ പ്രധാനമായും വിറ്റുപോകുന്ന നെസ്‌ലെ ഉത്പന്നങ്ങള്‍. ഇന്ത്യൻ വിപണിയില്‍ 2022ല്‍ സെര്‍ലാക് ഉത്പന്നങ്ങളുടെ മാത്രം വില്‍പ്പന 20000 കോടിക്ക് മുകളിലായിരുന്നുവെന്നാണ് കണക്കുകള്‍.
ഇന്ത്യൻ വിപണിയില്‍ വില്‍പ്പന നടത്തുന്ന സെര്‍ലാക് ഉത്പന്നങ്ങളില്‍ മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലിലും മറ്റ് ധാന്യ ഉത്പന്നങ്ങളിലും പഞ്ചസാരയും തേനും ചേര്‍ക്കുന്നത് മൂലം കുഞ്ഞുങ്ങളില്‍ അമിതവണ്ണത്തിനും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇവ തടയുന്നതിന് വേണ്ടിയുള്ള അന്താരാഷട്ര മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് നെസ്‌ലെ തങ്ങളുടെ ഉത്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ബ്രസീലിലും ഇന്ത്യയിലേതിന് സമാനമായി നെസ്‌ലെ ഉത്പന്നങ്ങളില്‍ മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ക്കുന്നതായാണ് കണക്ക്. ദക്ഷിണാഫ്രിക്കയില്‍ ഇത് നാല് ഗ്രാമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എത്യോപ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ വില്‍ക്കുന്ന ഉത്പന്നങ്ങളില്‍ ആറ് ഗ്രാം പഞ്ചസാര അടങ്ങിയതായാണ് കണ്ടെത്തല്‍.
അതേസമയം, റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി നെസ്‌ലെ ഇന്ത്യ രംഗത്ത് എത്തി. ബേബി ഫുഡ് ഉത്പന്നങ്ങളില്‍ ചേര്‍ത്തിരുന്ന പഞ്ചസാരയുടെ അളവ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വേരിയൻ്റുകളെ ആശ്രയിച്ച് 30 ശതമാനത്തിലധികം കുറച്ചതായാണ് കമ്പനിയുടെ വിശദീകരണം. ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുക എന്നത് തങ്ങള്‍ മുൻഗണന നല്‍കുന്ന വിഷയമാണെന്നും അത് അനുസരിച്ച് വേണ്ട മാറ്റങ്ങള്‍ കഴിഞ്ഞ കാലയളവില്‍ സ്വീകരിച്ചിട്ടുണ്ടെന്നും നെസ്‌ലെ ഇന്ത്യ വക്താവ് അറിയിച്ചു.
Also Read : സ്‌കൂളുകളിലെ 'ആരോഗ്യ വിദ്യാഭ്യാസം'; ഭാവിയിലേക്കുള്ള അടിത്തറ... - Schooling For Health
ഗുണനിലവാരം, സുരക്ഷ, രുചി എന്നീ കാര്യങ്ങളില്‍ വിട്ടുവീഴ്‌ചകള്‍ ഒന്നും ചെയ്യാതെ തന്നെ ഉത്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിന് അവ നവീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ് തുടങ്ങിയ പോഷക ആവശ്യകതകളുടെ ഉചിതമായ വിതരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ശിശു ധാന്യ ഉത്പന്നങ്ങള്‍ നിർമ്മിക്കുന്നത്. ഇവയുടെ പോഷക ഗുണമേന്മയില്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറല്ലെന്നും നെസ്‌ലെ ഇന്ത്യ വക്താവ് വ്യക്തമാക്കി.